അവാസ്തവങ്ങളില്‍ രമിക്കുന്നവരുടെ ഗവേഷണബുദ്ധി
Details Story
അവാസ്തവങ്ങളില്‍ രമിക്കുന്നവരുടെ ഗവേഷണബുദ്ധി
മുരളി (അജിത് )
Saturday, 28th December 2019, 5:12 pm

തെളിവില്ലായ്മയുടെ കഷണ്ടിയില്‍ ഭാവനകൊണ്ടുള്ള ചരിത്രമെഴുത്ത് എന്ന പി.കെ ബാലകൃഷ്ണന്റെ പ്രസിദ്ധമായ തലകെട്ടാണ് കെ ടി. കുഞ്ഞിക്കണ്ണന്റെ ഡൂള്‍ ന്യൂസിലെ ലേഖനം വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത്. വസ്തുതകളില്‍ നിന്നും സത്യം കണ്ടെത്താനാണ് മാര്‍ക്‌സിസം ആവശ്യപ്പെടുന്നത്. വസ്തുതകളില്‍ നിന്ന് സത്യം കണ്ടെത്തുന്നത് പോകട്ടെ അവാസ്തവങ്ങളായിട്ടുള്ള കുറെ കാര്യങ്ങള്‍ നിരത്തി  തന്റേതായ ആത്മനിഷ്ഠ നിഗമനങ്ങള്‍ സത്യമായി ഘോഷിക്കാനാണ് കുഞ്ഞിക്കണ്ണന്‍ ശ്രമിച്ചിട്ടുള്ളത്.

പരസ്പര വിരുദ്ധമായ വാദഗതികളാണ് ആ ലേഖനത്തില്‍ ഉടനീളം കാണാന്‍ കഴിയുക.  ഒരു വശത്ത് കുഞ്ഞിക്കണ്ണന്‍ പറയുന്നത് ഇരുപത്തിയഞ്ച്  ശതമാനത്തോളം വരുന്ന ഭൂവിസ്തൃതിയില്‍ മാവോയിസ്റ്റുകള്‍ സ്വാധീനം ഉറപ്പിച്ച് കഴിഞ്ഞുവെന്നും മുന്നൂറോളം ജില്ലകള്‍ അവരുടെ സ്വാധീന മേഖലയില്‍ ഉണ്ട് എന്നുമുള്ള സര്‍ക്കാരിന്റെ, ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചാണ്. അത് അവാസ്തവമാണ് എന്ന സൂചനയോട് കൂടിയാണ് കുഞ്ഞിക്കണ്ണന്‍ എഴുതിയിരിക്കുന്നത്. അതെന്തുമാവട്ടെ, കൃത്യമായ ശതമാനക്കണക്കോ, ജില്ലകളുടെ കണക്കോ അല്ല പ്രശ്‌നം.

മധ്യഭാരതത്തിലെ വലിയൊരു മേഖലയില്‍ വര്‍ഷങ്ങളായി, ദശകങ്ങളായി മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ സായുധ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട് എന്നത്, അവ പടിപടിയായി കെട്ടിപ്പടുത്തു കമ്പനി, പ്ലാറ്റൂണ്‍ ശക്തിവരെ എത്തിയിട്ടുണ്ട് എന്നത് കൃത്യമായിട്ടും ഭരണകൂടം തന്നെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. അലഞ്ഞുതിരിയുന്ന ഗറില്ലാ സംഘങ്ങളുടെ ഒറ്റപ്പെട്ട ഭീകരപ്രവര്‍ത്തന രീതിയാണ് ആ സംഘടന പിന്തുടരുന്നത് എങ്കില്‍ എങ്ങനെയാണ് ദശകങ്ങളോളം നീണ്ടുനിന്ന ഈ കേന്ദ്രീകരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാന്‍ കഴിയുക.

കെ.ടി കുഞ്ഞിക്കണ്ണന്‍

അഥവാ അത്തരത്തില്‍ അലഞ്ഞു തിരിയുന്ന ഒരു പ്രവര്‍ത്തനമാണ് അവര്‍ക്ക് ഉണ്ടായിരുന്നത് എങ്കില്‍ ഇത്തരം ഒരു പ്രദേശം ഈ രീതിയില്‍ സായുധ സമരത്തിന്റെ വലിയ ഒരു മേഖലയായി വികസിപ്പിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയുമായിരുന്നു. അതെ പോലെ തന്നെയുള്ള ഒരു വസ്തുതയാണ് ഈ പ്രദേശങ്ങളില്‍ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട്, ആദിവാസി ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട്, ഒട്ടേറെ പ്രക്ഷോഭങ്ങള്‍ അവര്‍ സംഘടിപ്പിച്ചിട്ടുണ്ട് എന്ന വസ്തുത.  അത്തരം ബഹുജന പ്രക്ഷോഭങ്ങളുടെ ഫലമായി വലിയ പ്രദേശങ്ങളില്‍ നിന്ന് വന്‍കിട ഖനന കമ്പനികള്‍ക്ക്, ബഹുരാഷ്ട്രകുത്തകകളും ഇന്ത്യന്‍ കുത്തകകളും ഉള്‍പ്പെടെയുള്ള ഖനന കമ്പനികള്‍ക്ക്, അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടതായി വന്നു എന്നുള്ളതാണ് വസ്തുത.

അതുകൊണ്ടു തന്നെയാണ് മോദി സര്‍ക്കാരിന്റെ ആദ്യ ഭരണ കാലത്തെ, 2014 ല്‍, അവരാദ്യമായി ചെയ്‌തൊരു നടപടി പുതുതായി 40,000  ത്തോളം അര്‍ദ്ധ സൈനിക വിഭാഗങ്ങളെ അവിടങ്ങളില്‍ വിന്യസിക്കുക എന്നുള്ളതായിരുന്നു. ഖനനം ചെയ്തിട്ടുള്ള ഇരുമ്പയിരും മറ്റുമെല്ലാം തന്നെ കടത്തി കൊണ്ട് പോകുന്ന റെയില്‍ മാര്‍ഗ്ഗം സുരക്ഷിതമാക്കാന്‍ വേണ്ടിയായിരുന്നു ഈ വിന്യസിക്കല്‍. അതിന്റെ മുഴുവന്‍ ചിലവും വഹിച്ചത് ഖനന കമ്പനികളാണ്.  കുഞ്ഞിക്കണ്ണന്‍ ആരോപിക്കുന്ന പോലെ രാജ്യത്തിനകത്തും പുറത്തുമുള്ള ഖനന കുത്തകകളുടെ പണം വാങ്ങിച്ചിട്ടാണ് അവരുടെ സഹായത്തോടു കൂടിയാണ് സിപിഐ മാവോയിസ്റ്റ് ആ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ പിന്നെന്തിനാണ് ഈ രീതിയില്‍ ഇത്രയധികം സൈന്യത്തെ അധികമായി വിന്യസിക്കേണ്ടി വരിക? ചുരുക്കത്തില്‍ താന്‍ പറയുന്നതിന് എന്തെങ്കിലുമൊരു അടിസ്ഥാനം വേണമെന്നുള്ള യാതൊരു നിര്‍ബന്ധ ബുദ്ധിയും കുഞ്ഞിക്കണ്ണനില്ല.

ഇതുപോലെ തന്നെയുള്ള മറ്റൊരു കാര്യമാണ്  സിപിഐ മാവോയിസ്റ്റിന്റെ മുന്‍ സെക്രട്ടറി സഖാവ് ഗണപതി ബിബിസിക്ക് നല്‍കിയിരിക്കുന്ന, ഹിന്ദുവിനു നല്‍കിയിരിക്കുന്ന അഭിമുഖത്തില്‍ ജനകീയ യുദ്ധത്തിന്റെ, ഇന്ത്യയിലെ ജനകീയ യുദ്ധത്തിന്റെ, സാര്‍വ്വദേശീയ സഖ്യ ശക്തിയായി മുസ്ലിം തീവ്രവാദികളെ കാണുന്നു എന്ന് പറഞ്ഞതായിട്ടുള്ള കാര്യവും. വസ്തുതാവിരുദ്ധമായിട്ടുള്ള കാര്യമാണത്. സ:ഗണപതി മാത്രമല്ല സിപിഐ മാവോയിസ്റ്റിന്റെ നേതൃത്വനിരയില്‍ ഉള്ള മറ്റുപല സഖാക്കളും എഴുതിയിട്ടുള്ള ലേഖനങ്ങളിലും മറ്റുമൊക്കെ തന്നെ ആഗോളതലത്തില്‍ സാമ്രാജ്യത്വത്തിന്റെയും വിവിധ രാജ്യങ്ങളിലെ ഭരണകൂടത്തിന്റെയും ഒക്കെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച്, അവര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിനെ കുറിച്ച്, അവരെ ശത്രുവായി ചിത്രീകരിച്ചുകൊണ്ടു നടത്തുന്ന ഒറ്റപ്പെടുത്തലിനെ കുറിച്ച് ഒക്കെത്തന്നെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

എസ്. രാമചന്ദ്രപിള്ള

അതിനെതിരെ അവര്‍ നടത്തുന്ന ചെറുത്ത്‌നില്‍പ്പ് ന്യായമാണെന്നും ആ ചെറുത്തുനില്‍പ്പുമായി ഐക്യദാര്‍ഢ്യപ്പെടേണ്ടതുണ്ട് എന്നും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ അതോടൊപ്പം തന്നെ ഒരു ഭീകരവാദ രീതിയില്‍ എവിടെയെങ്കിലുമൊക്കെ ബോംബ് പൊട്ടിച്ചുകൊണ്ട് സാധാരണ ജനങ്ങളെ പോലും അപകടപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനരീതികളെ ശക്തമായ ഭാഷയില്‍ ആ പാര്‍ട്ടി അപലപിച്ചിട്ടുമുണ്ട്.

ഇല്ലാത്ത ഒരു കാര്യമാണ് കുഞ്ഞിക്കണ്ണന്‍ പറയുന്നത് എങ്കില്‍ കുഞ്ഞിക്കണ്ണന്റെ നേതാവ് രാമചന്ദ്രന്‍ പിള്ളയുടെ പ്രസംഗത്തില്‍ അടുത്ത ഒരു പടി കൂടി കടന്ന് യാതൊരു തരത്തിലുള്ള വര്‍ഗ്ഗ വിശകലനവും സിപിഐ മാവോയിസ്റ്റ് നടത്തിയിട്ടില്ല, ഭരണകൂട ഭീകരതയെ മാത്രമാണ് അത് എതിര്‍ക്കുന്നത്. ഇവിടുത്തെ ഭരണവര്‍ഗ്ഗങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല എന്ന് ആരോപിക്കുന്നു.

ഈ പറയുന്ന മുസ്ലിം സംഘടനകളുമായി ഐക്യപ്പെടാനുള്ള ആഗ്രഹത്തില്‍ നിന്നാണ് ഇങ്ങനെ ഭരണകൂട ഭീകരതയെ കുറിച്ച്  മാത്രം പറഞ്ഞുകൊണ്ട് ആക്രമിക്കുന്നത്. അതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. ഇതൊക്കെയാണ് രാമചന്ദ്ര പിള്ള പറയുന്നത്.  സിപിഐ മാവോയിസ്റ്റിനു പാര്‍ട്ടി പരിപാടിയുണ്ട്. അടവും തന്ത്രവും സംബന്ധിച്ച രേഖകളുണ്ട്.  ഇന്ത്യന്‍ ഭരണകൂടത്തെ കുറിച്ചുള്ള അതിന്റെ വര്‍ഗ്ഗ വിശകലനമുണ്ട്. മോദി സര്‍ക്കാര്‍ തടയുന്നതുവരെ വിദേശത്തുള്ള ചില വെബ്ബ്‌സൈറ്റുകളില്‍ ഇവയെല്ലാം ലഭ്യമായിരുന്നു. അപ്പോള്‍ രാമചന്ദ്ര പിള്ള എന്തുകൊണ്ട് ഇങ്ങനെ പറയുന്നു? മേല്‍പറഞ്ഞ രേഖകളെല്ലാം പരിശോധിച്ചിട്ട് അതെന്തുകൊണ്ട് തെറ്റാണെന്നും മറ്റും വാദിച്ചു ഖണ്ഡിക്കാനുള്ള ശ്രമം നടത്തുകയല്ലേ വേണ്ടത്?

ഇങ്ങനെ ഒന്നും ഇല്ലായെന്ന് കണ്ണടച്ച് ഇരുട്ടാക്കി എന്നിട്ടതിനെ അടിസ്ഥാനപ്പെടുത്തി ഒരു നിഗമനത്തില്‍ എത്തുക എന്ന് പറയുമ്പോള്‍ അത് എന്ത് വിശകലന രീതിയാണ്? മാര്‍ക്‌സിസ്റ്റ് വിശകലന രീതിയുടെ കാര്യം മാറ്റിവെച്ചാല്‍ തന്നെ, ഒരു സാമാന്യ വിശകലന രീതി എന്നുള്ള നിലയ്ക്ക് പ്രതിയോഗി പറയുന്ന കാര്യങ്ങളെ കൃത്യമായി വസ്തുതാപരമായിട്ട് ചൂണ്ടിക്കാട്ടി എന്നിട്ടതിനെ ഖണ്ഡിക്കുക എന്നുള്ളതാണല്ലോ ദക്ഷിണേഷ്യയിലെ തന്നെയുള്ള ബുദ്ധിജീവി ചര്‍ച്ചകളുടെയും സംവാദങ്ങളുടെയുമൊക്കെ പാരമ്പര്യം.  ഇവിടെ നേരെവിരുദ്ധമായിട്ടാണ് കാര്യങ്ങള്‍.

