മഞ്ചേരി: മാവോവാദിനേതാവ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കിയതിനിടെ ഇയാളെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു.
കരിപ്പൂര്‍ സ്വദേശികളായ ദീപേഷ്(29), സുമേഷ്(30), പ്രജേഷ്(23), സന്തോഷ് എന്നിവര്‍ക്കെതിരേയാണ് മഞ്ചേരി പോലിസ് കേസെടുത്തത്.
2010ല്‍ നിലമ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മഞ്ചേരി കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് രൂപേഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.
അമരമ്പലം കവളമുക്കട്ടയിലെ കാളിയമ്മയുടെ വീട്ടില്‍ സി.പി.ഐ മാവോയിസ്റ്റ് നേതാവായ തൃശൂര്‍ പെരിങ്ങോട്ടുകര തെക്കിനിയത്ത് രൂപേഷ് എത്തുകയും സംഘടനാ പ്രവര്‍ത്തനം നടത്തുകയും ലഘുലേഖ, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്തുവെന്നുമാണ് കേസ്.
ഇയാളെ പിന്നീട് ആഭ്യന്തരസുരക്ഷാ വിഭാഗത്തിന് (ഐ.എസ്.ഐ.ടി) മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വിട്ടുനല്‍കി.
ഇന്നലെ രണ്ടര മണിയോടെയാണ് രൂപേഷിനെ സായുധ പോലീസിന്റെ കാവലില്‍ മഞ്ചേരി കോടതിയിലെത്തിച്ചത്.
ഐഎസ്‌ഐടി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ ഇസ്മായീലിന്റെ നേതൃത്വത്തിലാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. രൂപേഷിനൊപ്പം തണ്ടര്‍ബോള്‍ട്ട് സംഘവും കാഴ്ചക്കാരും എത്തിയതോടെ കോടതി വളപ്പില്‍ ജനം തിങ്ങിനിറഞ്ഞു.
മാവോയിസം ഭീകരവാദമല്ല, പശ്ചിമഘട്ട പോരാട്ടം അവസാനിക്കുന്നില്ല, കൊലമരങ്ങള്‍ക്കും തടവറകള്‍ക്കും വിപ്ലവകാരികളെ അടിച്ചമര്‍ത്താനാവില്ല, ആദിവാസികള്‍ക്ക് ഭൂമിയും പട്ടയവും നല്‍കുക, അട്ടപ്പാടി പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍,
ഏറനാട്ടിലെ മാപ്പിള പോരാളി ആലിമുസ്ല്യാര്‍ക്ക് അഭിവാദ്യങ്ങള്‍, അഴിമതിക്കാരായ ഭരണാധികാരികളെ ജനകീയ കോടതി മുമ്പാകെ ഹാജരാക്കുക തുടങ്ങിയ മുദ്രാ വാക്യങ്ങള്‍ മുഴക്കി വാഹനത്തില്‍ നിന്നിറങ്ങിയ രൂപേഷ് അഭിഭാഷകനില്ലാതെയാണ് കോടതിയിലെത്തിയത്.
കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി നവംബര്‍ 13ന് വൈകീട്ട് അഞ്ചു വരെയാണ് ജില്ലാ സെഷന്‍സ് ജഡ്ജി കൂടിയായ എന്‍.ജെ ജോസ് രൂപേഷിനെ കോഴിക്കോട് ഇന്റേണല്‍ സെക്യൂരിറ്റി ഡി.വൈ.എസ്.പി ഇസ്മയിലിന് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
കേരളത്തില്‍ മാത്രം രൂപേഷിനെതിരെ ഇരുപതിലധികം കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 16 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതാണ്.
കേരള, കര്‍ണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ സംയുക്ത പൊലീസ് സേന 2015 മെയ് 4ന് കോയമ്പത്തൂരില്‍ വെച്ചാണ് രൂപേഷിനെയും ഭാര്യ ഷൈനിയെയും പിടികൂടുന്നത്. മലയാളിയായ അനൂപ് ഉള്‍പ്പെടെ അഞ്ചുപേരാണ് അന്ന് കസ്റ്റഡിയിലായത്.