|

മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം; നീതി തേടി കുടുംബം സമരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈത്തിരി: വയനാട് ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ മരിച്ചിട്ട് നാല് വര്‍ഷം തികയുമ്പോള്‍ നീതി തേടി കുടുംബം സമരത്തിനറങ്ങുന്നു. പൊലീസിന്റെ വ്യാജ ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് മജിസ്റ്റീരിയല്‍ അന്വേഷണം നടന്നതെന്നും ആരോപിച്ചാണ് കുടുംബം സമരത്തിനിറങ്ങുന്നത്.

മാര്‍ച്ച് പകുതിയോടെ കളക്ടറേറ്റ് പടിക്കല്‍ സമരമാരംഭിക്കാനാണ് തീരുമാനമെന്ന് ജലീലിന്റെ സഹോദരന്‍ സി.പി. റഷീദ് പറഞ്ഞു. ഇതിന്റെ ഭാഗമായി മാര്‍ച്ച് ആറിന് മലപ്പുറം പാണ്ടിക്കാട് വെച്ച് ജലീല്‍ അനുസ്മരണ പൊതുയോഗം നടക്കും. വ്യാജ ഏറ്റുമുട്ടല്‍ കൊലകളും നിയമ വാഴ്ചയും എന്ന വിഷയത്തില്‍ സിമ്പോയിസവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി. ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡ്യൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോര്‍ട്ട് കാണാം.

2019 മാര്‍ച്ച് ആറിനാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. ജലീല്‍ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്.

രാത്രിയോടെ റിസോര്‍ട്ടില്‍ എത്തിയ ജലീലിനൊപ്പം മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നതായാണ് വിവരം. റിസോര്‍ട്ടിലെ ജീവനക്കാരോട് പണവും ഭക്ഷണവും ആവശ്യപ്പെട്ടെന്നും ഇതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചെന്നുമാണ് സ്ഥാപനമുടമ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ തണ്ടര്‍ബോള്‍ട്ട് അംഗങ്ങളും ആന്റി നക്‌സല്‍ സ്‌ക്വാഡിനും നേരെ സി.പി. ജലീല്‍ നിറയൊഴിച്ചെന്നും ആത്മരക്ഷാര്‍ത്ഥം പൊലീസ് തിരിച്ചടിച്ചെന്നുമാണ് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്.

എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളി കുടുംബാംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും രംഗത്ത് വന്നു. ആസൂത്രിതമായി നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലയിലൂടെ പൊലീസ് ജലീലിനെ വധിച്ചെന്നാണ് ഉയര്‍ന്ന് വന്ന ആരോപണം. ഫോറന്‍സിക് പരിശോധന ഫലം കണക്കിലെടുക്കാതെ നടത്തിയ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

ഇതിനായി നല്‍കിയ കേസും ഇത് വരെ തീര്‍പ്പായിട്ടില്ല. സി.പി. ജലീലിന്റെ കേസില്‍ കോടതി ആവശ്യപ്പെട്ട വിശദീകരണം വയനാട് ജില്ലാ കളക്ടര്‍ നല്‍കാത്തതും കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദത്തിന് ആക്കം കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിന് കുടുംബം ഒരുങ്ങുന്നത്. റിസോര്‍ട്ട് ഉടമയും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് സി.പി. ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് കുടുംബം പറയുന്നത്.

കേസ് ഏറ്റെടുത്തടുത്ത് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിന് ഇത് വരെ കുറ്റപത്രം സമര്‍പ്പിക്കാത്തതും കുടുംബത്തിന്റെ വാദം സാധൂകരിക്കുന്നുണ്ട്.

കൊല്ലപ്പെട്ട ജലീലിന്റെ പക്കല്‍ നിന്നും കണ്ടെടുത്ത തോക്കില്‍ നിന്ന് നിറയൊഴിച്ചതിന്റെ യാതൊരു തെളിവും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ജലീലിന്റെ വലതു കയ്യില്‍ നിന്ന് ശേഖരിച്ച സാമ്പിളില്‍ നിന്ന് വെടിമരുന്നിന്റെ അംശം കണ്ടെത്താനും പൊലീസിനായിട്ടില്ല.

അത് കൊണ്ട് തന്നെ കീഴടങ്ങിയ ജലീലിനെ പിടിച്ച് കൊണ്ട് പോയി റിസോര്‍ട്ടിന് പുറത്തുള്ള കൃത്രിമ പാറക്കെട്ടിന് സമീപത്ത് വെച്ച് പൊലീസ് വെടിവെച്ച് കൊന്നെന്നാണ് പറയപ്പെടുന്നത്.

2019 മാര്‍ച്ച് 11നാണ് കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവാകുന്നത്. അന്നത്തെ വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിനായിരുന്നു അന്വേഷണ ചുമതല. ഫോറന്‍സിക് റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊലീസിന്റെ വാദം സാധൂകരിക്കുന്ന തരത്തിലാണ് അന്നത്തെ ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായയും റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Content Highlight: Maoist leader C.P jaleel’s family protesting against his death