ഈ പാര്‍ട്ടി തൊഴിലാളിവര്‍ഗ്ഗത്തെ അവിശ്വസിക്കുന്നു, അതുകൊണ്ട് ആദിവാസികള്‍, ന്യുനപക്ഷങ്ങള്‍, മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ തുടങ്ങിയവരില്‍ വിപ്ലവശക്തി കണ്ടെത്തുന്നു എന്ന് ഇതേ രീതിയുടെ ചുവട്പിടിച്ചാണ് കുഞ്ഞിക്കണ്ണന്‍ പറയുന്നത്. ഈ പറയുന്ന ആദിവാസികള്‍ ന്യുനപക്ഷങ്ങള്‍ മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ എന്നിവരില്‍ ഒക്കെ വിപ്ലവശേഷി കണ്ടെത്തുന്നതാണോ കുഞ്ഞിക്കണ്ണന്റെ അഭിപ്രായത്തില്‍ തെറ്റ്? തൊഴിലാളി വര്‍ഗ്ഗത്തെ വിപ്ലവത്തിനെ നേതൃത്വവര്‍ഗ്ഗമായി മാര്‍ക്‌സിസം മനസ്സിലാക്കുമ്പോള്‍ ഇന്ത്യയെ പോലുള്ള ജനാധിപത്യ വിപ്ലവം നടക്കേണ്ടുന്ന ഒരു രാജ്യത്ത്, അതെപോലെത്തന്നെ സോഷ്യലിസ്റ്റു വിപ്ലവം നടക്കേണ്ടുന്ന ഒരു സാമ്രാജ്യത്വ രാജ്യത്ത്, തൊഴിലാളി വര്‍ഗ്ഗമല്ലാത്ത മറ്റു വര്‍ഗ്ഗങ്ങളെ, അതെപോലെ തന്നെ  സവിശേഷമായ അടിച്ചമര്‍ത്തലനുഭവിക്കുന്ന ജനവിഭാഗങ്ങളെ, അവരിലുള്ള വിപ്ലവശേഷിയെ, എങ്ങനെയാണ് മാര്‍ക്‌സിസ്റ്റുകള്‍ മനസ്സിലാക്കേണ്ടത്? അവര്‍ക്കു വിപ്ലവശേഷിയില്ല, തൊഴിലാളിവര്‍ഗ്ഗത്തിന് മാത്രമേ അതുള്ളൂ എന്നാണ് കുഞ്ഞിക്കണ്ണന്‍ ധരിച്ചിരിക്കുന്നതെങ്കില്‍ ലെനിനെയൊക്കെ ഒന്നുകൂടി എടുത്ത്  വായിച്ച് നോക്കുന്നത് നന്നായിരിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയു.

മാവോയിസ്റ്റുകളുടെ സിദ്ധാന്തവും പ്രയോഗവും പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ കമ്യുണിസ്റ്റുകളുടെ പൊതുഗണത്തില്‍ അവരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല എന്നാണ് കുഞ്ഞിക്കണ്ണന്റെ അഭിപ്രായം. കാരണം ജനാധിപത്യ കേന്ദ്രീകരണത്തിലധിഷ്ഠിതമായ സംഘടനാ സംവിധാനത്തിന് പകരം അതിസൈനികവാദപരമായ സംഘടനാ രീതിയാണ് അവര്‍ക്കുള്ളതെത്രെ. എവിടെ നിന്നാണ് ഈ നിഗമനങ്ങളില്‍ എത്തിയിരിക്കുന്നത്, എന്താണ് അതിന്റെ അടിസ്ഥാനം?

സിപിഐ മാവോയിസ്റ്റിനു ഒരു ഭരണഘടനയുണ്ട്. ആ ഭരണഘടന പ്രകാരം അത് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ വിളിക്കാറുണ്ടോ, അല്ലെങ്കില്‍ അതിന് കീഴെ അത് സമ്മേളനങ്ങള്‍ നടത്താറുണ്ടോ, അതിന്റെ അടിസ്ഥാനത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റികള്‍ അതിനുണ്ടോ, ആ കമ്മറ്റികള്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിലാണോ പ്രവര്‍ത്തിക്കുന്നത് എന്നിങ്ങനെയുള്ള വിഷയങ്ങളൊന്നും തന്നെ പരിശോധിക്കാതെ വീണ്ടും നേരത്തെ നമ്മള്‍ കണ്ടതുപോലെ ഒരു ആരോപണം നടത്തുക എന്നിടത്തില്‍ നിന്നും ഒരു നിഗമനത്തില്‍ എത്തിച്ചേരുക, ഇതാണ് കുഞ്ഞിക്കണന്‍ ചെയ്യുന്നത്.

തീര്‍ച്ചയായും ആ പാര്‍ട്ടി അതിന്റെ നേതൃത്വത്തില്‍ ഒരു സൈന്യം, ഒരു ഗറില്ലാ സൈനൃം, കെട്ടിപ്പടുത്തിട്ടുണ്ട്. ആ കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. പ്രഖ്യാപിച്ചിട്ടുണ്ട്. ആ ഗറില്ലാ സൈന്യത്തെ സംബന്ധിച്ചിടത്തോളം സൈനികമായ സംഘടനാ രീതിയാണ് അതിനുള്ളത്. പക്ഷെ സൈനികവാദപരമായ സംഘടനാ രീതിയല്ല. മറിച്ച് സൈന്യം പാര്‍ട്ടിക്ക് കീഴ്‌പ്പെടണം എന്നുള്ള മാവോയിസത്തിന്റെ അടിസ്ഥാന നിലപാടുകള്‍ തന്നെയാണ് ആ പാര്‍ട്ടി എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്.

ഇതിന്റെ കൂട്ടത്തില്‍ പറയേണ്ടുന്ന മറ്റൊരു കാര്യമാണ് സായുധ സമരത്തെ ഏക സമരരൂപമായി ആ പാര്‍ട്ടി പരിഗണിക്കുന്നു, അങ്ങനെ വാദിക്കുന്നു, അങ്ങനെ നിലപാട് എടുക്കുന്നു എന്ന ആരോപണം. സിപിഐ(എം-എല്‍) പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് അത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടായിരുന്നു എന്നത് വസ്തുതാപരമാണ്. ശരിയാണ്. എന്നാല്‍ അതൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുത്തിയിട്ടുണ്ട്. അതിനുശേഷം പല തരത്തിലുള്ള ബഹുജനപ്രക്ഷോഭങ്ങള്‍ മാവോയിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലും പല സമയങ്ങളില്‍ അതിലേക്കു ലയിച്ചു ചേര്‍ന്ന വ്യത്യസ്ത പാര്‍ട്ടികളുടെ നേതൃത്വത്തിലും ഒക്കെ നടന്നിട്ടുണ്ട്. ലയനത്തിലൂടെ സിപിഐ മാവോയിസ്റ്റ് രൂപം കൊള്ളുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട അതില്‍ ലയിച്ചു ചേര്‍ന്ന രണ്ടു പ്രമുഖ പാര്‍ട്ടികളായ മാവോയിസ്റ്റ് കമ്യുണിസ്റ്റ് സെന്ററിന്റെയും പീപ്പിള്‍സ് വാറിന്റെയും ഒക്കെ നേതൃത്വത്തില്‍ ശക്തമായ ഭൂപ്രക്ഷോഭങ്ങള്‍, അതും ലക്ഷക്കണക്കിന് ബഹുജനങ്ങളെ അണിനിരത്തിയ, വര്‍ഷങ്ങള്‍ നീണ്ടുനിന്ന, ഭൂപ്രക്ഷോഭങ്ങള്‍ അത് നടത്തിയിട്ടുണ്ട്.

ആദിവാസി മേഖലകളില്‍ മാത്രമല്ല അതല്ലാത്ത മേഖലകളിലെ മറ്റു ദരിദ്രരും ഭൂരഹിതരുമായ കര്‍ഷകരെ കൂടി അണിനിരത്തിക്കൊണ്ടു നടത്തിയ പ്രക്ഷോഭങ്ങളായിരുന്നു അവ. അതുപോലെ തന്നെ ഈ പാര്‍ട്ടികളുടെ നേതൃത്വത്തിലും പിന്നീട് സിപിഐ മാവോയിസ്റ്റിന്റെ നേതൃത്വത്തിലും അതിലേക്കു ലയിച്ച സിപിഐ എംഎല്‍ നക്‌സല്‍ബാരിയുടെ നേതൃത്വത്തിലും എല്ലാം തന്നെ മറ്റു പലതരത്തിലുള്ള ബഹുജന പ്രക്ഷോഭങ്ങളും  പല ബഹുജന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കിടയില്‍ ആദിവാസികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ യുവജനങ്ങള്‍ക്കിടയില്‍ അങ്ങനെ പലവിഭാഗം ജനങ്ങള്‍ക്കിടയില്‍,  തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പലതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, ഈ എല്ലാ പാര്‍ട്ടികളും നടത്തിയിട്ടുണ്ട്. ലയനത്തിന് ശേഷം സിപിഐ മാവോയിസ്റ്റ് അത് തുടര്‍ന്നിട്ടുമുണ്ട്.

പക്ഷെ വ്യത്യാസം ഉണ്ടായിട്ടുള്ളത് എന്താണെന്നുവെച്ചാല്‍ സായുധ സമരത്തിന്റെ വികാസമുണ്ടായതോടുകൂടി ഇത്തരത്തിലുള്ള എല്ലാ ബഹുജന പ്രവര്‍ത്തനങ്ങളും, എവിടെയൊക്കെ സായുധ സമരത്തില്‍ വികാസം ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം തന്നെ,  ഭരണകൂടം അതിശക്തമായി അടിച്ചമര്‍ത്തുകയാണുണ്ടായത്. ബഹുജന സമരത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സംഘടനകളെ നിരോധിച്ചു.  ഇതിന്ന് രാജ്യവ്യാപകമായ പൊതു നയമാക്കിയിരിക്കുന്നു. അപ്പൊള്‍, ചുരുങ്ങിയ പക്ഷം, ഈ പാര്‍ട്ടി ബഹുജന പ്രവര്‍ത്തനം  നടത്തിയിരുന്നില്ല എന്ന ആരോപണം ഉന്നയിക്കും മുമ്പ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കുറെ വര്‍ഷങ്ങളായി ബഹുജന പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടോ, അത് അനുവദിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടോ, അവരുടെ ബഹുജന സംഘടനകള്‍ നിരോധിക്കപ്പെട്ടിട്ടുണ്ടോ എന്നൊരു അന്വേഷണം നടത്താനോ, ഇല്ലെങ്കില്‍ ആ വസ്തുതകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കാനോ, അവതരിപ്പിക്കാനോ ഉള്ള ബാധ്യത സത്യസന്ധമായി വിമര്‍ശനം നടത്തുന്ന ഏതൊരു വ്യക്തിക്കും ഉള്ളതാണ്. ആ സത്യസന്ധതയുടെ അഭാവമാണ് കുഞ്ഞിക്കണ്ണന്റെ ലേഖനത്തില്‍ എടുത്ത് കാണുന്ന ഒരു കാര്യം.

ഇനി മാവോയിസത്തെ കുറിച്ച് ഈ പാര്‍ട്ടിയും,  അതുപോലെതന്നെ മറ്റു മാവോയിസ്റ്റു പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ വളച്ചൊടിച്ച് കുഞ്ഞിക്കണ്ണന്‍ പറയുന്നത് പരിശോധിക്കാം.  രാമചന്ദ്രപിള്ളയുടെ പ്രസംഗത്തിലും ഈ സമീപനം കാണാം.  ചൈനീസ് വിപ്ലവത്തിന്റെ ജനകീയ യുദ്ധ പാതയെ സാര്‍വത്രികമായി, എല്ലാ രാജ്യങ്ങളിലും പിന്തുടരേണ്ട വിപ്ലവ പാതയായിട്ട് മാവോയിസ്റ്റ് പാര്‍ട്ടികള്‍ പരിഗണിക്കുന്നു എന്നുള്ള വാദഗതിയാണ് അതിലൊന്ന്. ജനകീയ യുദ്ധപാതയെ സാര്‍വ്വലൗകിക തന്ത്രമായി സ്വീകരിക്കുന്ന സൈദ്ധാന്തീകരണമാണ് മാവോയിസമെന്നു കുഞ്ഞിക്കണ്ണന്‍ ആരോപിക്കുന്നു. അങ്ങനെ ഒരു നിലപാട് സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി  ഒരിക്കലും പറഞ്ഞിട്ടില്ല.

