| Monday, 25th February 2019, 5:48 pm

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയ്ക്ക് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി പൂനെ യേര്‍വാഡ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയ്ക്ക് (അജിത്) ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

100000 രൂപയുടെ ആള്‍ജാമ്യവും കൂടാതെ എല്ലാമാസവും ഒന്നാം തീയതിയും പതിനാറാം തീയതി പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നിവയാണ്  ഉപാധികള്‍.  എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചതിനെത്തുടര്‍ന്ന് പ്രോസിക്യൂഷന് അതിനുവേണ്ടി സമയം അനുവദിച്ചിട്ടുണ്ട്. നാലാഴ്ചയാണ് അനുവദിച്ചത്. അതുവരെ മോചനം സാധ്യമാകില്ലെന്നാണ് സൂചന.

ചികിത്സയടക്കം നിഷേധിച്ച് മുരളി കണ്ണമ്പള്ളിയെ വിചാരണ തടവിലിടുന്നതിനെതിരെ നോംചോംസ്‌കി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം  ജസ്റ്റിസ് ഫോര്‍ മുരളി കൂട്ടായ്മ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സടക്കം പങ്കെടുക്കുകയും ചെയ്തിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷം മെയ് 8നാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയെ അറസ്റ്റ് ചെയ്യുന്നത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല.

അന്തര്‍ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനെ മാതൃകയാക്കി മാവോയിസ്റ്റുകള്‍ രൂപീകരിച്ച റെവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റിന്റെ മുഖപത്രമായ “എ വേള്‍ഡ് ടു വിന്‍” എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു മുരളി കണ്ണമ്പള്ളി.

അജിത് എന്ന പേരില്‍ മാവോയിസ്റ്റ് വൃത്തങ്ങളില്‍ അറിയപ്പെടുന്ന ഇദ്ദേഹം  ഭൂമി ജാതി ബന്ധനം എന്നതുള്‍പ്പടെയുള്ള നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിരുന്നു.

ഏറണാകുളം ഇരമ്പനം സ്വദേശിയാണ് മുരളി കണ്ണമ്പിള്ളി 1970 മുതല്‍ സി.പി.ഐ.എം.എല്‍ പ്രസ്ഥാനത്തിന്റെ നേതൃ നിരയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ നക്സല്‍ മൂവ്മെന്റിന്റെ ഭാഗമായി. കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളജ് (ആര്‍ഇസി) വിദ്യാര്‍ഥിയായിരുന്ന മുരളി പഠനം പൂര്‍ത്തിയാക്കാതെ നാടുവിടുകയായിരുന്നു.

പിന്നീട് 1980 കളില്‍ നക്സല്‍ പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ വേണു വിഭാഗത്തിനൊപ്പം നിന്നു. വേണു പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് മാവോയിസ്റ്റ് യൂണിറ്റ് സെന്റര്‍ രൂപീകരിച്ചു.

പോരാട്ടം, അയ്യങ്കാളിപ്പട തുടങ്ങിയ സംഘടനകളുടെ നിയന്ത്രണം ഇദ്ദേഹത്തിനായിരുന്നു.അടിയന്തരാവസ്ഥ കാലത്ത് കൊലചെയ്യപ്പെട്ട രാജന്റെ സഹപാഠിയായിരുന്നു.

1976ലെ കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നു ആരോപണമുണ്ടായിരുന്നു.എറണാകുളത്തെ കണ്ണമ്പിള്ളി കുടുംബാംഗമായ മുരളിയുടെ പിതാവ് ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണറായിരുന്നു.

40 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. പോലീസിന്റെ പക്കല്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഇല്ലാത്തതാണ് ഒളിവില്‍ കഴിയാന്‍ അദ്ദേഹത്തെ സഹായിച്ചിരുന്നത്

We use cookies to give you the best possible experience. Learn more