| Friday, 2nd August 2024, 11:28 am

മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്‍ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്‍ പൊലീസ് അറസ്റ്റിൽ. ആലപ്പുഴയില്‍ നിന്നാണ് സി.പി. മൊയ്തീനെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച രാത്രി ബസില്‍ സഞ്ചരിക്കുന്നതിനിടെയാണ് മൊയ്തീന്‍ പിടിയിലായത്.

ഭീകര വിരുദ്ധ സ്‌ക്വാഡായ എ.ടി.എസ് ആണ് ആലപ്പുഴയില്‍ നിന്ന് മൊയ്തീനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എ.ടി.എസ് ഇതുവരെ പുറത്തുവിട്ടില്ല. യു.എ.പി.എ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ സി.പി. മൊയ്തീന്‍ കബനീദളം വിഭാഗത്തിന്റെ നേതാവാണ്.

ഇയാള്‍ക്കെതിരെ എ.ടി.എസ് തിരിച്ചറിയല്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. വയനാട്ടിലെ കാടുകളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന ശക്തമാക്കിയതിന് പിന്നാലെയാണ് സി.പി. മൊയ്തീന്‍ അറസ്റ്റിലാകുന്നത്. പരിശോധന ശക്തമായതോടെ വയനാട്ടില്‍ നിന്ന് മൊയ്തീന്‍ ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകള്‍ ജില്ല വിട്ടിരുന്നു. എന്നാല്‍ സി.പി. മൊയ്തീന്‍ സംസ്ഥാനം വിട്ട് പോയിരുന്നില്ല.

2019ല്‍ ലക്കിടിയില്‍ റിസോര്‍ട്ടിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിന്റെ സഹോദരനാണ് സി.പി. മൊയ്തീന്‍.

Content Highlight: Maoist leader C.P. Moiteen is under arrest

We use cookies to give you the best possible experience. Learn more