ജനകീയയുദ്ധ പാതയും ജനകീയ യുദ്ധം എന്നുള്ള  സൈനിക സിദ്ധാന്തവും വേര്‍തിരിച്ച് തന്നെയാണ് അവരെന്നും കണ്ടിട്ടുള്ളത്. ജനകീയയുദ്ധ സിദ്ധാന്തം മാവോതന്നെ സാരാംശത്തില്‍ വളരെ ചുരുക്കി പറഞ്ഞ പോലെ ‘നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ യുദ്ധം ചെയ്യുന്നു, ഞങ്ങള്‍ ഞങ്ങളുടെ രീതിയില്‍ യുദ്ധം ചെയ്യുന്നു’ എന്ന അടിസ്ഥാന ആശയമാണ്.  സൈനികശാസ്ത്രത്തിന്റ തലത്തില്‍ മാവോ നല്‍കിയ സംഭാവനയാണ് ജനകീയ യുദ്ധസിദ്ധാന്തം. അത് സാര്‍വ്വത്രികമാണ്. കാരണം തൊഴിലാളിവര്‍ഗ്ഗ സൈനികശാസ്ത്രത്തിലുണ്ടായിട്ടുള്ള ഒരു വികാസമാണത്. എന്നാല്‍ ജനകീയ യുദ്ധപാത എന്ന് പറയുന്നതും ഒരു സിദ്ധാന്തമെന്ന നിലയില്‍ ജനകീയയുദ്ധമെന്ന് പറയുന്നതും രണ്ട് വ്യത്യസ്തകാര്യങ്ങളാണ്.

ജനകീയ യുദ്ധപാത എന്ന് പറയുന്നത് നാട്ടിന്‍പുറങ്ങളെ കേന്ദ്രീകരിച്ച് കൊണ്ട് സായുധ സമരമാരഭിക്കുകയും നാട്ടിന്‍പുറങ്ങളെ വിമോചിപ്പിച്ച് നഗരങ്ങളെ വലയം ചെയ്യുകയും ഗറില്ലാ യുദ്ധമുറയെ പ്രധാന സമരരൂപമായി സ്വീകരിക്കുകയും ചെയ്യുന്നതൊക്കെയാണ് ജനകീയയുദ്ധ പാതയില്‍ വരുന്നത്. അതിന് അനുയോജ്യമായ രാജ്യങ്ങള്‍ക്ക് മാത്രം ബാധകമായ ഒരു കാര്യമാണ്. സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി ഒരിക്കലും അതിനെ സാര്‍വ്വലൗകിക സിദ്ധാന്തമായിട്ട്, എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ ഒരു കാര്യമായിട്ട് പരിഗണിച്ചിട്ടില്ല. കുഞ്ഞികണ്ണന്‍ വിമര്‍ശിക്കുന്നു എന്നവകാശപ്പെടുന്ന ആര്‍ഐഎം (വിപ്ലവ സാര്‍വ്വദേശീയ പ്രസ്ഥാനം) രേഖകള്‍ എടുത്ത് പരിശോധിച്ചാലും ഇത് തന്നെയാണ് കാണുക. അതെല്ലാം തന്നെ ഇപ്പോഴും ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്.

ഇനി ബലപ്രയോഗത്തെ സംബന്ധിച്ചുള്ള കാര്യം പരിശോധിക്കുകയാണെങ്കില്‍, ബലപ്രയോഗം മാത്രമാണ് മോചനമാര്‍ഗ്ഗം എന്നുള്ള വിഷയത്തെ സംബന്ധിച്ചിടത്തോളം, ആത്യന്തികമായി അതേ ഒരു മാര്‍ഗമുള്ളൂവെന്ന കാര്യത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് യാതൊരു സംശയവുമുണ്ടാവില്ല. മാര്‍ക്്‌സിസത്തിന്റെ ആരംഭകാലഘട്ടം മുതല്‍ തന്നെ ആ നിലപാടാണ് മാര്‍ക്‌സിസത്തിന് ഉണ്ടായിട്ടുള്ളത്.  ബലപ്രയോഗമാണ് പുതിയ സമൂഹത്തിന്റെ വയറ്റാട്ടി എന്ന് മാര്‍ക്‌സ് പറയുമ്പോള്‍, നിലനില്‍ക്കുന്ന ഭരണകൂടത്തെ തകര്‍ത്ത്‌കൊണ്ട് പുതിയ ഒരു ഭരണകൂടം നിര്‍മ്മിക്കണം എന്ന പാരീസ് കമ്മ്യൂണിന്റെ അനുഭപാഠങ്ങളില്‍ നിന്നുള്ള നിഗമനങ്ങളില്‍  എത്തുമ്പോള്‍, വളരെ കൃത്യമായും ആ കടമ നിര്‍വ്വഹിക്കുന്നതില്‍ ബലപ്രയോഗത്തിനുള്ള കേന്ദ്രസ്ഥാനമാണ് വ്യക്തമാക്കുന്നത്.

പക്ഷെ ബലപ്രയോഗമാണ് ആത്യന്തിക മോചനമാര്‍ഗ്ഗം അല്ലെങ്കില്‍ അതിനാണ് കേന്ദ്രസ്ഥാനമുള്ളത് എന്ന് പറയുമ്പോള്‍ മറ്റു സമരരൂപങ്ങള്‍ ഒന്നും പാടില്ലായെന്നോ അല്ലെങ്കില്‍ സായുധ സമരം മാത്രമെ നടത്താവൂ എന്നൊന്നും അതിനര്‍ത്ഥമില്ല. അങ്ങനെ ഒരു മാവോയിസ്റ്റ് പാര്‍ട്ടിയും ഒരു കാലത്തും വാദിച്ചിട്ടുമില്ല. വിപ്ലവത്തിന്റെ കേന്ദ്ര കടമ എന്ന് പറയുന്നത്, അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപം എന്ന് പറയുന്നത്, അധികാരം പിടിച്ചെടുക്കാനായിട്ടുള്ള സായുധസമരമാണ്. യുദ്ധത്തിലൂടെ പ്രശ്‌നം പരിഹരിക്കുക എന്നത് തന്നെയാണ് അതിനര്‍ത്ഥം. ആ കേന്ദ്ര പ്രശ്‌നമാണ് മാവോ ചൂണ്ടിക്കാണിച്ചത്. ആ കേന്ദ്ര പ്രശ്‌നത്തെ തന്നെയാണ് എല്ലാ മാവോയിസ്റ്റുകളും അംഗീകരിക്കുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ അത് കേന്ദ്ര പ്രശ്‌നമായത് കൊണ്ട് മാത്രം മറ്റ് സമരരൂപങ്ങളെ നിഷേധിക്കുകയോ അതിനെ അവഗണിക്കുകയോ ചെയ്യണമെന്ന അര്‍ത്ഥം വരുന്നില്ല. മാവോയിസ്റ്റ് പാര്‍ട്ടികള്‍ അങ്ങനെ ചെയ്തിട്ടുമില്ല.

ഇവിടെ കുഞ്ഞികണ്ണന്‍ നടത്തുന്ന ഒരു ചെറിയ തട്ടിപ്പ് കൂടി ചൂണ്ടി കാണിക്കേണ്ടതുണ്ട്. തട്ടിപ്പ് എന്ന വാക്ക് തന്നെ ഉപയോഗിക്കണം. കാരണം ബലപ്രയോഗം ആണ് മോചനമാര്‍ഗ്ഗം എന്ന സാര്‍വ്വലൌകിക സത്യത്തെക്കുറിച്ച് പറഞ്ഞ് വന്നിട്ട് മാക്‌സിസത്തിന്റെ സത്ത ബലപ്രയോഗമാണെന്ന ഏകപക്ഷീയവും വികലവുമായ ധാരണകള്‍ എന്നൊക്കെ വിമര്‍ശനത്തില്‍ ഉന്നയിക്കുന്നു. മാര്‍ക്‌സിസത്തിന്റെ സത്ത എന്ന് പറയുന്നതും ബലപ്രയോഗം മാത്രമാണ് മോചനമാര്‍ഗ്ഗം എന്ന് പറയുന്നതും എങ്ങിനെ ആണ് ഒരേ കാര്യമാവുക? മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെ, ആശയ ശാസ്ത്രത്തിന്റെ, സത്ത എന്ന് പറയുമ്പോള്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ മാനവരാശിയുടേയും മോചനം നേടിയെടുക്കുന്ന ഒരു പദ്ധതിയുടെ, അല്ലെങ്കില്‍ ഒരു ദീര്‍ഘകാല പോരാട്ടത്തിന്റെ, പ്രശ്‌നമാണത് ഉന്നയിക്കുന്നത്. അതിനെ ഇതിലേക്ക് മാത്രമായി ചുരുക്കിയിട്ടില്ല, ചുരുക്കാനും കഴിയില്ല.

ഈ ജനകീയയുദ്ധ സൈനികശാസ്ത്രവും, ജനകീയ യുദ്ധപാതയും വികസിപ്പിച്ചതാണോ മാവോയിസ്റ്റുകളുടെ അഭിപ്രായത്തില്‍ മാവോ മാര്‍ക്‌സിസം-ലെനിനിസത്തിന് നല്‍കിയിരിക്കുന്ന ഏറ്റവും മഹത്തരമായ സംഭാവന? അല്ലെങ്കില്‍ ഇതാണോ മാര്‍ക്‌സിസം-ലെനിനിസത്തെ സമഗ്രമായി, കൂടുതല്‍ ഉയര്‍ന്നതും വികസിതവുമായ ഒരു മൂന്നാം ഘട്ടത്തിലേക്ക് വികസിപ്പിച്ചു എന്ന് മാവോയിസ്റ്റുകള്‍ വാദിക്കുന്നതിന്റെ  അടിസ്ഥാനം? മാവോയിസത്തെക്കുറിച്ച് വ്യക്തമാക്കുന്ന രേഖയില്‍ പണ്ട് ആര്‍ഐഎം ചൂണ്ടികാണിച്ചത് (ആര്‍ഐഎമ്മിനെ ആണ് കുഞ്ഞിക്കണ്ണന്‍ വിമര്‍ശിക്കുന്നത്, അതുകൊണ്ടാണ് അതിന്റെ നിലപാടിനെ കുറിച്ചു പറയുന്നത്) ഇങ്ങനെയാണ് – വിപ്ലവത്തിന്റെ നിരവധി മൗലിക പ്രശ്‌നങ്ങളെക്കുറിച്ചു മാവോ സേതൂങ്ങ് ഒട്ടനവധി സിദ്ധാന്തങ്ങള്‍ വിശദമാക്കുകയുണ്ടായി, വികസിപ്പിക്കുകയുണ്ടായി.

എന്നാല്‍ മാവോയിസം എന്ന് പറയുന്നത് മാവോയുടെ മഹത്തായ സംഭാവനകളുടെ ആകെതുക മാത്രമല്ല. മാര്‍ക്‌സിസത്തില്‍ നിന്ന് മാര്‍ക്‌സിസം-ലെനിനിസത്തിലേക്കും അവിടെ നിന്ന് മാര്‍ക്‌സിസം-ലെനിനിസം-മാവോയിസത്തിലേക്കും കാള്‍ മാര്‍ക്സും വീഐ ലെനിനും മാവോസേതുങ്ങും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും മനുഷ്യരാശിയുടെയും വര്‍ഗ്ഗ സമരത്തിലും  ഉല്‍പ്പാദനത്തിന് വേണ്ടിയുള്ള സമരത്തിലുമുള്ള അനുഭവങ്ങളുടെയും ശാസ്ത്രീയ നിരീക്ഷണ പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയിരിക്കുന്ന സങ്കലനത്തിലൂടെ വികസിപ്പിച്ചിരിക്കുന്ന ഒന്നായിട്ടാണ് അതിനെ മനസ്സിലാക്കിയിരിക്കുന്നത്.  ചൈനീസ് വിപ്ലവത്തിന് നേതൃത്വം കൊടുത്തതിലൂടെ, ആധുനിക തിരുത്തല്‍ വാദത്തിനെതിരെ നടന്ന ലോകവ്യാപകമായ സമരത്തിലൂടെ, സര്‍വ്വോപരി മുതലാളിത്തത്തിന്റെ പുനഃസ്ഥാപനം തടഞ്ഞ് കമ്യുണിസത്തിലേക്കുള്ള മുന്നേറ്റം തുടരാന്‍ വേണ്ടി തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന് കീഴില്‍ വിപ്ലവം തുടരുന്നതിന്റെ സിദ്ധാന്തവും പ്രയോഗവും കണ്ടെത്തിക്കൊണ്ടു മാവോസേതൂങ് മാര്‍ക്‌സിസം-ലെനിനിസത്തെ പുതിയതും കൂടുതല്‍ ഉയര്‍ന്നതുമായ ഒരു ഘട്ടത്തിലേക്ക് വികസിപ്പിക്കുകയുണ്ടായി. മാവോ സേതുങ് മാര്‍ക്‌സിസത്തിന്റെ മൂന്നു ഘടകങ്ങളെ, അതായാത് ദര്‍ശനം, രാഷ്ട്രീയ സമ്പദ്ശാസ്ത്രം, ശാസ്ത്രീയ സോഷ്യലിസം എന്നിവയെ വലിയൊരളവില്‍ വികസിപ്പിക്കുകയുണ്ടായി.

