| Saturday, 13th April 2019, 5:23 pm

മാവോയിസ്റ്റ് ഭീഷണി: സുരക്ഷാ ഉദ്യോഗസ്ഥനെ ആവശ്യമില്ലെന്ന് പി.പി സുനീര്‍; കൂടുതല്‍ സംരക്ഷണമൊരുക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: മാവോയിസ്റ്റുകളുടെ വധഭീഷണിയെ ഭയക്കുന്നില്ലെന്ന് വയനാട്ടിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.പി സുനീര്‍. തനിക്ക് ഗണ്‍മാന്റെ സുരക്ഷ ആവശ്യമില്ലെന്ന് അറിയിച്ചതായും സുനീര്‍ പറഞ്ഞു. അതേസമയം കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.

തന്നെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോഴുള്ള സുരക്ഷ പോര. അതിനാല്‍ കൂടുതല്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് തുഷാര്‍ സംസ്ഥാനസര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.

സുനീറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. വയനാട്ടിലെ സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോകാനോ ആക്രമണം നടത്താനോ ആണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇന്റലിജന്‍സ് വകുപ്പ് പറയുന്നത്. വനത്തോട് അടുത്ത് കിടക്കുന്ന ഭാഗങ്ങളില്‍ പ്രചാരണം നടത്തുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍
പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഗണ്‍മാനെ നിയോഗിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട്ടില്‍ വിവിധയിടങ്ങളിലായി തുടര്‍ച്ചയായി മാവോവാദി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more