Daily News
2008ലെ പൊലീസ് ക്യാമ്പ് ആക്രമണം; മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡെയെ കുറ്റവിമുക്തനാക്കി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 29, 04:38 am
Wednesday, 29th March 2023, 10:08 am

ഭുവനേശ്വര്‍: 2008ലെ നയാഗര്‍ പൊലീസ് ക്യാമ്പ് ആക്രമണക്കേസില്‍ മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡെയെ കുറ്റവിമുക്തനാക്കി നയാഗര്‍ കോടതി വിധി പുറപ്പെടുവിച്ചു. പാണ്ഡെയടക്കം മൂന്ന് മാവോയിസ്റ്റ് നേതാക്കളെയാണ് ആക്രമണത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നയാഗര്‍ ജില്ലാ കോടതി കുറ്റവിമുക്തനാക്കിയതെന്ന് ഒഡീഷ ബൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സബ്യസാചിയോടൊപ്പം അറസ്റ്റിലായിരുന്ന പ്രതാപ് കിമ്പിക, മഞ്ജുലത മുദുലി എന്നിവരെയാണ് തെളിവിന്റെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അമിയ പട്‌നായിക് പറഞ്ഞു. കേസില്‍ ക്രൈം ബ്രാഞ്ച് ഹാജരാക്കിയ 51 ഓളം തെളിവുകള്‍ നിലനില്‍ക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചതായും ഒഡീഷ ബൈറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2008 ഫെബ്രുവരി 15ന് ഒഡീഷയിലെ നയാഗര്‍ ജില്ലയിലെ പൊലീസ് റിസര്‍വ് ക്യാമ്പിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 13 പൊലീസുകാരും ഒരു സിവിലിയനും കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വനിതകളുള്‍പ്പെട്ട 100 ഓളം വരുന്ന മാവോയിസ്റ്റ് സംഘം ഒരേ സമയം നയാഗറിലെയും ദസ്പുല്ലയിലെയും പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

സബ്യസാചി പാണ്ഡെ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിക്ക് എഴുതിയ കത്ത് ഡൂള്‍ ന്യൂസില്‍ വായിക്കാം

പൊലീസ് ക്യാമ്പില്‍ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കടത്തികൊണ്ട് പോവുകയും പൊലീസ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിച്ചാണ് സബ്യസാചി പാണ്ഡെയെ ബെര്‍ഹാം പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി കൊണ്ട് നയാഗര്‍ ജില്ലാ കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

2014 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സബ്യസാചി പാണ്ഡെക്കെതിരെ 134 ഓളം കേസുകളാണ് രാജ്യത്താകമാനം നിലവിലുള്ളത്. ഇതില്‍ 57 എണ്ണത്തിലും അദ്ദേഹത്തിന് പങ്കില്ലെന്നുകണ്ട് കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നു ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Maoist leaer sabhya sachi pande is not guilty in 2008 attack