അപ്പോള്‍ ഇതാണ് മാവോയിസത്തെക്കുറിച്ച്,  മാവോയിസം എന്തുകൊണ്ടൊരു പുതിയതും ഉയര്‍ന്നതുമായ ഘട്ടമാകുന്നു എന്നുള്ളതിന്റെ കുറിച്ച് ആര്‍ഐഎം പറഞ്ഞത്.  ഏറെക്കുറെ മിക്ക മാവോയിസ്റ്റ് പാര്‍ട്ടികളും ഇതിനു സമാനമായ നിര്‍വ്വചനങ്ങള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇനി ഈ നിര്‍വചനവും കുഞ്ഞിക്കണ്ണന്‍ നല്‍കിയിരിക്കുന്ന നിര്‍വചനവും താരതമ്യം ചെയ്ത് നോക്കുക. ചൈന പോലുള്ളൊരു പിന്നോക്ക രാജ്യത്ത് പുത്തന്‍ ജനാധിപത്യവും സോഷ്യലിസ്റ്റു നിര്‍മ്മാണവും വികസിപ്പിക്കുന്നതില്‍ മാവോ നല്‍കിയ സംഭാവനകള്‍ ആണ് ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടിയും ലോക കമ്യുണിസ്റ്റ് പ്രസ്ഥാനവും പൊതുവെ  മാവോ ചിന്തയായി വിവക്ഷിക്കുന്നത് എന്ന് കുഞ്ഞിക്കണ്ണന്‍ പറഞ്ഞിരിക്കുന്നു. ഒന്നാമത്തെ പ്രശ്‌നം, മാവോസേതുങ്ങിന്റെ നേതൃത്വത്തില്‍ സോവിയറ്റ് തിരുത്തല്‍വാദത്തിനെതിരെ കലാപംചെയ്ത പാര്‍ട്ടികള്‍ അല്ലാതെ  ആരാണ് ഈ പറയുന്ന രീതിയില്‍ ‘പൊതുവെ മാവോ ചിന്തയായിട്ട്’ മാവോയുടെ സംഭാവനകളെ വിലയിരുത്തിയിട്ടുള്ളത്?  മാവോസേതുങ്ങ് ചിന്ത എന്ന ആശയത്തെ തന്നെ തിരുത്തല്‍വാദം ഗ്രസിച്ചു കഴിഞ്ഞ സോവിയറ്റ് പാര്‍ട്ടിയും അതുപോലെ തന്നെ സിപിഎം പോലുള്ള മറ്റു തിരുത്തല്‍വാദ പാര്‍ട്ടികളും ശക്തമായിട്ടു ആക്രമിക്കുകയാണ് ചെയ്തിട്ടുള്ളത്.

മറ്റൊരു കാര്യം ഇതുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ടതുണ്ട്. പുത്തന്‍ ജനാധിപത്യ വിപ്ലവവും സോഷ്യലിസ്റ്റു നിര്‍മ്മാണവും എന്ന ഈ രണ്ടു കാര്യങ്ങളില്‍ മാവോ നല്‍കിയ സംഭാവനകളെയാണ് കുഞ്ഞിക്കണ്ണന്‍ ഇപ്പോഴത്തെ തിരുത്തല്‍വാദ ചൈനീസ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ടു വിവരിക്കുന്നത്.  മറിച്ച് മാവോയിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അവരത് അങ്ങനെയല്ല കാണുന്നത്. നേരത്തെ ഞാന്‍ സൂചിപ്പിച്ചതു പോലെ പുത്തന്‍ ജനാധിപത്യ വിപ്ലവം സോഷ്യലിസ്റ്റു നിര്‍മ്മാണം എന്നിവയിലൊക്കെയുള്ള സംഭാവനകളെക്കാളുപരി തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്‍ കീഴില്‍ വിപ്ലവം എങ്ങനെ തുടര്‍ന്ന് നടത്തണം, മുതലാളിത്ത പുനര്‍സ്ഥാപനം എങ്ങനെ തടയണം എന്നീ വിഷയങ്ങളില്‍ മാവോ നടത്തിയ പുതിയ കണ്ടെത്തലുകളും, നല്കിയ ദിശയുമാണ് ഏറ്റവും നിര്‍ണായകമായിട്ടുള്ള,  മാവോയിസത്തെ പുതിയൊരു ഘട്ടത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്ന, കാര്യമായിട്ട് മാവോയിസ്റ്റുകള്‍ മനസ്സിലാക്കിയിട്ടുള്ളത്.

ഇത് ഒരു തിരുത്തല്‍വാദ പാര്‍ട്ടിയും അതിന്റെ സൈദ്ധാന്തികരും അംഗീകരിക്കില്ല. കാരണം തിരുത്തല്‍വാദത്തിന്റെ സവിശേഷത എന്ന് പറയുന്നത് വിപ്ലവം നടക്കാത്ത ഒരു രാജ്യത്ത് ആ വിപ്ലവത്തിനെ  തടയുക, അതിനെ അട്ടിമറിക്കുക, അതില്‍ നിന്നും ജനങ്ങളെ വഴിതിരിച്ചു വിടുക എന്നിവയാണ്.  നമ്മുടെ നാട്ടില്‍ സിപിഎം ഒക്കെ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന കടമ അതാണല്ലോ. മറിച്ച് വിപ്ലവം നടന്നുകഴിഞ്ഞ ഒരു രാജ്യത്ത് തിരുത്തല്‍വാദത്തിന്റെ ദൗത്യം ആ വിപ്ലവത്തിലൂടെ രൂപപ്പെട്ടു വന്നിരിക്കുന്ന ഭരണകൂടത്തെ തകര്‍ത്ത് അതിന്റെ സ്ഥാനത്ത് മുതലാളിത്ത പുനര്‍സ്ഥാപനം നടത്താനുള്ള ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണ്.

അതുകൊണ്ടു തന്നെ ചൈനയില്‍ മാവോയുടെ മരണത്തിനു ശേഷം ഡെങ് സിയാവോ പിങ്ങിന്റെ നേത്രത്വത്തില്‍ തിരുത്തല്‍വാദികള്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ അവര്‍ മാവോ സേതുങ്ങിന്റെ സംഭാവനകളെ കുറിച്ച് നേരത്തെ ആ പാര്‍ട്ടി അംഗീകരിച്ചിരുന്ന നിലപാടുകള്‍ ഒക്കെ കൈയ്യൊഴിഞ്ഞുകൊണ്ട്,  മാവോയുടെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക വിപ്ലവത്തെ ഏറ്റവും വലിയ അപരാധമായി ചിത്രീകരിച്ചുകൊണ്ട്, മാവോയുടെ സംഭാവനകള്‍ എന്ന് പറയുന്നതിനെ പരമാവധി വെട്ടിക്കുറച്ചു അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ചൈനയുടെ ചരിത്രത്തില്‍ നിന്ന്, ചൈനീസ് ജനതയുടെ മനസ്സില്‍ നിന്ന്, മാവോയെ തുടച്ചുമാറ്റുക അസാധ്യമാണ്. അതുകൊണ്ടു തന്നെ മാവോ ശക്തമായി എതിര്‍ത്തിരുന്ന, നിഷേധിച്ചിരുന്ന കാര്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് (ഉദാഹരണത്തിന് കല്ലറയില്‍ മാവോയുടെ ശരീരം അതേപടി സൂക്ഷിക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍  ചെയ്തുകൊണ്ട് ) സൈദ്ധാന്തിക തലത്തില്‍ മാവോയുടെ മൗലിക സംഭാവനകളെ കൈയ്യൊഴിഞ്ഞ്, അതെല്ലാം മറച്ചുവെച്ച്, അതെല്ലാം മാര്‍ക്‌സിസത്തില്‍ നിന്നുള്ള വ്യതിയാനങ്ങളാണ്, മാവോയുടെ ആശയങ്ങള്‍ക്ക് തന്നെ വിരുദ്ധമായി നടത്തിയ കാര്യങ്ങളാണ് എന്നെല്ലാം ചിത്രീകരിച്ച്‌കൊണ്ട് പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്റെയും സോഷ്യലിസ്റ്റു നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടത്തേയും കാര്യങ്ങളെ മാത്രം  മാവോയുടെ സംഭാവനകളായിട്ടു ചുരുക്കി കാണിക്കുകയാണ് ചെയ്തിട്ടുള്ളത്.

വാസ്തവത്തില്‍ അതില്‍ തന്നെയുള്ള വൈരുദ്ധ്യം നമ്മള്‍ നോക്കുക. സോഷ്യലിസ്റ്റു നിര്‍മ്മാണത്തിലെ മാവോയുടെ സംഭാവന എന്ന് പറയുമ്പോള്‍ തന്നെ അതില്‍ മഹത്തായ കുതിച്ചു ചാട്ടം, സാംസ്‌കാരിക വിപ്ലവകാലഘട്ടത്തിലൂടെ ഉണ്ടായിട്ടുള്ള വികാസങ്ങള്‍, സോഷ്യലിസ്റ്റു കാലഘട്ടത്തില്‍ ദേശസാല്‍ക്കരിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളില്‍ യാഥാര്‍ത്ഥത്തില്‍ തൊഴിലാളിവര്‍ഗ്ഗ അധികാരം സ്ഥാപിക്കുന്നതിന് എന്തുവേണ്ടിവരും എന്നതിനെ കുറിച്ച് നടത്തിയ അന്വേഷണങ്ങള്‍,  വികേന്ദ്രീകൃത വികസനത്തെ കുറിച്ച് മാവോ നല്‍കിയ ഉള്‍ക്കാഴ്ചകള്‍,  ഇതെല്ലാം കൈയ്യൊഴിഞ്ഞുകൊണ്ട് ഏറ്റവും പ്രാഥമികമായ തലത്തില്‍ കാര്‍ഷിക സഹകരണ സംഘങ്ങളില്‍ നിന്നും രൂപപ്പെട്ടുവന്ന കമ്മ്യൂണുകളെ പോലും ഇല്ലാതാക്കിക്കൊണ്ടാണ് ഡെങ്ങ് സിയാഓ പിങ്ങിന്റെ നേതൃത്വത്തിലുള്ള  തിരുത്തല്‍വാദ ശക്തികള്‍ ചൈനയെ ഒരു മുതലാളിത്ത രാജ്യമായി പരിവര്‍ത്തനപ്പെടുത്തിയത്. വാസ്തവത്തില്‍ സോഷ്യലിസ്റ്റു നിര്‍മ്മാണത്തില്‍ മാവോ നല്‍കിയ സംഭാവന എന്നൊക്കെ വലിയ വായില്‍ പറയുന്നുണ്ടെങ്കിലും യാഥാര്‍ത്ഥത്തില്‍ ആ സംഭവനകളെയൊക്കെ നിഷേധിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തിയാണ് തിരുത്തല്‍വാദ നേതൃത്വത്തിലുള്ള ചൈനാ പാര്‍ട്ടി ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

കുഞ്ഞിക്കണ്ണന്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിന്റെ കൂട്ടത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ കൂടി നമ്മള്‍ ശ്രദ്ധിക്കുക . ഫിലിപ്പൈന്‍സിലെയും മലേഷ്യയിലെയും ജനകീയ വിമോചന സേനകള്‍ രൂപീകരിച്ച് പോരാടിയ കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ പൊതു രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും ഒറ്റപ്പെട്ടു വനാന്തരങ്ങളില്‍ സ്വയം ഇല്ലാതാവുകയാണ് ചെയ്തത് എന്നാണു ഒരു പ്രഖ്യാപനം. ഫിലിപ്പൈന്‍ കമ്യുണിസ്റ്റ് പാര്‍ട്ടി എവിടെയാണ് ഈ പറഞ്ഞ പോലെ സ്വയം ഇല്ലാതായത്?  ഇന്റര്‍നെറ്റില്‍ പോയി ഒന്ന് പരിശോധിച്ച് കഴിഞ്ഞാല്‍ ആ പാര്‍ട്ടിയെ കുറിച്ചുള്ള ധാരാളം രേഖകളും വിവരങ്ങളും നമുക്ക് കാണാന്‍ കഴിയും. അതിന്റെ നേതൃത്വത്തിലുള്ള ജനകീയ സൈന്യം അമേരിക്കന്‍ പിന്തുണയോടെ, അതിന്റെ ആയുധ സഹായത്തോടെ, പ്രവര്‍ത്തിക്കുന്ന  ഫിലിപ്പൈന്‍സ് ഭരണകൂടത്തിന്റെ സൈനിക വിഭാഗങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ യുദ്ധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണാന്‍ കഴിയും.

