| Monday, 31st December 2018, 2:57 pm

ബീഹാറില്‍ ബി.ജെ.പി എം.എല്‍.എയുടെ അമ്മാവനെ വധിച്ചത് 7 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതിന്: മാവോയിസ്റ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഔറംഗാബാദ്: ബീഹാര്‍ ബി.ജെ.പി എം.എല്‍.എ രാജന്‍ കുമാര്‍ സിങ്ങിന്റെ വീടാക്രമിച്ച് അദ്ദേഹത്തിന്റെ അമ്മാവനെ വധിച്ചത് എം.എല്‍.എ നോട്ടുനിരോധനത്തിന്റെ സമയത്ത് പണം വാങ്ങി പറ്റിച്ചതിനെന്ന് മാവോയിസ്റ്റുകള്‍. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ശേഷം വിതരണം ചെയ്ത ലഘുലേഖയിലാണ് ഇക്കാര്യം ആരോപിക്കുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

നിരോധിച്ച നോട്ടുകള്‍ മാറ്റി കൊടുക്കാന്‍ എം.എല്‍.എയും ബന്ധുവും തങ്ങളില്‍ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നാണ് മാവോയിസ്റ്റുകള്‍. ആരോപിക്കുന്നത്.

വീടാക്രമിച്ച സംഘം എം.എല്‍.എയുടെ 55കാരനായ അമ്മാവന്‍ നരേന്ദ്ര സിങ്ങിനെ വെടിവെച്ചു കൊല്ലുകയും പത്ത് വാഹനങ്ങള്‍ക്കും വീടിനും തീയിട്ടിരുന്നു.

200 അംഗസംഘമാണ് വീടാക്രമിക്കാന്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ സുരക്ഷാസേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ സത്യപ്രകാശ് പറഞ്ഞു.

ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുന്ന സ്ഥലങ്ങളില്‍ കാരണം വ്യക്തമാക്കി നോട്ടീസുകള്‍ വിതരണം ചെയ്യാറുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ലഘുലേഖയിലെ ആരോപണങ്ങള്‍ എം.എല്‍.എ തള്ളിയിട്ടുണ്ട്. പക്ഷെ ഈ ആരോപണങ്ങളെ പൊലീസ് തള്ളിക്കളയുന്നില്ല.

We use cookies to give you the best possible experience. Learn more