| Saturday, 19th September 2020, 8:45 pm

യു.എ.പി.എക്കെതിരെയുള്ള സി.പി.ഐ.എം ക്യാംപെയ്‌നില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ടോ? സീതാറാം യെച്ചൂരിക്ക് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.എ.പി.എ നിയമത്തിലെ സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കത്ത്. യു.എ.പി.എയില്‍ സി.പി.ഐ.എം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് രൂപേഷിന്റെ കത്ത്. യു.എ.പി.എക്കെതിരെയുള്ള സി.പി.ഐ.എം ക്യാംപെയ്‌നില്‍ നിന്നും കേരളത്തെ ഒഴിവാക്കിയിരിക്കുകയാണോയെന്ന് രൂപേഷ് ചോദിക്കുന്നു.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സീതാറാം യെച്ചൂരിക്കെതിരെ യു.എ.പി.എ ചുമത്താന്‍ സാധ്യതയുണ്ടെന്ന് പുറത്തുവന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് രൂപേഷ് കത്തെഴുതിയിരിക്കുന്നത്. അഖിലേന്ത്യ തലത്തില്‍ യു.എ.പി.എക്കെതിരെയുള്ള സി.പി.ഐ.എം ക്യാംപെയ്‌നില്‍ സംശയം പ്രകടിപ്പിച്ച രൂപേഷ് ക്യാംപെയ്‌നില്‍ പറയുന്ന നിലപാടുകളില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ കാര്യങ്ങളെന്നും വ്യക്തമാക്കി.

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍, താഹ എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവം, യു.എ.പി.എ അടക്കം ചുമത്തപ്പെട്ട കേസുകളിലെല്ലാം ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ദിവസം തന്നെ മറ്റൊരു കേസ് ചുമത്തി മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഡാനിഷിനെ കേരള പൊലീസ് വീണ്ടും അറസ്റ്റ് ചെയ്ത സംഭവം എന്നിവ ചൂണ്ടിക്കാട്ടിയാണ് രൂപേഷ് കത്തെഴുതിയിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും തനിപ്പകര്‍പ്പാവുകയാണെന്നും രൂപേഷ് പറഞ്ഞു.

യു.എ.പി.എയുടെ തുടക്കം ബ്രിട്ടീഷ് ഇന്ത്യയിലെ റൗളറ്റ് ആക്ടിലാണെന്ന് പറയുന്ന കത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഏറ്റവും നിഷ്ഠൂരമായ നിയമമാണ് ഇതെന്നും പറയുന്നു. 2019ലെ ഭേദഗതിയോടെ യു.എ.പി.എ കൂടുതല്‍ ഭീകരമായെന്നും രൂപേഷ് ചൂണ്ടിക്കാട്ടി.

യു.എ.പി.എക്കെതിരെ സി.പി.ഐ.എം ആരംഭിച്ച ക്യാംപെയ്ന്‍ രാഷ്ട്രീയ തടവുകാര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും എന്നാല്‍ കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ യു.എ.പി.എയെ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

2008ല്‍ യെച്ചൂരി രാജ്യസഭാംഗമായിരിക്കെ യു.എ.പി.എയില്‍ ഉള്‍പ്പെടുത്തിയ 45ാം വകുപ്പ് ദുര്‍ബലമാക്കാനുള്ള ഗൂഢനീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും രൂപേഷ് ആരോപിച്ചു. തനിക്കെതിരെ ചുമത്തിയ യു.എ.പി.എ കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ആരോപണമുന്നയിക്കുന്നത്.

സെക്ഷന്‍ 45 പ്രകാരം യു.എ.പി.എ ചുമത്തണമെങ്കില്‍ ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ അനുമതി വേണം. യു.എ.പി.എയുടെ പക്ഷപാതപരമായ ഉപയോഗത്തിന് തടയിടാന്‍ വേണ്ടിയായിരുന്നു ഈ സെക്ഷന്‍ ഉള്‍പ്പെടുത്തിയത്. തനിക്ക് എതിരെയുള്ള മൂന്ന് കേസുകളില്‍ ഈ നിബന്ധന പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി കേസില്‍ നിന്നും മോചിപ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകുകയായിരുന്നെന്ന് രൂപേഷ് വ്യക്തമാക്കി. സുപ്രീം കോടതിയില്‍ പോകുന്നതിനായി സര്‍ക്കാര്‍ വന്‍ തുക ചെലവഴിച്ച് സ്വകാര്യവക്കീലിനെ വെച്ചുവെന്നും രൂപേഷ് ആരോപിച്ചു.

മഹാരാഷ്ട്രയില്‍ നടപ്പിലാക്കിയ മക്കോക്ക (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) നിയമം കേരളത്തിലും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പത്രങ്ങളില്‍ വായിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത്തരം നിയമങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന സി.പി.ഐ.എം കേരളത്തിലെത്തുമ്പോള്‍ ഇവയെ അനുകൂലിക്കുന്നത് എന്തുകൊണ്ടാണെന്നും രൂപേഷ് ചോദിക്കുന്നു.

നിലവില്‍ അതീവസുരക്ഷാ സെല്ലില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുകയാണ് രൂപേഷ്. 2015ല്‍ തമിഴ്‌നാട്ടില്‍ വെച്ചായിരുന്നു രൂപേഷ് അറസ്റ്റിലായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlighting: Maoist Leader Roopesh writes to Sitaram Yechuri on CPIM’s double standard on UAPA

We use cookies to give you the best possible experience. Learn more