അതുപോലെ തന്നെ ആ പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ച് കഴിഞ്ഞാല്‍ 1967-68  കാലഘട്ടത്തില്‍ അതാരംഭിച്ച സായുധ സമരം ഇന്ന് ഫിലിപ്പൈന്‍സില്‍ ഏറെക്കുറെ എല്ലാ ദ്വീപുകളിലേക്കും വ്യാപിച്ചിരിക്കുന്നു എന്നുള്ളതാണ് യാഥാര്‍ഥ്യം. ഇതേപോലെ തന്നെ അബദ്ധങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ, വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആധികാരികമായി അവതരിപ്പിക്കുന്നതിന്റെ, മറ്റൊരു ഉദാഹരണമാണ് കമ്പോഡിയയെ കുറിച്ച് കുഞ്ഞിക്കണ്ണന്‍ ‘കണ്ടെത്തിയിരിക്കുന്ന’ കാര്യം.  മാര്‍ക്‌സിസം-ലെനിനിസത്തെ നിഷേധിച്ച് ഗറില്ലാ സമരത്തെ ഏകപക്ഷീയ സമരമായി സ്വീകരിച്ച ഖമര്‍ റൂഷും അതിന്റെ നേതാവായ പോള്‍പോട്ടും വനാന്തരങ്ങളില്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു എന്നാണു കുഞ്ഞിക്കണ്ണന്‍ നമ്മളെ അറിയിക്കുന്നത്.

പോള്‍പോട്ടിന്റെ നേതൃത്വത്തില്‍ കമ്പോഡിയന്‍ കമ്യുണിസ്റ്റ് പാര്‍ട്ടി നീണ്ട കാലം സായുധ സമരം നടത്തിയിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം ശിഹാനുക്ക് രാജാവിനെ അധികാരത്തില്‍നിന്ന് പുറത്താക്കി അവരുടെ ശിങ്കിടിയായ പട്ടാളമേധാവി ലോന്‍നോളിനെ ഭരണാധികാരിയായി സ്ഥാപിച്ചു. ഈ പാവ ഭരണത്തെ ഉപയോഗിച്ചും സ്വന്തം നിലയ്ക്കും അവിടെ പ്രവര്‍ത്തിക്കുന്ന കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ സൈന്യത്തെ തകര്‍ക്കാനും ജനങ്ങളെ കീഴ്‌പ്പെടുത്താനും അമേരിക്കന്‍ സാമ്രാജ്യത്വം അങ്ങേയറ്റം നിഷ്ഠൂരമായ രീതിയില്‍ ശ്രമിച്ചു. എന്നാല്‍  1975ല്‍ ആ സാമ്രാജ്യത്വ പാവ ഭരണകൂടത്തെ തകര്‍ത്തുകൊണ്ട്, അതിനെ പൂര്‍ണ്ണമായും നിഷ്‌കാസനം ചെയ്ത്, പോള്‍പോട്ടിന്റെ നേതൃത്വത്തിലുള്ള കമ്യുണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചെടുത്തു.

ഒരു ജനകീയ ജനാധിപത്യ രാഷ്ട്രം സ്ഥാപിച്ചു എന്നുള്ളതാണ് ചരിത്രവസ്തുത. ഈ ചരിത്ര സത്യങ്ങള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട്, ഇതൊന്നും അറിയാത്ത മട്ടിലുള്ള ഒരു വിഡ്ഡി പ്രഖ്യാപനമല്ലേ കുഞ്ഞിക്കണ്ണന്‍ നടത്തിയിരിക്കുന്നത്, നടത്തിക്കൊണ്ടിരിക്കുന്നത്? ഇതുപോലുള്ള ചങ്ങാതിമാരെയൊക്കെ ഏതെങ്കിലും ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തിരുത്തിയാല്‍ അവിടെ എന്ത് ഗവേഷണമായിരിക്കും നടക്കുക, ആ ഗവേഷണത്തിലൂടെ പഠിച്ച്  വരുന്ന സിപിഎമ്മിന്റെ അണികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്.
ഇനി താരതമ്യം ചെയ്തുകൊണ്ട് കുഞ്ഞിക്കണ്ണന് പറയാനുള്ളത് എന്താണെന്ന് നോക്കാം. ‘ജനാധിപത്യ പാതയിലേക്ക് തിരിച്ചു വന്ന’ നേപ്പാളിലെ പ്രചണ്ടയാണ് കുഞ്ഞിക്കണ്ണന് മാതൃക.

മറ്റ് കമ്മ്യൂണിസ്‌റ് പാര്‍ട്ടികളുമായി ചേര്‍ന്ന് വിജയകരമായി അധികാരത്തിലെത്തി എന്നാണ് പറയുന്നത്. എന്ത് അധികാരത്തിലാണ് ഇവര്‍ തിരിച്ചെത്തിയത്? ഇന്നിപ്പോള്‍ നേപ്പാളിലുള്ള അധികാരം ആരെയാണ് സേവിക്കുന്നത്? അവിടത്തെ ജനങ്ങളുടെ അവസ്ഥ എന്താണ്? അവിടെ ജനകീയ യുദ്ധം നടന്ന കാലത്ത്, നാട്ടിന്‍പുറത്ത് വിമോചിത പ്രദേശങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ജനകീയ അധികാരം നിലനിന്ന കാലഘട്ടത്തില്‍ മര്‍ദ്ദിതജനവിഭാഗങ്ങള്‍, സവിശേഷമായ സാമൂഹ്യമര്‍ദ്ദനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ദളിതുകള്‍, സ്ത്രീകള്‍, വംശീയ, ലൈംഗികന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളും അനുഭവിച്ചുകൊണ്ടിരുന്ന ജനാധിപത്യവും ഇന്നവര്‍ക്ക് നേരിടേണ്ടിവരുന്ന അടിച്ചമര്‍ത്തലും, അവരിന്നനുഭവിക്കുന്ന കടുത്ത ദാരിദ്ര്യവുമാണ്  നമ്മള്‍ താരതമ്യം ചെയ്യേണ്ടത്.

ഇതിലേതാണ് ജനങ്ങളെ സംബന്ധിച്ചിടത്തോളം ഗുണകരമായിട്ടുള്ളത്? പിന്തിരിപ്പന്‍ അധികാരത്തിന്റെ ഭാഗമായിതീര്‍ന്ന പ്രചണ്ഡയെയും കൂട്ടരെയും സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു നേതൃത്വമായിട്ട്, ഒരു വിഭാഗമായിട്ടാണ് ഇന്ന് നേപ്പാളിലെ ജനങ്ങള്‍ അവരെ കാണുന്നത്. ഏറ്റവും ലജ്ജാകരമായ ജീര്‍ണ്ണിച്ച ഒരു ജീവിതശൈലിയിലേക്കാണ് ഇന്നവര്‍ അധഃപതിച്ചിരിക്കുന്നത്.  അതിനെയാണ് കുഞ്ഞിക്കണ്ണന്‍ വലിയ കാര്യമായിട്ട് കൊട്ടിഘോഷിക്കുന്നത്. സിപിഎം നേതൃത്വനിരയില്‍ നില്‍ക്കുന്നവരുടെ സ്വന്തമാളായ കുഞ്ഞിക്കണ്ണനെ സംബന്ധിച്ചിടത്തോളം അവിടെ നടക്കുന്ന ജീര്‍ണിച്ച, അഴിമതിപൂരിതമായ അധികാരത്തെയും അവരുടെ ജീവിതത്തെയും വളരെയേറെ ആകര്‍ഷിക്കുന്ന, വളരെയേറെ സന്തോഷപൂര്‍വം പിന്തുണക്കേണ്ട  ഒന്നായി തോന്നുന്നതില്‍ അത്ഭുതമില്ല. പക്ഷെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രചണ്ഡയുടെ ആ പോക്ക് പ്രചണ്ഡ നേതൃത്വം കൊടുത്ത വിഭാഗത്തിന്റെ ആ പോക്ക്, തീര്‍ച്ചയായിട്ടും ഗുണപരമായിരുന്നില്ല. അങ്ങേയറ്റം തെറ്റായിട്ടുള്ള ഒരു കാര്യം തന്നെയായിരുന്നു അത്.

ലിന്‍ പിയാവോവിന്റെ യുഗസിദ്ധാന്തത്തെ കുറിച്ചും കുഞ്ഞിക്കണ്ണന്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആ സിദ്ധാന്തം എല്ലാ മാവോയിസ്റ്റ് പാര്‍ട്ടികളും തള്ളിക്കളഞ്ഞതാണ്.  ലിന്‍ പിയാവോയെ തിരുത്തല്‍വാദത്തിന്റെ, ഇടതുരൂപത്തില്‍ പൊതിഞ്ഞ കടുത്ത വലതുപക്ഷവാദത്തിന്റെ ഒരു പ്രകടിത ഉദാഹരണമായിട്ടാണ്  അവര്‍ വിലയിരുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ യുഗത്തെ സംബന്ധിച്ച ലിന്‍ പിയാവോവിന്റെ നിലപാടുകള്‍ അവര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. മാവോയിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ മാവോ സെ തുങ് നല്‍കിയിരിക്കുന്ന സൈദ്ധാന്തിക സംഭാവനകളിലൂടെ മാര്‍ക്‌സിസം-ലെനിനിസം പുതിയതും മൂന്നാമത്തേതും  ഉയര്‍ന്നതുമായ  ഒരു ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു എന്നു പറയുമ്പോള്‍ സാമ്രാജ്യത്ത്വത്തിന്റേയും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന്റെയും യുഗം മാറി എന്നൊരര്‍ത്ഥവുമതിനില്ല. അവര്‍ അങ്ങനെ അത് മനസ്സിലാക്കിയിട്ടുമില്ല എന്നതാണ് വസ്തുത.

ഇനി ഇന്ത്യന്‍ സാമൂഹ്യയാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള വിഷയങ്ങളിലേക്ക് നമുക്ക് വരാം. ഈ സാമൂഹ്യയാഥാര്‍ഥ്യങ്ങളെ, പ്രത്യേകിച്ചും 47ന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയക്രമത്തില്‍ വന്ന മാറ്റങ്ങളെ മനസ്സിലാക്കാന്‍ ആവാതെയാണ് മാവോയിസ്റ്റുകള്‍ ജനകീയയുദ്ധപാതയെ അന്ധമായി അനുകരിക്കുന്നത് എന്നാണ് ഒരാരോപണം. ഇത് തന്നെയാണ് രാമചന്ദ്രപിള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിലും ആവര്‍ത്തിച്ച് വിശദീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. നമുക്ക് ആദ്യം രാമചന്ദ്രപിള്ള ഈ വിഷയവുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരിക്കുന്ന സൈദ്ധാന്തികനിലപാടുകള്‍ പരിശോധിക്കാം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യയെ ഒരു അര്‍ദ്ധകോളനിയായിട്ട് മാവോയിസ്റ്റുകള്‍ കാണുന്നത് എന്നത് അങ്ങേയറ്റം തെറ്റാണ്. കാരണം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അര്‍ദ്ധകോളനി എന്ന് പറയുന്നത് സാമ്രാജ്യത്വം സര്‍വത്ര നിയന്ത്രിക്കുന്ന ഒരു രാജ്യമാണ്. അതിന്റെ നേരിട്ടുള്ള സാന്നിധ്യവും അത്തരം രാജ്യങ്ങളില്‍ ഉണ്ടാകും എന്നാണ് അദ്ദേഹം പറയുന്നത്.

ഇതാണ്  അര്‍ദ്ധകോളനിയുടെ നിര്‍വചനമെങ്കില്‍ കോളനിയും അര്‍ദ്ധകോളനിയും തമ്മില്‍ പിന്നെ എന്ത് വ്യത്യാസമാണുള്ളത്? കോളനിയില്‍ സാമ്രാജ്യത്വത്തിന്റെ സര്‍വത്ര സാന്നിധ്യമുണ്ട്, സര്‍വതലസ്പര്‍ശിയായിട്ടുള്ള സാന്നിധ്യമുണ്ട്, നേരിട്ടുള്ള സാന്നിധ്യമുണ്ട്. അപ്പോള്‍ കോളനിയും അര്‍ദ്ധകോളനിയും എന്നൊക്കെ പറഞ്ഞാല്‍ ഒന്നു തന്നെയാണോ ? രാമചന്ദ്രപിള്ളയുടെ വ്യാഖ്യാനം, അല്ലെങ്കില്‍ വിശകലനം വെച്ച് നോക്കുകയാണെങ്കില്‍ നമുക്ക് ഇതിനൊരുത്തരം കിട്ടില്ല. നേരെ മറിച്ച് മാര്‍ക്‌സിസം- ലെനിനിസം-മാവോയിസത്തിന്റെ വ്യാഖ്യാനം നോക്കി കഴിഞ്ഞാല്‍, അതിന്റെ വിശദീകരണം നോക്കി കഴിഞ്ഞാല്‍, അത് വളരെ വ്യക്തമായി വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയും. കോളനി എന്ന് പറയുന്നത് ഏതെങ്കിലും ഒരു സാമ്രാജ്യത്വ ശക്തി കയ്യടക്കിവെച്ചിരിക്കുന്ന ഒരു മര്‍ദ്ദിത  രാജ്യമാണ്.

