| Sunday, 7th October 2018, 8:22 pm

മാവോയിസ്റ്റുകളെ മൂന്നുവര്‍ഷം കൊണ്ട് ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കും: രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഇന്ത്യയിലെ മാവോയിസ്റ്റ് തീവ്രവാദത്തെ മൂന്നുകൊല്ലം കൊണ്ട് ഇല്ലായ്മ ചെയ്യുമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്ത് 126 നക്‌സല്‍ ബാധിത ജില്ലകളുണ്ടായിരുന്നെങ്കില്‍ ഇന്നത് പത്തോ പന്ത്രണ്ടോ ആയി ചുരുങ്ങിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസിന്റെയും സി.ആര്‍.പി.എഫിന്റെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇതു സാധ്യമാകൂവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ലക്‌നൗവില്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും എന്നാല്‍ ചില യുവാക്കള്‍ വഴി തെറ്റി തീവ്രവാദത്തിലകപ്പെട്ടിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഈ വര്‍ഷം 131 മാവോയിസ്റ്റുകളെ സി.ആര്‍.പി.എഫ് വധിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 1278 പേരെ പിടികൂടുകയും 58 പേരെ കീഴടങ്ങാനനുവദിച്ചെന്നും മന്ത്രി പറഞ്ഞു.

സി.ആര്‍.പി.എഫിന്റെ ഭാഗമാണ് റാപിഡ് ആക്ഷന്‍ ഫോഴ്‌സ്. പതിനായിരം പേരടങ്ങുന്നതാണ് ഒരു ബറ്റാലിയന്‍. നിലവില്‍ ഹൈദരാബാദ്, അഹമ്മദാബാദ്, അലഹബാദ്, മുംബൈ, ഡല്‍ഹി, അലിഗഢ്, കോയമ്പത്തൂര്‍, ജംഷഡ്പുര്‍, ഭോപ്പാല്‍, മീററ്റ് എന്നിവിടങ്ങളിലായി 10 റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ ബറ്റാലിയനുകള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more