| Sunday, 19th May 2019, 12:04 pm

മാവോയിസ്റ്റ് ദമ്പതികള്‍ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി ; ചടങ്ങില്‍ ആശംസകളുമായി കാനം രാജേന്ദ്രനും ബിനോയ് വിശ്വവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍ : മാവോയിസ്റ്റ് ദമ്പതികളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി. പശ്ചിമ ബംഗാള്‍ സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ഒര്‍കോദീപാണ് വരന്‍. പരോളിലിറങ്ങിയ രൂപേഷിന്റെയും ജാമ്യത്തിലുളള ഷൈനയുടെയും സാന്നിധ്യത്തില്‍ വലപ്പാട്ടെ വീട്ടിലായിരുന്നു വിവാഹ ചടങ്ങ്.

തൃപ്രയാര്‍ സബ് രജിസ്ട്രാര്‍ ചന്തപ്പടിയിലെ വീട്ടിലെത്തിയാണ് വിവാഹവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചത്. ചാലക്കുടി ഡി.വൈ.എസ്.പി ലാല്‍ജിയുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സന്നാഹത്തിന്റെ അകമ്പടിയിലാണ് രൂപേഷിനെ വീട്ടിലെത്തിയത്.

ഓര്‍ക്കോദീപ് കൊല്‍ക്കത്ത വര്‍ധമാന്‍ മെഡിക്കല്‍ കൊളജില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ആമി ശാന്തിനികേതനില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ചടങ്ങില്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി വീട്ടിലെത്തി പങ്കെടുത്തിരുന്നു. ഞായറാഴ്ച രാവിലെ 10മുതല്‍ വാടാനപ്പള്ളി വ്യാപാരഭവനില്‍ വിവാഹ സല്‍ക്കാരത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഗ്രോ വാസു, അജിത തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

നേരത്തെ രൂപേഷ് ജയിലില്‍ നിന്ന് ആമിക്ക് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആമിതന്നെയാണ് കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.മകളുടെ കുട്ടിക്കാലം മുതലുള്ള ഓര്‍മകളെയും സമരപോരാട്ടങ്ങളെയും കത്തില്‍ രൂപേഷ് കുറിച്ചിരുന്നു.

‘1995 ആഗസ്റ്റ് 18നാണ് ആമിമോളുടെ ജനനം. അതിനും മൂന്നുവര്‍ഷം മുമ്പുള്ള ഒരു വര്‍ഗീസ് രക്തസാക്ഷിത്വ ദിനത്തിലാണ് ഞാനും ഷൈനയും ഒന്നിച്ചുജീവിക്കാന്‍ ആരംഭിച്ചത്. മുഴുനീള വിപ്ലവപ്രവര്‍ത്തനം, അതിജീവനത്തിനായുള്ള കുഞ്ഞുകുഞ്ഞു ജോലികള്‍ ഇതിനിടയിലേക്കാണ് ആമിമോള്‍ കടന്നുവരുന്നത്.

വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ തടസ്സമാകുമോ എന്ന ആധി അക്കാലത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നു’-ഇങ്ങനെയാണ് കത്ത് തുടങ്ങുന്നത്.
പിന്നീട് നെല്ലിയാമ്പതിയിലെയും പുല്‍പള്ളിയിലെയും ഇരിട്ടിയിലെയും ആദിവാസി സമരങ്ങളിലും വൈത്തിരിയിലെ തോട്ടം തൊഴിലാളികളുടെ മുന്നേറ്റങ്ങളിലും വൈപ്പിന്‍ കര്‍ഷകരുടെ സമരങ്ങളിലുെമല്ലാം ആമിയുടെ സാന്നിധ്യമുണ്ടായി.

തങ്ങളുടെ പഠനവും തൊഴിലും പ്രവര്‍ത്തനങ്ങളുെമല്ലാം മകള്‍ക്കൊപ്പമായിരുന്നെന്ന് ഓര്‍ക്കുന്ന രൂപേഷ് മാവേലിക്കരയിലെ പൊതുപരിപാടിയില്‍ 16ഉം 10ഉം വയസ്സായ രണ്ടുമക്കളെയും (ആമിയെയും അനിയത്തി സവേരയെയും) അറസ്റ്റ് ചെയ്ത് മഹിളമന്ദിരത്തില്‍ അടച്ചതിനെക്കുറിച്ചും എഴുതുന്നു.

മാതാപിതാക്കള്‍ ജയിലിലായിരുന്നപ്പോള്‍ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും കൈത്തിരിയുമായി ആ കൗമാരക്കാരി ജയിലുകളില്‍നിന്നും ജയിലുകളിലേക്കും കോടതികളില്‍നിന്നും കോടതികളിലേക്കും അലഞ്ഞു. അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി.

നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ജാമ്യത്തിലാണെങ്കിലും ഷൈനയുടെ മോചനത്തിന് മുന്നില്‍ നിന്നതും ആമിയാണ്. പശ്ചിമബംഗാളിലെ ദക്ഷിണ 24 പര്‍ഗാനയിലെ മദന്‍ ഗോപാലിന്റെയും ടുള്‍ടുളിന്റെയും മകന്‍ ഓര്‍ക്കോദീപാണ് പങ്കാളി. ഒന്നിച്ചുള്ള ദീര്‍ഘകാലത്തെ വിദ്യാര്‍ഥിസംഘടന പ്രവര്‍ത്തനങ്ങളില്‍ പരസ്പരം അറിയുന്നവരാണവര്‍.

തനിക്ക് അവരോടൊപ്പം ഉണ്ടാകാന്‍ സാധിക്കുമോ എന്നറിയില്ല. അവരെ ആശംസിക്കാനും പുതുതലമുറയുടെ സ്വപ്നങ്ങളെ പിന്തുണക്കാനും സജീവമായി ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.

We use cookies to give you the best possible experience. Learn more