ആ രാജ്യത്ത് ആ സാമ്രാജ്യത്വ ശക്തി നേരിട്ട് ഭരിക്കുന്നുണ്ടാകും. അഥവാ അതിന്റെ ഭരണകൂടമാണവിടെ നിലനില്‍ക്കുന്നുണ്ടാവുക. തീര്‍ച്ചയായിട്ടും പ്രാദേശിക ചൂഷക ശക്തികളെയൊക്കെ അത് കൂട്ടുപിടിക്കുകയും അവരെ ചൂഷണത്തിന്റെ സാമൂഹിക അടിത്തറയായിട്ട് ഉപയോഗിക്കുന്നുമുണ്ടാകും. പക്ഷെ, അതിന്റെ ഭരണമായിരിക്കും. ഉദാഹരണത്തിന് മുന്‍പ് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണമുണ്ടായിരുന്നതുപോലെ. അര്‍ദ്ധകോളനി എന്ന് പറയുന്നത് ഒരു സാമ്രാജ്യത്വ ശക്തിക്ക് പകരം നിരവധി സാമ്രാജ്യത്വ ശക്തികള്‍ ഇടപഴകുകയും ചൂഷണം നടത്തുകയും നിയന്ത്രണത്തിന് വേണ്ടി മത്സരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ്. അതിനെയാണ് അര്‍ദ്ധകോളനി എന്ന് പറയുന്നത്.

അര്‍ദ്ധഅധിനിവേശിതരാജ്യം എന്ന് പറയുന്നത്. ചൈന ഒരു അര്‍ദ്ധഅധിനിവേശിത രാജ്യമായിരുന്നു. കാരണം ഒരു സാമ്രാജ്യത്വശക്തിക്കും അവിടെ പൂര്‍ണ്ണമായ നിയന്ത്രണം ഉണ്ടായിരുന്നില്ല. മറിച്ച് ഇന്ത്യ പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ഒരു കൊളോണിയല്‍, അഥവാ അധിനിവേശിത രാജ്യമായിരുന്നു. അപ്പോള്‍ ഇതാണ് കോളനിയും അര്‍ദ്ധകോളനിയും അല്ലെങ്കില്‍ അധിനിവേശിത രാജ്യവും അര്‍ദ്ധ അധിനിവേശിത രാജ്യവും തമ്മിലുള്ള വ്യത്യാസം.

ഇനി ഇതോടൊപ്പം മനസ്സിലേക്കെണ്ട മറ്റൊരു കാര്യമുണ്ട്. കൊളോണിയലിസവും പുത്തന്‍ കൊളോണിയലിസവും തമ്മിലുള്ള വ്യത്യാസം.  കൊളോണിയലിസം എന്ന് പറയുന്നത് രണ്ടാം ലോക മഹാ യുദ്ധം വരെയുള്ള കാലഘട്ടത്തില്‍ ഏറെക്കുറെ ലോകവ്യാപകമായിട്ട് സാമ്രാജ്യത്വ ശക്തികള്‍ നടത്തികൊണ്ടിരുന്ന ചൂഷണത്തിന്റെയും ആധിപത്യത്തിന്റെയും രീതിയെയാണ്. നേരിട്ട് രാജ്യങ്ങളെ കൈയ്യടക്കുക, ആ രാജ്യങ്ങളില്‍ സ്വന്തം ഭരണം സ്ഥാപിക്കുക. അധികാരം സ്ഥാപിക്കുക. ആ രാജ്യങ്ങളെ പ്രത്യക്ഷത്തില്‍ തന്നെ യാതൊരു മറയുമില്ലാതെ ചൂഷണം ചെയ്യുക, കൊള്ളയടിക്കുക. ഇതാണ് കൊളോണിയലിസത്തിന്റെ രീതി. മറിച്ച് അപ്രത്യക്ഷമായിട്ടുള്ള നിയന്ത്രണം, അപ്രത്യക്ഷമായിട്ടുള്ള ആധിപത്യം, അതുപോലെ തന്നെ  കഴിവതും പ്രത്യക്ഷ രീതിയില്‍ അല്ലാതെയുള്ള ചൂഷണം,  മറച്ചുവെച്ച് കൊണ്ടുള്ള ചൂഷണം – ഇതാണ് പുത്തന്‍ കൊളോണിയലിസത്തിന്റെ സവിശേഷത.

ഈ പുത്തന്‍ കൊളോണിയലിസം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രൂപപ്പെട്ടു വന്നിട്ടുള്ള ഒരു ചൂഷണ പദ്ധതിയാണ്. രണ്ടാം ലോക യുദ്ധകാലഘട്ടമാവുമ്പോഴേക്കും മര്‍ദ്ദിതരാജ്യങ്ങളുള്ള ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലൊക്കെ തന്നെ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങള്‍ ശക്തമായി മുന്നേറുന്ന ഒരു സാഹചര്യമായിരുന്നു. ആ ശക്തമായ മുന്നേറ്റം, അതെപോലെ ചൈന പോലുള്ള രാജ്യങ്ങളില്‍ വിപ്ലവവിജയം, സോഷ്യലിസ്റ്റ് ചേരി രൂപംകൊള്ളുന്നത്, ഇതെല്ലാം ചേര്‍ന്ന സാഹചര്യത്തില്‍ പഴയതു പോലുള്ള പ്രത്യക്ഷമായ ചൂഷണവും കൊള്ളയും ഇനിയും തുടരാന്‍ കഴിയില്ല എന്ന് മനസ്സിലാക്കികൊണ്ട് ഓരോരോ സാമ്രാജ്യത്വ ശക്തികളായിട്ട് കൊളോണിയല്‍ പദ്ധതി കൈയ്യൊഴിയുകയും അതിനു ബദലായിട്ട് ഈ അപ്രത്യക്ഷമായിട്ടുള്ള നിയന്ത്രണത്തിന്റെയും ചൂഷണത്തിന്റെയും പുതിയ രീതിയിലേക്ക് അഥവാ പുത്തന്‍ കൊളോണിയലിസത്തിന്റെ രീതിയിലേക്ക് മാറുകയുമാണ് ചെയ്തത്.

അപ്പോള്‍ സിപിഐ മാവോയിസ്റ്റ് മാത്രമല്ല മറ്റുള്ള എംഎല്‍ സംഘടനകളും ഇന്ത്യയെ ഒരു അര്‍ദ്ധകോളോണിയല്‍ രാജ്യമായിട്ടു വിശേഷിപ്പിക്കുമ്പോള്‍ അതിന്റെ പ്രധാന കാരണം 47 നു ശേഷം ഇന്ത്യ ഒരു കോളനി അല്ലാതായി എന്നതാണ്. അതുവരെയും ബ്രിട്ടീഷുകാര്‍ മാത്രമാണ് ആധിപത്യത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ അതിനുശേഷം അമേരിക്ക ഉള്‍പ്പെടെ ഉള്ള വിവിധ സാമ്രാജ്യത്വ ശക്തികള്‍ ഇന്ന് ഇന്ത്യയില്‍ ഇടപെടുന്നുണ്ട്. അവരുടെ ലോബികള്‍ ഉണ്ട്. അവര്‍ ചൂഷണം നടത്തുന്നുണ്ട്. പല രീതിയില്‍ അവര്‍ നിയന്ത്രണം ചെലുത്തുന്നുണ്ട്. പക്ഷെ അതെസമയം തന്നെ കൊളോണിയലിസം അല്ല പുത്തന്‍ കൊളോണിയല്‍ പദ്ധതികളിലൂടെയാണ് അതെല്ലാം നടപ്പിലാക്കുന്നത്. അതായത് പ്രത്യക്ഷമായിട്ടല്ല അപ്രത്യക്ഷമായിട്ടാണ് അതെല്ലാം നടപ്പിലാക്കുന്നത്. ഈ രീതിയില്‍ കാര്യങ്ങളെ സവിശേഷവല്‍ക്കരിച്ച് സൂക്ഷ്മമായി പരിശോധിക്കണമെങ്കില്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ ചുരുങ്ങിയ പക്ഷം കുറച്ചെങ്കിലും മാര്‍ക്‌സിസം അറിഞ്ഞിരിക്കണം. കുറച്ചെങ്കിലും ലെനിനും സ്റ്റാലിനും മാവോയുമൊക്കെ വായിച്ചിരിക്കണം. പണ്ടെങ്ങോ വായിച്ചോരു ഓര്‍മ്മ വെച്ചിട്ടു പ്രസംഗിക്കാന്‍ നടന്നു കഴിഞ്ഞാല്‍ ഇതുപോലുള്ള അബദ്ധങ്ങള്‍ വിളിച്ച് പറയുകയാവും ഉണ്ടാവുക. ഇതാണ് നമുക്ക് രാമചന്ദ്ര പിള്ളയുടെ പ്രസംഗങ്ങളില്‍ കാണാന്‍ കഴിയുക.

ഇതിന്റെ തന്നെ ഒരു തുടര്‍ച്ചയാണ് ദല്ലാള്‍ ബൂര്‍ഷ്വാസിയെ കുറിച്ച് അദ്ദേഹം നടത്തുന്ന പരമ അബദ്ധങ്ങളുടെ ആവര്‍ത്തനം. ദല്ലാള്‍ ബൂര്‍ഷാസി ഒരു കച്ചവട ബൂര്‍ഷ്വാസിയാണ്. അങ്ങനെയുള്ള ഒരു കച്ചവട ബൂര്‍ഷ്വാസി അല്ല ഇന്ത്യയില്‍ ഉള്ളത് എന്നൊക്കെയാണ് രാമചന്ദ്ര പിള്ള വാദിച്ചിരിക്കുന്നത്. ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയുടെ, ഇവിടുത്തെ കുത്തക മുതലാളിത്തമെന്നു രാമചന്ദ്ര പിള്ള വിശേഷിപ്പിക്കുന്ന വര്‍ഗ്ഗങ്ങളുടെ, ടാറ്റ ഉള്‍പ്പെടെയുള്ള ആള്‍ക്കാരുടെ, അവരുടെ പൂര്‍വ്വികരുടെ ചരിത്രമെന്താണ്? ആദ്യകാല സിപിഐ(എം-എല്‍)  പോളിറ്റ് ബ്യുറോ അംഗമായിരുന്ന സുനീതി കുമാര്‍ ഘോഷ് ആ വിഷയത്തെ കുറിച്ച് നടത്തിയിരിക്കുന്ന പ്രസിദ്ധമായ ഒരു പഠനമുണ്ട്. ‘ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസി’ എന്ന പേരില്‍ അത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഒന്ന് എടുത്ത് വായിക്കുന്നത് സത്യം അറിയണം എന്ന് ആഗ്രഹിക്കുന്ന സിപിഎം അണികള്‍ക്ക് ഗുണംചെയ്യും.

ആ പുസ്തകത്തില്‍ വളരെ വ്യക്തമായിട്ടും ടാറ്റ, ബിര്‍ള ഉള്‍പ്പെടെ ഉള്ള ഇവിടുത്തെ വന്‍കിടക്കാരുടെ ഒക്കെ തന്നെയും കുത്തകക്കാരുടെ ഒക്കെ തന്നെയും, പൂര്‍വ്വികര്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കച്ചവട ഏജന്റുമാരായിട്ട് എങ്ങനെയാണ് അവരുടെ സാമ്പത്തിക പ്രവര്‍ത്തനം ആരംഭിച്ചത് എന്നും അതിനുശേഷം സ്വയം കച്ചവടക്കാരായി അവരെങ്ങനെ മാറിയെന്നും വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഉദാഹരണത്തിന് ടാറ്റായുടെ പൂര്‍വികര്‍ ചൈനയിലേക്കുള്ള കറുപ്പ് കള്ളക്കടത്ത് നടത്തുന്നതിലാണ് ഏര്‍പ്പെട്ടിരുന്നത്. ഇങ്ങനെയാണ് അവരാദ്യമായി മൂലധന സമാഹരണം നടത്തിയത്. അതിനു ശേഷമാണ് അവര്‍ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നത്.

വ്യവസായത്തിലേക്കുള്ള ആ പ്രവേശനം ഇന്ത്യയില്‍  മാത്രം നടന്നൊരു കാര്യവുമല്ല. ഉദാഹരണത്തിന്, ചൈനയിലെ വന്‍കിട ബൂര്‍ഷ്വാസിയെ കുറിച്ചു  മാവോ പറയുന്നത് നമുക്കൊന്നു പരിശോധിച്ച് നോക്കാം. മാവോയുടെ ഒരു ലേഖനത്തില്‍ (Present Situation and Our Tasks, Volume 4. <https://www.marxists.org/reference/archive/mao/selected-works/volume-4/mswv4_24.htm> ഭാഗം 6) ചൈനീസ് വിപ്ലവത്തിന്റെ ദൗത്യത്തെ കുറിച്ച് പറയുമ്പോള്‍ അത് നാടുവാഴിത്ത വര്‍ഗ്ഗത്തിന്റെ ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യണം, ചിയാങ് കൈഷെക്ക്, ടിപി ച്ചുങ്, എച്ച്എച്ച് കുങ് , ചെന്‍ ലിഫു എന്നീ നാല് പ്രമുഖ ചൈനീസ് ബൂര്‍ഷ്വാ കുടുംബങ്ങളുടെ കുത്തക മൂലധനം (മൊണോപൊളി ക്യാപ്പിറ്റല്‍) പിടിച്ചെടുക്കണം. അത് പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്റെ സ്വത്താക്കി മാറ്റണം.

ദേശീയ ബൂര്‍ഷ്വാസിയുടെ വ്യവസായവും കച്ചവടവും സംരക്ഷിക്കണം. ഇതാണ് പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്റെ മൂന്നു പ്രധാന സാമ്പത്തിക നയങ്ങള്‍. നമ്മളിവിടെ മനസ്സിലാക്കേണ്ടുന്ന, ശ്രദ്ധിക്കേണ്ട, നമ്മുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യം ഈ നാല് കുടുംബങ്ങളെ കുറിച്ച് പറയുമ്പോള്‍ കുത്തക മൂലധനം എന്നാണ് മാവോ പറയുന്നത്. അല്ലാതെ കച്ചവട മൂലധനം എന്നല്ല. അതിനെ കുറിച്ച് വിവരിക്കുമ്പോള്‍ ഇരുപതു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഈ നാല് വന്‍കിട കുടുംബങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ജീവിതത്തിന്റെ മുഴുവന്‍ ജീവ നാഡികളിലും കുത്തക സ്ഥാപിച്ചിരിക്കുന്നു. ഈ കുത്തക മൂലധനം ഭരണകൂട അധികാരവുമായി ഒത്തുചേര്‍ന്നുകൊണ്ടു ഭരണകൂട കുത്തക മുതലാളിത്തമായിരിക്കുന്നു. ഈ കുത്തക മുതലാളിത്തം വിദേശ സാമ്രാജ്യത്വവുമായും  അതുപോലെ ആഭ്യന്തര ഭൂപ്രഭു വര്‍ഗ്ഗവുമായും പഴയ തരത്തില്‍ ഉള്ള ധനിക കര്‍ഷകരുമായും കെട്ടുപിണഞ്ഞ് കൊണ്ട് ദല്ലാള്‍ നാടുവാഴിത്ത ഭരണകൂട കുത്തക മുത്തലാളിത്തമായി മാറിയിരിക്കുന്നു. ഇതാണ് ചിയാങ്ങ് കൈഷകിന്റെ പിന്തിരിപ്പന്‍ ഭരണത്തിന്റെ സാമ്പത്തിക അടിത്തറ.

ഈ ഭരണകൂട കുത്തക മുതലാളിത്തം തൊഴിലാളികളേയും കര്‍ഷകരേയും മാത്രമല്ല നഗരത്തിലുള്ള പെറ്റി ബൂര്‍ഷ്വാസിയേയും ചൂഷണം ചെയ്യുന്നുണ്ട്, അടിച്ചമര്‍ത്തുന്നുണ്ട്. ഈ ഭരണകൂട കുത്തക മുതലാളിത്തം ചെറുത്ത്‌നില്പ് യുദ്ധത്തിന്റെ കാലഘട്ടത്തില്‍ ജപ്പാന്റെ കീഴടങ്ങലിനു ശേഷം അതിന്റെ വികാസത്തിന്റെ പാരമ്യത്തില്‍ എത്തി. അത് പുത്തന്‍ ജനാധിപത്യ വിപ്ലവത്തിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഈ മൂലധനത്തെ ചൈനയില്‍  പൊതുവില്‍ ഉദ്യോഗസ്ഥമേധാവിത്ത മൂലധനം എന്നാണ് അറിയപ്പെടുന്നത്. ഈ മുതലാളിത്ത വര്‍ഗ്ഗം ഉദ്യോഗസ്ഥമേധാവിത്ത വര്‍ഗ്ഗം എന്നാണ് അറിയപ്പെടുന്നത്. ഇതാണ് ചൈനയിലെ വന്‍കിട ബൂര്‍ഷ്വാസി. അപ്പോള്‍ ചൈനയില്‍ സമ്രാജ്യത്വത്തിനുള്ള സവിശേഷ അധികാരങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം രാജ്യത്തിനകത്ത് പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്റെ കടമ എന്ന് പറയുന്നത് ഭൂപ്രഭൂ വര്‍ഗ്ഗത്തിന്റെയും ഉദ്യോഗസ്ഥമേധാവിത്ത മുതലാളി വര്‍ഗ്ഗത്തിന്റേയും, അതായത് വന്‍കിട ബൂര്‍ഷ്വാസിയുടേയും, ചൂഷണവും മര്‍ദ്ദനവും ഇല്ലാതാക്കുക എന്നതാണ്. ദല്ലാള്‍ നാടുവാഴിത്ത ഉല്പാദന ബന്ധങ്ങളെ മാറ്റി തീര്‍ക്കുക, ഉല്പാദന ശക്തികളെ കെട്ടഴിച്ച് വിടുക എന്നതൊക്കെയാണ് ഈ വിപ്ലവത്തിന്റെ കടമ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്റെ ലക്ഷ്യം നാടുവഴിത്തത്തേയും കുത്തക മുതലാളിത്തത്തേയും അഥവ നാടുവാഴി ഭൂപ്രഭു വര്‍ഗ്ഗത്തേയും ഉദ്യോഗസ്ഥമേധാവിത്ത  മുതലാളിവര്‍ഗ്ഗത്തേയും ഇല്ലാതാക്കുക എന്നുള്ളതാണ്. അല്ലാതെ ഒട്ടു മൊത്തത്തില്‍ മുതലാളിത്തത്തെ ഇല്ലാതാക്കുക എന്നുള്ളതല്ല. അതായത് പെറ്റി ബൂര്‍ഷ്വാസിയുടെ മേല്‍ത്തട്ടിനേയോ ഇടത്തരം ബൂര്‍ഷ്വാസിയെയോ ഇല്ലാതാക്കുക എന്നതല്ല. ചൈനയുടെ പിന്നോക്കാവസ്ഥ പരിഗണിച്ചാല്‍ വിപ്ലവത്തിന്റെ രാജ്യവ്യാപകമായ വിജയത്തിന് ശേഷവും ഒരു നീണ്ട കാലത്തേക്ക് ഈ വര്‍ഗ്ഗങ്ങള്‍ പ്രതിനിധീകരിക്കുന്ന സമ്പദ്ഘടനയുടെ മുതലാളിത്ത ഘടകങ്ങള്‍ തുടരാന്‍ അനുവദിക്കേണ്ടതാവിശ്യമായിട്ട് വരും.

നമ്മുക്കീ വിശകലനത്തില്‍ നിന്ന് കാണാന്‍ കഴിയുന്നതെന്താണ്? മാവോയുടെ അഭിപ്രായത്തില്‍ ഈ ദല്ലാള്‍ ബൂര്‍ഷ്വാസി എന്ന് പറയുന്നത് ചൈനയിലും വെറും കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന ആള്‍ക്കാരല്ല. ആ രാജ്യത്തിന്റെ സാമ്പത്തിക നാഡികള്‍ എല്ലാം  തന്നെ കയ്യടക്കി വെച്ചിരിക്കുന്ന, എല്ലാം തന്നെ നിയന്ത്രണത്തില്‍ കൊണ്ടു വന്നിരിക്കുന്ന ഒരു കുത്തക വര്‍ഗ്ഗമായിരുന്നു അത്. വന്‍കിട ബൂര്‍ഷ്വാസിയെന്നാണ് മാവോ അതിനെ വിശേഷിപ്പിച്ചിരുന്നത്. ബാങ്കുകള്‍ അവരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നു. ഉള്ള വ്യവസായങ്ങള്‍ പലതും അവരുടെ നിയന്ത്രണത്തിലായിരുന്നു. പല സാമ്രാജ്യത്വ ശക്തികളുമായി അവര്‍ കൂട്ടുകൂടുന്നുണ്ടായിരുന്നു. റെയില്‍വെ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്നു. അപ്പോള്‍ ഒരര്‍ത്ഥത്തിലും കച്ചവടത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു വര്‍ഗ്ഗമായിരുന്നില്ല ചൈനയിലെ ദല്ലാള്‍ ബൂര്‍ഷ്വാസി. അത്‌കൊണ്ട് തന്നെ, ചൈനയിലവര്‍ വെറും കച്ചവടക്കാരായിരുന്നു, ഇന്ത്യയില്‍ കണ്ടോ വമ്പന്മാരാണ് എന്നൊക്കെ പറയുന്നത് കാര്യമറിയാതെ എന്തെങ്കിലുമൊക്കെ വിളിച്ച് പറയുന്നതാണ്. നേരത്തെ തന്നെ നമ്മള്‍ കണ്ട് കൊണ്ടിരുന്ന ആ പ്രവണതയുടെ തന്നെ ഒരാവര്‍ത്തനമാണിത്.

ഇനി സിപിഎം സൈദ്ധാന്തികരെന്ന് അവകാശപ്പെടുന്നവര്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ചില തെറ്റിദ്ധാരണങ്ങള്‍ ശ്രദ്ധിച്ച് നോക്കുക. അധിനിവേശിത രാജ്യങ്ങളിലെ ബൂര്‍ഷ്വാസിയുടെ ഇരട്ട സ്വഭാവം മാവോ അപഗ്രഥിച്ചു എന്നാണവര്‍ പറയുന്നത്. ബൂര്‍ഷ്വാസിയുടെ ഇരട്ട സ്വഭാവമെന്ന് പറയുമ്പോള്‍ ഏത് ബൂര്‍ഷ്വാസിയുടെ ഇരട്ട സ്വഭാവമാണ് മാവോ പറഞ്ഞത്? ദേശീയ ബൂര്‍ഷ്വാസി എന്ന് വിശേഷിപ്പിക്കാവുന്ന വിഭാഗത്തിന്റെ ഇരട്ട സ്വഭാവത്തെക്കുറിച്ചാണ് മാവോ പറഞ്ഞത്. മറിച്ച് വന്‍കിട ബൂര്‍ഷ്വാസിയായിട്ടുള്ള ദല്ലാള്‍ ബൂര്‍ഷ്വാസിയുടെ, ദല്ലാള്‍ ഉദ്യോഗസ്ഥ മേധാവിത്ത ബൂര്‍ഷ്വാസി എന്ന് പറയുന്ന വിഭാഗത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരു ഇരട്ട സ്വഭാവത്തെക്കുറിച്ചും മാവോ പറഞ്ഞിട്ടില്ല. നേരെ മറിച്ച് അതിനൊരു സ്വഭാവം മാത്രമെ ഉള്ളൂ –  സാമ്രാജ്യത്വവുമായി ഒട്ടിനിന്ന്‌കൊണ്ട് രാജ്യത്തെ കൊള്ളയടിക്കുക, ചൂഷണം ചെയ്യുക അതിലൂടെ വളരാന്‍ ശ്രമിക്കുക. അപ്പോള്‍ ഒരു കാരണവശാലും ആ ബൂര്‍ഷ്വാസിക്ക് ദേശസ്‌നേഹപരമായ യാതൊരു പങ്കുമില്ല.  അതിന് അന്നും ഇന്നും ഒരേ സ്വഭാവമാണ്.

അപ്പോള്‍ ഈ വിഷയം, അതായത് ചൈന പോലുള്ള രാജ്യങ്ങളില്‍ രണ്ട് തരത്തിലുള്ള ബൂര്‍ഷ്വാസിയുണ്ട്, ഒന്ന് ഒരു ദല്ലാള്‍ ഉദ്യോഗസ്ഥമേധാവിത്ത ബൂര്‍ഷ്വാസി, സാമ്രാജ്യത്വവുമായി ഒട്ടിനില്‍ക്കുന്നൊരു ബൂര്‍ഷ്വാസി, മറ്റൊന്ന് ഒരു ദേശീയ ബൂര്‍ഷ്വാസി. ഈ നിലക്കുള്ള ഒരു വേര്‍തിരിവ് ആദ്യമായിട്ട് കൊണ്ടുവന്നത് മാവോ സേതൂങ്ങാണ്. അതിന് മുമ്പ്  വന്‍കിട ബൂര്‍ഷ്വാസി, ചെറുകിട ബൂര്‍ഷ്വാസി, ബൂര്‍ഷ്വാസിയുടെ ഇരട്ട സ്വഭാവം എന്നൊക്കെ കുറച്ചൊക്കെ അവ്യക്തമായ രീതിയിലാണ് സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ വിഷയത്തെ മനസ്സിലാക്കിയിരുന്നത്. കാരണം അതൊരു പുതിയ വിഷയമായിരുന്നു. അതിലൊരു വ്യക്തത കൈവരുത്തിയത് മാവോയാണ്.
ഇനി മറ്റൊരു കാര്യം കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ദല്ലാള്‍ ബുര്‍ഷ്വാസിയുടെ വ്യവസായിക പ്രവേശനത്തെക്കുറിച്ച് പറയുമ്പോള്‍ സുനീതീകുമാര്‍ ഘോഷിന്റെ പുസ്തകത്തില്‍ കാണാന്‍ കഴിയുന്ന പോലെ ബ്രീട്ടീഷ് കാലഘട്ടം മുതലെ നടന്ന് വരുന്ന ഒരു പ്രക്രിയയായിരുന്നു ഇത്.

ആദ്യമവര്‍ പഞ്ചസാരമില്ലിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. അവിടെ നിന്ന് തുണിമില്ലുകളിലേയ്ക്ക് പ്രവേശിച്ചു. പിന്നെ വ്യവസായിക രാസപദാര്‍ത്ഥങ്ങളുടെ ഉല്പാദന മേഖലയിലേക്ക് കടന്നു. അങ്ങനെ പടിപടിയായിട്ടാണ് ദല്ലാള്‍ ബൂര്‍ഷ്വാസി ഓരോരോ മേഖലയിലേക്ക് കടന്ന് വന്നത്. ഇവിടെ ഒക്കെ, ഉദാഹരണത്തിന് ടാറ്റ ജാംഷഡ്പൂരില്‍ ആദ്യമായിട്ടൊരു ഇരുമ്പുരുക്കു ശാല സ്ഥാപിക്കുമ്പോള്‍, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒത്താശയോട് കൂടി, അതിന്റെ നിര്‍ദ്ദേശപ്രകാരം, അതിന്റെ സഹായത്തോട് കൂടിയാണത് ചെയ്തത്.
കാരണം ഒന്നാം ലോകയുദ്ധത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ വ്യവസായികമായിട്ട് ചെറിയൊരു അടിത്തറയില്ലെങ്കില്‍ ബുദ്ധിമുണ്ടാകുമെന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വം വിലയിരുത്തിയിട്ടുണ്ടായിരുന്നു. അതിന്റെ ബലത്തിലാണ് അത് ടാറ്റക്ക് അത്തരത്തിലൊരു ഒത്താശ ചെയ്ത് കൊടുത്തത്.

ഇതേ കാലത്ത് തന്നെ ആണ് തിരുവിതാംകൂറിലും അതേപോലെ ഹൈദരാബാദിലും മൈസൂരിലും ബറോഡയിലുമൊക്കെ, താരതമ്യേന വലിയ നാട്ടുരാജ്യങ്ങളിലൊക്കെ, വ്യവസായിക വികാസമുണ്ടാകുന്നത്. ചെറിയ വ്യാവസായിക മേഖല വളര്‍ന്ന് വരാനായിട്ട് സാമ്രാജ്യത്വം അനുവാദം കൊടുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. ഈ വസ്തുത, അതായത് ഇത്തരത്തില്‍ ഒരു വ്യവസായിക മേഖലയുടെ വളര്‍ച്ച, അതുമായി ബന്ധപ്പെട്ട ഒരു ബൂര്‍ഷ്വാസിയുടെ പരിവര്‍ത്തനം, ഇതൊന്നും ഒരു പുതിയ കാര്യമല്ല.  പണ്ട് മുതലെ തുടങ്ങിയ ഒരു കാര്യമാണ്. അതിന്റെ ഒരു തുടര്‍ച്ചയാണ് ഇന്നിപ്പോള്‍ അംബാനിയും കൂട്ടരും ടാറ്റയും മറ്റുമൊക്കെ വിദേശത്ത് പോയി കമ്പനികളൊക്കെ വാങ്ങിയെടുക്കുകയും മറ്റും ചെയ്യുന്നത്. ഇത് കണ്ട്‌കൊണ്ട,് കണ്ടോ സ്വന്തം നിലക്ക് ഇന്ത്യന്‍ ബൂര്‍ഷ്വാസിയിതാ വിദേശത്ത് പോയി കമ്പനികള്‍ ഏറ്റെടുക്കുന്നു എന്നൊക്കെ പറയുന്നത്, ഇന്ത്യന്‍ ബൂര്‍ഷ്വാസി ഉല്പാദനമേഖലയില്‍ നിന്ന് മിച്ചം സമാഹരിച്ച് വളരുന്ന ഒരു ബൂര്‍ഷ്വാസി ആണ് കച്ചവടത്തിലൂടെയുള്ള ലാഭമല്ല അതിന്റെ അടിസ്ഥാനം എന്നൊക്കെ പറയുന്നത്, എന്താണ് കാര്യമെന്നറിയാതെ, എന്താണ് യഥാര്‍ത്ഥത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന പരിവര്‍ത്തനം എന്നറിയാതെ നടത്തുന്ന  ചായക്കട വാചകമടിയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിദേശത്ത് പോയി ഇന്ത്യന്‍ കുത്തകകള്‍ കമ്പനികള്‍ ഏറ്റെടുക്കുമ്പോള്‍ മുമ്പ് ആ മേഖലയില്‍ ഉണ്ടായിരുന്ന സാമ്രാജ്യത്വ കുത്തകകള്‍ എന്ത് കൊണ്ടാണ് അത്തരം കമ്പനികള്‍ വില്‍ക്കാന്‍ തയ്യാറായിട്ടുള്ളത്, ആ കമ്പനികള്‍ വിറ്റിട്ട് കിട്ടുന്ന മൂലധനം ഏത് മേഖലയിലാണ് അവര്‍ മുതല്‍മുടക്കിയിരിക്കുന്നത്, ഈ ഒരു പരിവര്‍ത്തനത്തിന്റെ ആകെ മൊത്തത്തിലുള്ള പശ്ചാത്തലമെന്താണ്? ഇതെല്ലാം പരിശോധിച്ച് കഴിഞ്ഞാല്‍ 1980 കളുടെ അവസാനത്തോട് കൂടി സാമ്രാജ്യത്വ ലോകത്ത് വന്ന് കൊണ്ടിരിക്കുന്ന, സാമ്രാജ്യത്വ സമ്പദ്ഘടനയില്‍ വന്ന് കൊണ്ടിരിക്കുന്ന, സാമ്രാജ്യത്വ കുത്തക മുതലാളിമാരുടെ ഇടപാടുകളില്‍ വന്ന് കൊണ്ടിരിക്കുന്ന പ്രമുഖമായൊരു മാറ്റം നമ്മുക്ക് ശ്രദ്ധിക്കാനാവും. അതാണ് ധനവത്ക്കരണം എന്ന പ്രതിഭാസം. കുറെ കാലമായിട്ട് സാമ്രാജ്യത്വ കുത്തകകളെ സംബന്ധിച്ചിടത്തോളം അവരുടെ വരുമാനത്തിന്റെ,  മിച്ചത്തിന്റെ പ്രധാന സ്രോതസ്സ് ഉല്പാദന പ്രവര്‍ത്തനങ്ങളല്ല.

ഉദാഹരണത്തിന് ജിഇസി, ഐബിഎം എന്നിങ്ങനെയുള്ള പ്രശസ്തമായ നിര്‍മ്മാണ കമ്പനികള്‍ പോലും, ഇന്റല്‍ പോലുള്ള കമ്പനികള്‍ പോലും, അവരുടെ പ്രധാന ലാഭം കണ്ടെത്തുന്നത് ധനമേഖലയില്‍ നിന്നാണ്. ഈ ധനമേഖയില്‍ നിന്നുള്ള വരുമാനമാണ് അവരെ ആകര്‍ഷിക്കുന്നത്. അതിലാണവര്‍ പ്രധാനമായും ഊന്നുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനെ പല മേഖലകളിലുമുള്ള സാമ്രാജ്യത്വ കുത്തക മൂലധനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പടിപടിയായി പിന്തിരിഞ്ഞ്‌കൊണ്ട് ഇത്തരത്തിലുള്ള മേഖലയിലേക്ക് മാറികൊണ്ടിരിക്കുകയാണ്. അവര്‍ പിന്തിരിയുന്ന, കയ്യൊഴിയുന്ന മേഖലകളിലേക്കാണ് ഇന്ത്യയെ പോലുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള ദല്ലാള്‍ ഉദ്യോഗസ്ഥമേധാവിത്ത കുത്തകകള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നത്.

ആ പ്രവേശനമാവട്ടെ പലപ്പോഴും അവര് സമാഹരിക്കുന്ന മിച്ചത്തിനെ ആശ്രയിച്ചിട്ടല്ല.  നേരെമറിച്ച്  ഏറ്റെടുക്കാന്‍ പോകുന്ന കമ്പിനിയുമായിട്ടൊക്കെ ബന്ധപ്പെട്ട് കിടക്കുന്ന ബാങ്കുകള്‍ ഏര്‍പ്പാടാക്കി കൊടുക്കുന്ന ധനസഹായത്തിന്റെ, കടത്തിന്റെ, പിന്തുണയോടെ ആണ് അവര്‍ അതെല്ലാം ഏറ്റെടുക്കുന്നത്. ടെട്‌ലി ചായ കമ്പനി ടാറ്റ ഏറ്റെടുത്തതില്‍, റോള്‍സ് റോയിസ്-ലാന്‍ഡ് ലോവര്‍ കമ്പനിയെ ഏറ്റെടുത്തതിലൊക്കെത്തന്നെ കൃത്യമായും ഇത് നമ്മുക്ക് കാണാന്‍ കഴിയും. അപ്പോള്‍ ഇതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയെ  പോലുള്ള രാജ്യങ്ങളിലെ കുത്തക ബൂര്‍ഷ്വാസി സാമ്രാജ്യത്വ രാജ്യങ്ങളിലെ മൂലധനത്തിനെ നേരിടാന്‍ കഴിയുന്ന ഒരവസ്ഥയിലേക്ക് ഒരര്‍ത്ഥത്തിലും, ഇന്നേവരെ എത്തീട്ടില്ല. അവരനുവദിക്കുന്നിടത്തോളം കാലവും അവര്‍ക്കാവശ്യമുള്ളിടത്തോളം കാലവും മാത്രമെ ഇവര്‍ക്ക് അങ്ങോട്ടുള്ള പ്രവേശനം സാധ്യമാവുകയുള്ളൂ. അതല്ലാതെ സാധ്യമല്ല. ശ്രമിച്ച് കഴിഞ്ഞാല്‍ അവരെ തകര്‍ത്തു വിടുകയും ചെയ്യും.

ഇന്നും ലോകത്തിന്റെ നിയന്ത്രണം നിലനില്‍ക്കുന്നത് സാമ്രാജ്യത്വ കുത്തക മൂലധനത്തിന്റെ, ഫൈനാന്‍സ് മൂലധനത്തിന്റെ കയ്യിലാണ്. ലോകതലത്തില്‍ കഷ്ടിച്ച് പത്തോ പതിനഞ്ചോ ധനകാര്യ സ്ഥാപനങ്ങളാണ് ലോകത്തിലുള്ള സകല ബഹുരാഷ്ട്ര കുത്തകകളുടേയും നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. ഇത് സ്വിറ്റ്‌സര്‍ലാന്റിലുള്ള ഒരു ഗവേഷണ സ്ഥാപനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചൂണ്ടികാണിച്ചിട്ടുള്ളതാണ്. ഇന്റര്‍നെറ്റിലൊക്കെ വന്നിട്ടുള്ള കാര്യമാണ്. വല്ലപ്പോഴുമൊക്കെ വായിക്കുക എന്ന ശീലം ഈ ഗവേഷണബുദ്ധികള്‍ക്കുണ്ടാകുന്നത് നല്ലതാണ്. ചുരുങ്ങിയപക്ഷം ഇത്തരത്തില്‍ അബദ്ധങ്ങള്‍ പറഞ്ഞ് ആരെയെങ്കിലുമൊക്കെ വിമര്‍ശിക്കാന്‍ ഒരുമ്പെടുന്നതിനു പകരം, വസ്തുതാപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കൊണ്ടുള്ള വിമര്‍ശനത്തിനും ആശയസമരത്തിനും അത് ഇടം സൃഷ്ടിക്കും. അങ്ങനെ ഒരാശയസമരം നല്ലൊരു കാര്യമായിരിക്കും. കാരണം വസ്തുതകള്‍ കൂടുതല്‍ വ്യക്തമായിട്ടും സമഗ്രമായിട്ടും മനസ്സിലാക്കാന്‍, ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന, പൊതുവില്‍ ഇടതു മനോഭാവമുള്ള, ജനങ്ങളെ സംബന്ധിച്ചിടത്തോളം അത് ഉപകാരപ്രദമായിരിക്കും.

അവസാനിപ്പിക്കും മുമ്പ്, കുഞ്ഞിക്കണ്ണന്റെ കാര്യത്തില്‍ കാണുന്ന ഒരു പതിവ് പരാതികൂടി പരാമര്‍ശിക്കട്ടെ. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാവോയിസ്റ്റ് സായുധസംഘങ്ങള്‍ അലഞ്ഞ്തിരിയാന്‍ തുടങ്ങിയത് എന്നാണ് ആരോപണം. അവര്‍ അലഞ്ഞ്തിരിയുകയാണോ എന്ന കാര്യം അവിടെ നില്‍ക്കട്ടെ.  എന്നു മുതലാണ് സിപിഐ മാവോയിസ്റ്റിന്റെ നേതൃത്വത്തിലുള്ള സായുധസംഘങ്ങള്‍ കേരളത്തിലെ വനമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്? ഏത് വര്‍ഷം മുതലാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്? ചുരുങ്ങിയ പക്ഷം ഇങ്ങനെയുള്ള വസ്തുതകള്‍ എങ്കിലും ശ്രദ്ധിക്കാനുള്ള ശേഷി ഒരു ഗവേഷകബുദ്ധിക്ക് ഉണ്ടാവേണ്ടതല്ലെ?

മുരളി (അജിത് )
മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ഗ്രന്ഥകാരന്‍. നീണ്ടകാലം ഒളിവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി.