| Wednesday, 9th December 2020, 7:35 pm

DoolNews Exclusive: സി.പി ജലീല്‍ കൊലപാതകത്തിലെ പൊലീസ് വാദത്തിനെതിരെ 14 തെളിവുകള്‍

അന്ന കീർത്തി ജോർജ്

2019 മാര്‍ച്ച് 6ന് രാത്രി വയനാട് വൈത്തിരിയിലെ ദേശീയപാതയോട് ചേര്‍ന്നുള്ള ഉപവന്‍ റിസോര്‍ട്ടില്‍ വെച്ചാണ് സി.പി ജലീല്‍ എന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

പൊലീസിന് നേരെ വെടിയുതിര്‍ത്തുകൊണ്ട് പാഞ്ഞടുത്ത മാവോയിസ്റ്റുകള്‍ക്ക് നേരെ ആത്മരക്ഷാര്‍ത്ഥം തിരിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിച്ചത്.

സംഭവത്തെത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ വന്ന സാക്ഷിമൊഴികളും ഏതാനും സി.സി.ടി.വി ദൃശ്യങ്ങളും മാസങ്ങള്‍ക്ക് ശേഷം പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുമെല്ലാം പൊലീസ് ഭാഷ്യത്തിന് വിരുദ്ധമായിരുന്നുവെങ്കിലും കേരളത്തില്‍ അത് ചര്‍ച്ചയായിരുന്നില്ല.

കൃത്യം നടന്ന വൈത്തിരി ഉപവന്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആളുകള്‍ വഴിയും, സ്ഥല സംഭവ പരിശോധനകള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ വഴിയും, രേഖപ്പെടുത്തപ്പെട്ട വിവിധ റിപ്പോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍ എന്നിവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയും ഡൂള്‍ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വൈത്തിരി സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ പുറത്തുവന്നതിനേക്കാള്‍ അതീവ ഗുരുതരമായതും പൊലീസ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നതുമായ അനേകം ക്രമക്കേടുകളും വൈരുധ്യങ്ങളും കണ്ടെത്തി. ആ വസ്തുതകള്‍ ക്രോഡീകരിക്കുകയാണിവിടെ.

വൈത്തിരി സംഭവത്തെക്കുറിച്ച് ഇതുവരെ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടുകളിലെയും മറ്റു തെളിവുകളിലെയും പൊലീസ് എഫ്.ഐ.ആറിനോടുള്ള പൊരുത്തക്കേടുകള്‍

സി.പി ജലീല്‍ കൊല്ലപ്പെട്ടതിന് കാരണമായ വെടിയുതിര്‍ത്തത് ഔദ്യോഗിക സംഘത്തിന്റെ ഭാഗമല്ലാതിരുന്ന മറ്റൊരു പൊലീസുകാരനാണെന്ന ഗുരുതരമായ സംശയം

അന്വേഷണ ഘട്ടത്തില്‍ ഈ ഉദ്യോഗസ്ഥന് പകരം പൊലീസ് മറ്റൊരാളെ ഹാജരാക്കുകയായിരുന്നുവെന്ന് സംശയിക്കാവുന്ന അനേകം തെളിവുകള്‍

മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന പൊലീസിന്റെ അടിസ്ഥാന വാദത്തെ റദ്ദ് ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങളും റിസോര്‍ട്ട് ജീവനക്കാരുടെ മൊഴിയും

പൊലീസിനെതിരെ വന്ന ഗൗരവമായ സാക്ഷിമൊഴികള്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ എവിടെയും പരിഗണിക്കാതിരുന്നത്

സി.പി ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍

മാവോയിസ്റ്റുകള്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന തോക്കിലെ തിരകള്‍ കണ്ടെത്താനാകാതിരുന്നത്

സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ സംശയകരമായ വെടിയുണ്ട ഏത് വിഭാഗത്തില്‍ പെട്ടതെന്നത് സീന്‍ എക്‌സാമിനേഷനിലും ഫോറന്‍സിക് റിപ്പോര്‍ട്ടിവും വ്യത്യസ്തമായി രേഖപ്പെടുത്തിയിരിക്കുന്നത്

ജലീലിന്റെ പിന്‍ഭാഗങ്ങളില്‍ മാത്രമാണ് വെടിയേറ്റതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്,

പൊലീസ് ജനറല്‍ ഡയറിയിലെ ക്രമക്കേടുകള്‍

മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സമയത്തെക്കുറിച്ചുള്ള പൊലീസ് സംഘാംഗങ്ങളുടെ പരസ്പരവിരുദ്ധമായ മൊഴികള്‍

ഓപ്പറേഷന്‍ അനക്കോണ്ടയെക്കുറിച്ചുള്ള പൊലീസ് ഭാഷ്യത്തിലെ ദുരൂഹതകള്‍

ഫോറന്‍സിക്-ബാലിസ്റ്റിക് റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുന്‍പേ പൂര്‍ത്തിയാക്കിയ മജിസ്റ്റീരിയല്‍ അന്വേഷണത്തിലെ പാകപ്പിഴകള്‍

സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത വസ്തുക്കള്‍ക്കുള്ള സീസര്‍ മഹസറില്‍ നിന്ന് സി.സി.ടി.വി ദൃശ്യമടങ്ങിയ ഡി.വി.ആറിനെ മാത്രം ഒഴിവാക്കിയത്

വസ്തുതാന്വേഷണത്തിനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘത്തെ തടയാനെത്തിയ സംഘടന വ്യാജമാണെന്ന കണ്ടെത്തല്‍
വിവരങ്ങള്‍ പുറത്ത് പറയുന്നതിനെ വലിയ രീതിയില്‍ ഭയപ്പെടുന്ന സാക്ഷികള്‍

ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാകാത്ത ഉന്നത അന്വേഷണ ഉദ്യോഗസ്ഥര്‍, തുടങ്ങി വൈത്തിരി സംഭവത്തിന്റെ വിവിധ ഘട്ടങ്ങളിലെ പൊലീസ് ഇടപെടലുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിരവധി പാകപ്പിഴകള്‍ ഡൂള്‍ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് സംഭവത്തെക്കുറിച്ചുള്ള പൊലീസിന്റെ ഔദ്യോഗിക വിശദീകരണം എന്താണെന്ന് നോക്കാം.

സംഭവത്തെക്കുറിച്ചുള്ള പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം

വെടിവെപ്പ് നടന്ന ശേഷം, മാര്‍ച്ച് 7ന് പുലര്‍ച്ചെ രണ്ട് മണിക്ക് രേഖപ്പെടുത്തിയ എഫ്.ഐ.ആറില്‍ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെയാണ്:

‘ഇന്നലെ 06.03.2019 തിയ്യതി രാത്രി 8.40ന് ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ മൂന്നോളം മാവോയിസ്റ്റുകള്‍ ആയുധധാരികളായി വന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതായി ഒരു വിശ്വസനീയമായ വിവരം എനിക്ക് ലഭിച്ചു…കാലതാമസം വരാതിരിക്കുന്നതിനായി സ്റ്റേഷനില്‍ ഉണ്ടായിരുന്ന തണ്ടര്‍ ബോള്‍ട്ട് ടീം അംഗങ്ങളോട് റെഡിയായി എന്റെ താമസസ്ഥലത്തേക്ക് വരാന്‍ നിര്‍ദേശം നല്‍കി. ഞാന്‍ യൂണിഫോം മാറിയപ്പോഴേക്കും തണ്ടര്‍ ബോള്‍ട്ട് സംഘമെത്തി. അവരുടെയും എന്റെയും ഡിപ്പാര്‍ട്ടമെന്റ് ജീപ്പില്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. 8.55ന് ഉപവന്‍ റിസോര്‍ട്ടിന്റെ ഗേറ്റ് കടന്ന് 10 മീറ്ററോളം മുന്നോട്ട് പോയി.

ഞാനും പാര്‍ട്ടിയും പുറത്തിറങ്ങി മുന്നോട്ടുപോകുന്ന സമയം രണ്ട് ആയുധധാരികളായ ആളുകള്‍, ഉപവന്‍ റിസോര്‍ട്ടിന്റെ മുന്‍ഭാഗത്ത് നിന്ന് ഞങ്ങള്‍ക്ക് നേരെ അവരുടെ കൈവശമുണ്ടായിരുന്ന തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തുകൊണ്ട് ഞങ്ങളുടെ ഭാഗത്തേക്ക് ഓടി വരുന്നത് ഇലക്ട്രിക് വെളിച്ചത്തില്‍ കണ്ടു. ഞാന്‍ അവര്‍ക്ക് വാണിംഗ് കൊടുത്തു. അതിന് ശേഷവും അവര്‍ ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. നമുക്ക് ആള്‍നാശം സംഭവിക്കാന്‍ ഇടയുള്ളതായി ബോധ്യപ്പെട്ടതിനാലും, സ്വയംരക്ഷക്ക് അവര്‍ക്ക് നേരെ വെടിവെക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല എന്നുള്ള ഉത്തമബോധ്യം വന്നതിനാലും കൂടെയുണ്ടായിരുന്ന 5 തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളോട് ആത്മരക്ഷാര്‍ത്ഥം തിരിച്ചുവെടിയുതിര്‍ക്കാന്‍ നിര്‍ദേശം നല്‍കി. അവര്‍ വെടിയുതിര്‍ത്തു.

ഇരുട്ടില്‍ ഞങ്ങളുടെ മുന്‍ഭാഗം, കുന്നിന്‍ ഭാഗത്തുനിന്നും വെടിശബ്ദം കേട്ടു. എല്ലാവരും സ്വയംരക്ഷയ്ക്കായി ലഭ്യമായ വസ്തുക്കളുടെ കവറെടുത്ത് ശബ്ദമില്ലാതിരുന്നു. ഒരു മണിക്കൂറിലധികം അത് തുടര്‍ന്നു. പതുക്കെ പരസ്പരം കൂടെയുള്ള ആര്‍ക്കെങ്കിലും വെടിയേറ്റോ എന്ന് അന്വേഷിച്ചു. ആര്‍ക്കും മാവോയിസ്റ്റുകളുടെ വെടിവെപ്പില്‍ നിന്നും പരിക്ക് പറ്റിയിട്ടില്ലെന്ന് ബോധ്യപ്പെട്ടു. കാട്ടില്‍ മറഞ്ഞ മാവോയിസ്റ്റുകളില്‍ നിന്നും ഇനിയും വെടിവെപ്പിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഒരു മണിക്കൂറിലധികം സമയം ഞങ്ങളുടെ സ്ഥാനത്ത് തന്നെ ഇരുന്നു. അതിനിടക്ക് നിര്‍ദേശം കൊടുത്ത് റിസോര്‍ട്ടിലെ മുഴുവന്‍ ലൈറ്റുകളും ഓഫാക്കിയിരുന്നു. ഞങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് അത് ചെയ്തത്.

മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി തണ്ടര്‍ ബോള്‍ട്ടുകാരെ 2 പെയറുകളായി പറഞ്ഞു വിട്ടു. 11.30 മണിയോടുകൂടി അവര്‍ തിരിച്ചുവരികയും റിസോര്‍ട്ടിന്റെ സ്വിമ്മിംഗ് പൂളിനടുത്ത് പാന്റും ഷര്‍ട്ടും ധരിച്ച ഒരാള്‍ കമിഴ്ന്നു കിടക്കുന്നതായും അയാളുടെ കൈയ്യോടു ചേര്‍ന്ന് ഒരു തോക്കും കുറച്ചുമാറി നോട്ടുകളും ഒരു കറുത്ത ബാഗും കണ്ടതായി റിപ്പോര്‍ട്ട് ചെയ്തു…ഞങ്ങള്‍ വെടിവെച്ചതില്‍ കണ്ടാല്‍ അറിയാവുന്ന ഒരാള്‍ ഓടിപ്പോവുകയും, ഒരാള്‍ സ്ഥലത്ത് വീണു കിടക്കുന്നുമുണ്ട്.’

എഫ്.ഐ.ആറിലെ ഈ പൊലീസ് ഭാഷ്യത്തിന് നേര്‍വിപരീതമാണ് വസ്തുതകളെന്നാണ് ഡൂള്‍ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. അവ ഓരോന്നും വിശദീകരിക്കുകയാണിവിടെ.

1 പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവരാത്ത സി.സി.ടി.വി ഫോറന്‍സിക് റിപ്പോര്‍ട്ടും

മാവോയിസ്റ്റുകള്‍ ആദ്യം വെടിവെച്ചതുകൊണ്ടാണ് ആത്മാരക്ഷാര്‍ത്ഥം തിരിച്ചു വെടിവെക്കേണ്ടി വന്നതെന്ന പൊലീസ് എഫ്.ഐ.ആറിന് നേരെ വിരുദ്ധമായിരുന്നു പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങള്‍. ഉപവന്‍ റിസോര്‍ട്ടിന്റെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ മൂന്ന് ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ വഴി പുറത്തുവരികയും മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തത്.

ഇതില്‍ 29 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റിസ്പഷനില്‍ നില്‍ക്കുന്ന സി.പി ജലീലിനെയും കൂടെയുണ്ടായിരുന്ന മാവോയിസ്റ്റിനെയും കാണാം. 28 സെക്കന്റ് ദൈര്‍ഘ്യമുള്ള രണ്ടാമത്തെ വീഡിയോയില്‍ റിസ്പഷന്‍ കൗണ്ടറിനടുത്ത് നിന്നും എതിര്‍ഭാഗത്തേക്ക് നീങ്ങുന്ന ജലീലിനെ കാണാം. 7 സെക്കന്റ് ദൈര്‍ഘ്യമുള്ള മൂന്നാമത്തെ വീഡിയോയില്‍ പിന്തിരിഞ്ഞോടുന്ന മാവോയിസ്റ്റുകളെ കാണാം.

മൂന്നാമത്തെ വീഡിയോയിലെ ദൃശ്യങ്ങളാണ് വൈത്തിരി സംഭവത്തിലെ പൊലീസ് ഭാഷ്യത്തെ സംശയത്തിലാക്കുന്നത്. ഈ വീഡിയോയില്‍ മാവോയിസ്റ്റുകള്‍ റിസപ്ഷനില്‍ നിന്നും പുറത്തേക്ക് ഓടുന്നതാണ് കാണുന്നത്. ഇതില്‍ തന്നെ പുറത്തുള്ള സ്‌കൂട്ടറിനടുത്ത് നിന്ന് ഒരാള്‍ പതുങ്ങിച്ചെന്ന് റിസപ്ഷനിലേക്ക് കയറുന്നതും കാണാം. ഇയാള്‍ റിസപ്ഷന്റെ തൂണിനടുത്തേക്ക് കയറിയതിന് തൊട്ടുപിന്നാലെ അവിടെയുണ്ടായിരുന്ന ഒരാള്‍ വലിയ ശബ്ദം കേട്ട് ഞെട്ടിയെന്ന പോലെ കുനിയുന്നതും കാണാം.

എഫ്.ഐ.ആറില്‍ പൊലീസ് വാഹനമെത്തിയതും ഉപവന്‍ റിസോര്‍ട്ടിന്റെ മുന്‍ഭാഗത്ത് നിന്ന് രണ്ട് മാവോയിസ്റ്റുകള്‍ അവരുടെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയുതിര്‍ത്തുകൊണ്ട് പോലീസിന് നേരെ ഓടിവരികയായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ ദൃശ്യത്തില്‍ പൊലീസ് സാന്നിധ്യം മനസ്സിലാക്കി പിന്തിരിഞ്ഞോടുന്ന മാവോയിസ്റ്റുകളെയാണ് കാണുന്നത്.

മാവോയിസ്റ്റുകള്‍ പിന്തിരിഞ്ഞോടുന്ന അതേ സമയത്ത് തന്നെയാണ് റിസോര്‍ട്ടിലെ ജീവനക്കാരന്‍ തൊട്ടടുത്ത് നിന്നും ശബ്ദം കേട്ട് പേടിച്ച് കുനിയുന്നത്. മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ ഇയാള്‍ നല്‍കിയ മൊഴിയില്‍ വെടിയൊച്ച കേട്ടാണ് താന്‍ പേടിച്ചതെന്ന് പറയുന്നുമുണ്ട്. പിന്തിരിഞ്ഞോടുന്ന മാവോയിസ്റ്റുകള്‍ വെടിവെക്കാന്‍ ശ്രമിക്കുന്നതായി വീഡിയോയിലില്ല. അതുകൊണ്ട് തന്നെ ജീവനക്കാരന്‍ കേട്ട വെടിയൊച്ച പൊലീസിന്റേത് മാത്രമാകാനാണ് സാധ്യത. അതായത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന മാവോയിസ്റ്റുകള്‍ക്ക് നേരെ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു എന്നതിലേക്കാണ് ഈ വീഡിയോ ദൃശ്യം വിരല്‍ ചൂണ്ടുന്നത്.

വീഡിയോ ഫൂട്ടേജിലെ സമയവും ചില സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. 8.55നാണ് പൊലീസ് സംഘം ഉപവന്‍ റിസോര്‍ട്ടിലെത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ വീഡിയോ ഫൂട്ടേജില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയം 8.51 ആണ്. മിനിറ്റുകളുടെ വ്യത്യാസമാണെങ്കിലും ഇക്കാര്യം മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ എവിടെയും പരിശോധിച്ചിട്ടില്ല.

വീഡിയോയില്‍ അവ്യക്തമായ രൂപത്തില്‍ കാണുന്നയാള്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇത് കണ്ടുകൊണ്ടാണ് അവിടെയുള്ള ആള്‍ പേടിക്കുന്നതെന്നും സി.പി ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ് പരാതിയുന്നയിക്കുകയും മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഈ മൂന്ന് സി.സി.ടി.വി ദൃശ്യങ്ങളും റഷീദ് സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍, ആ ദൃശ്യത്തിലെവിടെയും വെടിവെക്കുന്നതായി കാണുന്നില്ലെന്നും, വെടിയൊച്ച കേട്ട് ഞെട്ടിയ ജീവനക്കാരന്‍ വീഡിയോയില്‍ കാണുന്ന സ്‌കൂട്ടറിനടുത്ത് നിന്നും പതുങ്ങിച്ചെന്ന ആള്‍ വെടിയുതിര്‍ത്തതായി പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച് ഈ പരാതി തള്ളുകയായിരുന്നു. വീഡിയോയില്‍ മാവോയിസ്റ്റുകള്‍ റിസ്പഷനില്‍ നിന്നും പിന്തിരിഞ്ഞോടുകയാണെന്നത് വ്യക്തമായിട്ടും ഇത് ‘തങ്ങള്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുകൊണ്ട് ഓടിവരികയായിരുന്നുവെന്ന’ പൊലീസ് ഭാഷ്യത്തെ നിരാകരിക്കുന്നുവെന്നത് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ എവിടെയും അന്വേഷണ വിധേയമാക്കിയിട്ടില്ല.

16 സി.സി.ടി.വി ക്യാമറകളുള്ള റിസോര്‍ട്ടിലെ ഈ മൂന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസ് പുറത്തുവിട്ടത്. തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള ലക്ഷ്യത്തോടെയാണ് ചില ദൃശ്യങ്ങള്‍ മാത്രം പുറത്തുവിട്ടതെന്ന് അന്നുതന്നെ പൊലീസിനെതിരെ ആക്ഷേപമുയര്‍ന്നിരുന്നു.

ജലീലിന്റെ മൃതദേഹം കണ്ടെത്തിയ കൃത്രിമ ഫൗണ്ടനടുത്തുള്ള ക്യാമറ ഒഴികെ മറ്റെല്ലാ സി.സി.ടി.വി ക്യമറകളും പ്രവര്‍ത്തനക്ഷമമായിരുന്നെന്ന് റിസോര്‍ട്ട് ഫിനാന്‍സ് മാനേജറും എച്ച്.ആറുമായ ഡൊമിനിക് സാവിയോ നല്‍കിയ മൊഴിയില്‍ പറയുന്നു. മാര്‍ച്ച് 7ന് തന്നെ സി.സി.ടി.വി ഫൂട്ടേജടങ്ങിയ ഡി.വി.ആര്‍ പൊലീസ് കൊണ്ടുപോയെന്നും ഡൊമിനിക് പറയുന്നു. എന്നാല്‍ ഡി.വി.ആറിന്റെ മഹസര്‍ കോപ്പി നല്‍കിയില്ലെന്നും ഇദ്ദേഹത്തിന്റെ മൊഴിയില്‍ പറയുന്നു. സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച മറ്റെല്ലാ വസ്തുക്കള്‍ക്കും മഹസര്‍ നല്‍കിയപ്പോള്‍ സി.സി.ടി.വി ഫൂട്ടേജടങ്ങിയ ഡി.വി.ആറിനെ മാത്രം ഒഴിവാക്കിയത് സംശയകരമാണ്.

കോടതിയില്‍ സമര്‍പ്പിച്ച ഡി.വി.ആര്‍ അവിടെ നിന്നും ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും അതിനാല്‍ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നേരിട്ട് പരിശോധിക്കാനായില്ലെന്നുമാണ് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. എന്നാല്‍ കേസിലെ സുപ്രധാന തെളിവായ സി.സി.ടി.വി ഫൂട്ടേജുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ അന്വേഷണത്തിന്റെ സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടാനുള്ള നിയമപരമായ അധികാരം മജിസ്ട്രേറ്റിന് ഉണ്ടെന്നും എന്നാല്‍ മജിസ്‌ട്രേറ്റ് അതിനുള്ള ശ്രമം നടത്താതെ ചില സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ തികച്ചും അപൂര്‍ണ്ണമായ രീതിയില്‍ അന്വേഷണം അവസാനിപ്പിച്ചിരിക്കുയാണെന്നും സി.പി ജലീലീന്റെ ബന്ധുക്കള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. വി.ജി ലൈജു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഫോറന്‍സിക് ബാലിസ്റ്റിക് റിപ്പോര്‍ട്ടും മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടും പുറത്തുവന്ന സാഹചര്യത്തില്‍ സി.സി.ടി.വി ഫൂട്ടേജുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ സ്റ്റാറ്റസ് അറിയുന്നതിനായി അധികൃതരെ സമീപിച്ചപ്പോഴാണ് സ്റ്റേറ്റ് ഫോറന്‍സിക് ലാബ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അറിയാന്‍ കഴിഞ്ഞത്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കുന്നതിനായി ജലീലിന്റെ ബന്ധുക്കള്‍ നിലവില്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. വൈത്തിരി സംഭവത്തിന്റെ ഏറ്റവും ആധികാരികമായ തെളിവായ, യഥാര്‍ത്ഥത്തില്‍ 2019 മാര്‍ച്ച് 6ന് രാത്രിയില്‍ ഉപവന്‍ റിസോര്‍ട്ടില്‍ സംഭവിച്ചത് എന്തായിരുന്നു എന്ന് വ്യക്തമാക്കുന്ന, സി.സി.ടി.വി ദൃശ്യങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവരാന്‍ വൈകുന്നതിനെ സ്വാഭാവിക കാലതാമസമായി ഒരിക്കലും കണക്കാക്കാനാകില്ല.

2 പൊലീസാണ് വെടിവെപ്പ് തുടങ്ങിയതെന്ന് റിസോര്‍ട്ട് ജീവനക്കാര്‍

ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളാണെന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിനിടയിലാണ് ‘പൊലീസാണ് ആദ്യം വെടിവെച്ചതെന്ന’ സാക്ഷിമൊഴി തൊട്ടടുത്ത ദിവസം തന്നെ പുറത്തുവന്നത്. റിസോര്‍ട്ട് മാനേജറായ കെ.ടി രഞ്ജിത്താണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മാവോയിസ്റ്റുകള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ബന്ദികളാക്കിയെന്നുമുള്ള ആദ്യം പൊലീസ് പറഞ്ഞ വാദത്തിനെതിരെ റിസോര്‍ട്ടിലെ കരാര്‍ തൊഴിലാളിയായ ഫിറോസും മാധ്യമങ്ങളില്‍ സംസാരിച്ചിരുന്നു.

കെ.ടി രഞ്ജിത് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്:
‘ഏകദേശം 7.35 ഓടെയായിരുന്നു അവരെത്തിയത്. രണ്ട് പേരുണ്ടായിരുന്നു. മാനേജര്‍മാര്‍ ആരും ആ സമയത്ത് ഇവിടെയില്ലായിരുന്നു. ഏകദേശം 7.40 ഓടെയാണ് ജീവനക്കാരുടെ കോള്‍ എനിക്ക് വരുന്നത്. തുടര്‍ന്ന് അവരോട് സംസാരിച്ചപ്പോള്‍ തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും പണത്തിന്റെ കുറച്ച് ആവശ്യമുണ്ടെന്നുമാണ് പറഞ്ഞത്. 10 പേര്‍ക്കുള്ള ഭക്ഷണവും വേണമെന്ന് പറഞ്ഞു. ആ സമയത്ത് റിസോര്‍ട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് പറഞ്ഞതുകൊണ്ട് 10,000 രൂപയോളം അറേഞ്ച് ചെയ്ത് നല്‍കി. ഭക്ഷണം ഒരുക്കാന്‍ തുടങ്ങിയിരുന്നു. അതിന് അര-മുക്കാല്‍ മണിക്കൂര്‍ സമയം വേണമായിരുന്നു. അതിനിടിയിലാണ് കുറച്ചു പൊലീസുകാര്‍ തോക്കുമായെത്തി ഷൂട്ടിംഗ് തുടങ്ങിയത്. എങ്ങനെയാണ് പൊലീസ് ഇവിടെയെത്തിയതെന്ന് അറിയില്ല. ഇവിടെ നിന്ന് ആരും തന്നെ വിളിച്ചു പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഏരിയ നേരത്തെ തന്നെ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ഫയറിംഗ് തുടങ്ങിയ സമയത്ത് മാവോയിസ്റ്റുകള്‍ രണ്ട് പേരും റിസപ്ഷനില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. പൊലീസ് പുറത്തുനിന്നും നേരെ വന്ന് ഫയറിംഗ് തുടങ്ങുകയായിരുന്നു. അതില്‍ ഒരാള്‍ക്ക് പരിക്കേറ്റു എന്നാണ് പറയുന്നത്.’

സംഭവ സമയത്ത് റിസോര്‍ട്ടിന്റെ റിസ്പഷനിലുണ്ടായിരുന്ന ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്:
‘രണ്ട് പേരാണ് വന്നത്. അവര്‍ റിസപ്ഷനില്‍ വന്ന് ഫണ്ടിന്റെ ആവശ്യമുണ്ടെന്ന് പറഞ്ഞു. 50,000 രൂപയാണ് അവര്‍ ചോദിച്ചത്. വേറെ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. മാന്യമായായിരുന്നു അവര്‍ സംസാരിച്ചത്. വിവരം മാനേജര്‍മാരെയും മറ്റും വിളിച്ചറിയിച്ചു. അവര്‍ ഉള്ള സമയത്തായിരുന്നു ഗസ്റ്റ് വന്നത്. അവര്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കില്ലെന്ന് പറഞ്ഞു. വേറെ റൂമിലേക്ക് മാറി തരാമെന്നും പറഞ്ഞു. നിങ്ങളെ ഉപദ്രവിക്കാനല്ല വന്നത്. ഞങ്ങള്‍ക്ക് പണത്തിന്റെ ആവശ്യമുണ്ട്, അതുകൊണ്ടാണ്.

മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ഇരുവരുടെയും മൊഴികളില്‍ ഇക്കാര്യം ചോദിച്ചതായി കാണുന്നില്ല. പൊലീസിനെതിരെ ഉയര്‍ന്ന ഏറ്റവും ഗുരുതരമായ ഒരു ആരോപണം മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.

ഈ രണ്ട് പേര്‍ മാത്രമായിരുന്നു മാര്‍ച്ച് 7ന് മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയത്. പിന്നീട് ഒരിക്കല്‍ പോലും ഈ രണ്ടു പേരുള്‍പ്പെടെ സംഭവസമയത്ത് റിസോര്‍ട്ടിലുണ്ടായിരുന്ന ആരും തന്നെ മാധ്യമങ്ങളോട് സംസാരിച്ചില്ല. ഡൂള്‍ന്യൂസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി രഞ്ജിത്തിനെ സമീപിച്ചപ്പോള്‍ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് റിസോര്‍ട്ട് മാനേജ്മെന്റിന്റെ വിലക്കുണ്ടെന്നും അതിനാല്‍ അനുമതിയില്ലാതെ സംസാരിക്കാനാകില്ലെന്നുമായിരുന്നു പ്രതികരണം. ഫിറോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നമ്പറോ മറ്റു വിവരങ്ങളോ തങ്ങളുടെ പക്കലില്ലെന്നും നല്‍കാനാകില്ലെന്നുമായിരുന്നു റിസോര്‍ട്ട് അധികൃതരുടെയും മറ്റു ജീവനക്കാരുടെയും മറുപടി. ഡൂള്‍ന്യൂസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത് സംഭവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട മുഴുവന്‍ പേരും സംഭവത്തെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ പുറത്തുപറയുന്നതിനെ വലിയ രീതിയില്‍ ഭയപ്പെടുന്നു എന്നാണ്.

3 വെടിവെച്ചുവെന്ന് സംശയിക്കുന്ന ഔദ്യോഗിക കൃത്യനിര്‍വഹണത്തിലില്ലാതിരുന്ന ഉദ്യോഗസ്ഥന്‍

വൈത്തിരി ഏറ്റുമുട്ടലിനെ ദൂരൂഹമാക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് ഓപ്പറേഷന്റെ ഭാഗമല്ലാതിരുന്നിട്ടും സംഭവസമയം മുതല്‍ പിറ്റേ ദിവസം വൈകീട്ട് വരെ അവിടെയുണ്ടായിരുന്ന പൊലീസ് എന്ന് സംശയിക്കപ്പെടുന്ന ഒരു വ്യക്തിയുടെ സാന്നിധ്യമാണ്. മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിരവധി സാക്ഷിമൊഴികളില്‍ പൊലീസ് സംഘത്തിനൊപ്പമല്ലാതെ സ്‌കൂട്ടറിലെത്തിയ മറ്റൊരാളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. പൊലീസ് പുറത്തുവിട്ട സി.സി.ടി.വി ഫൂട്ടേജിലും ഇയാളെ കാണാനാകും.

മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ ഇയാളെ കുറിച്ച് പ്രതിപാദിക്കുന്ന സാക്ഷിമൊഴികള്‍ ഇവയൊക്കയാണ്:

‘എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് റിസോര്‍ട്ട് ജീവനക്കാരന്‍ റിസപ്ഷനിലേക്കെത്തിയതിന് തൊട്ടുപിന്നാലെ ഒരാള്‍ സ്‌കൂട്ടറിലെത്തി, റിസപ്ഷനിലേക്ക് ഓടിക്കയറി. അല്‍പം തടിച്ചിരുന്ന അയാള്‍ക്ക് താടിയുണ്ടായിരുന്നു. ഒരു കോട്ടും ധരിച്ചിരുന്നു. എന്നാല്‍ യൂണിഫോമിലായിരുന്നില്ല. സൈഡിലെ ജനാല വഴിയാണ് അയാള്‍ റിസപ്ഷനിലേക്ക് കയറിയത്. റിസപ്ഷനിലേക്ക് കയറുന്നതിന് മുന്‍പേ അയാള്‍ പുറത്തേക്ക് നോക്കി ‘അവര്‍ ഇവിടെയുണ്ട്, അവര്‍ ഇവിടെയുണ്ട്’ എന്നു വിളിച്ചു പറഞ്ഞു. പെട്ടെന്ന് തന്നെ മാവോയിസ്റ്റുകള്‍ പുറത്തേക്ക് ഓടിപ്പോയി. അപ്പോഴാണ് മറ്റൊരു വാഹനം റിസോര്‍ട്ടിലേക്ക് വന്നത്. സ്‌കൂട്ടറിലെത്തിയ ആള്‍ കുറെ സമയം അവിടെ തന്നെയുണ്ടായിരുന്നു. അയാള്‍ എപ്പോഴാണ് പോയതെന്ന് ഞാന്‍ കണ്ടില്ല.’ ജാഫര്‍, റിസോര്‍ട്ട് ജീവനക്കാരന്‍

‘കോട്ട് ധരിച്ച ഒരാള്‍ ആ സമയത്ത് റിസപ്ഷനിലുണ്ടായിരുന്നു. തണ്ടര്‍ ബോള്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞത്. പേര് ഓര്‍ക്കുന്നില്ല.’ സെന്‍സിയ, റിസോര്‍ട്ട് ജീവനക്കാരി

‘റിസപ്ഷനില്‍ ഒരാളുണ്ടായിരുന്നു. പൊലീസാണെന്നാണ് അയാള്‍ എന്നോട് പറഞ്ഞത്. രാവിലെ അയാളെ കണ്ടില്ല. എനിക്ക് അയാളെ അറിയില്ല.’ ഓപ്പറേഷനില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍

‘ഞാന്‍ റിസോര്‍ട്ടിലെ സെക്യൂരിറ്റി ക്യാബിനിലായിരുന്നു. ക്യു-ബ്രാഞ്ച് ഓഫീസറെ ഞാന്‍ സി.സി.ടി.വിയിലൂടെ കണ്ടു.’ രണ്ടാം സംഘത്തിനൊപ്പമെത്തിയ ഉദ്യോഗസ്ഥന്‍

‘ആദ്യ വെടിവെപ്പിന് ശേഷം ഞാന്‍ ഫ്രണ്ട് ഓഫീസിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവിടെ ഉപവന്‍ സ്റ്റാഫിനെ കൂടാതെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. അയാള്‍ പൊലീസില്‍ നിന്നാണെന്നാണ് തോന്നിയത്. പക്ഷെ യൂണിഫോം ധരിച്ചിരുന്നില്ല.’ ദേവസ്യ, ഉപവന്‍ സെക്യൂരിറ്റി

എന്നെയും ഫിറോസിനെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം രാവിലെ എട്ട് മണിക്കാണ് തിരിച്ചുവന്നത്. ക്യു ബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ താടി വെച്ച ഒരാള്‍ ഞങ്ങളോട് സംഭവത്തെ കുറിച്ച് ചോദിച്ചു.’ സ്റ്റെജിന്‍ ടോമി, റിസോര്‍ട്ട് ജീവനക്കാരന്‍

മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് പ്രകാരം ഈ സാക്ഷിമൊഴികളിലെല്ലാം പ്രതിപാദിക്കുന്ന യൂണിഫോം ധരിച്ചിട്ടില്ലാത്ത പൊലീസ് ഉദ്യോസ്ഥനെ തന്നെയാണ് സി.സി.ടി.വി ദൃശ്യത്തിലും കാണുന്നത്. റിസോര്‍ട്ട് ജീവനക്കാരനായ ജാഫര്‍ വെടിയൊച്ച കേട്ട് ഞെട്ടുന്നതായി കാണുന്ന സി.സി.ടി.വി ദൃശ്യത്തില്‍ റിസപ്ഷന്റെ പുറത്ത് കാണുന്നയാള്‍ ഓപ്പറേഷന്റെ ഭാഗമല്ലാതിരുന്ന ഉദ്യോഗസ്ഥനാണെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയൊച്ച കേട്ടതുകൊണ്ടാണ് താന്‍ പേടിച്ച് കുനിഞ്ഞതെന്ന് ജാഫര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ ആ സമയത്ത് വെടിയുതിര്‍ത്തിരുന്നില്ലെന്ന് വ്യക്തമായിരിക്കേ ജാഫര്‍ കേട്ട വെടിയൊച്ച വീഡിയോയില്‍ കാണുന്ന ഉദ്യോഗസ്ഥന്റേതാകാനുള്ള സാധ്യതയാണുള്ളത്. കൂടാതെ വെടിയേറ്റ സമയത്ത് ജലീലിന്റെ പൊസിഷന്‍ പരിഗണക്കുമ്പോള്‍ വെടിയുതിര്‍ത്തത് ഈ പൊലീസ് ഉദ്യോഗസ്ഥനാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ റിസോര്‍ട്ട് ജീവനക്കാരുടെയും ഓപ്പറേഷന്റെ ഭാഗമായിരുന്ന പൊലീസുകാരുടെയും മൊഴികളില്‍ നിന്നും പൊലീസ് സംഘം എത്തുന്നതിന് മുന്‍പ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ അവിടെയെത്തിയിരുന്നു എന്ന് വ്യക്തമാണ്. അതേസമയം മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ ‘സംഭവസ്ഥലത്തുണ്ടായിരുന്ന ഓപ്പഷേന്റെ ഭാഗമല്ലാതിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍’ എന്ന പേരില്‍ രേഖപ്പെടുത്തിയയാളുടെ മൊഴി ഈ സാക്ഷിമൊഴികളില്‍ നിന്നെല്ലാം നേര്‍ വിപരീതമാണ് എന്നുള്ളത് ഇയാളുടെ സാന്നിധ്യത്തെ കൂടുതല്‍ ദുരൂഹമാക്കുകയും ചെയ്യുന്നു.

മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടിലെ ഈ ഉദ്യോഗസ്ഥന്റെ മൊഴി:

‘ഞാന്‍ 13 വര്‍ഷമായി സിവില്‍ പൊലീസ് ഓഫീസറായി ജോലി ചെയ്യുന്നു. സംഭവ ദിവസം എന്റെ ബന്ധുക്കള്‍ക്ക് വേണ്ടി മുറി ഒഴിവുണ്ടോയെന്ന് അറിയാന്‍ വേണ്ടിയാണ് ഉപവന്‍ റിസോര്‍ട്ടില്‍ പോയത്. അവിടെ മാവോയിസ്റ്റുകളുള്ള കാര്യം അറിയില്ലായിരുന്നു. പൊലീസ് വാഹനമെത്തിയതിന് തൊട്ടുപിന്നാലെയാണ് ഞാന്‍ സ്‌കൂട്ടറില്‍ അവിടെയെത്തിയത്. ഞാന്‍ യൂണിഫോമിലല്ലായിരുന്നു. കോട്ട് ധരിച്ചിരുന്നു. അന്ന് ഞാന്‍ താടി വെച്ചിരുന്നു. റിസ്പഷനിലെത്തിയ ശേഷം മാത്രമാണ് അവിടെ മാവോയിസ്റ്റുകളുള്ള കാര്യം ഞാന്‍ അറിഞ്ഞത്.

ഞാന്‍ പടികള്‍ കയറി നടപ്പാതയിലേക്ക് എത്തിയപ്പോഴാണ് വെടിവെപ്പ് തുടങ്ങിയത്. എന്റെ കൈയ്യില്‍ ആയുധങ്ങളൊന്നുമില്ലായിരുന്നു. ഞാന്‍ പൊലീസ് ഓപ്പറേഷന്റെ ഭാഗമായല്ല, വ്യക്തിപരമായ ആവശ്യത്തിനാണ് അവിടേക്ക് പോയത്. വെടിവെപ്പിന് ശേഷം ഞാന്‍ പുറത്തേക്ക് പോയി.’

എന്നാല്‍ ഇതേ മൊഴിയില്‍ തന്നെ ആദ്യം ‘വെടിവെപ്പിന് ശേഷം ഞാന്‍ രാവിലെ റിസോര്‍ട്ടില്‍ നിന്നും പോയി’ എന്നും ‘അടുത്ത ദിവസം വൈകുന്നേരം വരെ ഞാന്‍ റിസോര്‍ട്ടിലുണ്ടായിരുന്നു’ എന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളും അദ്ദേഹം പറയുന്നുണ്ട്.

റിസോര്‍ട്ട് ജീവനക്കാരുടെ മൊഴിയില്‍ നിന്ന് സ്‌കൂട്ടറില്‍ വന്നയാളാണ് ആദ്യമെത്തിയതെന്നും പിന്നാലെയാണ് പൊലീസ് വാഹനം എത്തിയതെന്നും വ്യക്തമാണ്. ഇയാളെ കണ്ടാണ് മാവോയിസ്റ്റുകള്‍ പുറത്തേക്ക് ഓടിയതെന്നും പറയുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥന്റെ മൊഴിയില്‍ പൊലീസ് വാഹനത്തിന് പിന്നാലെയാണ് സ്‌കൂട്ടറില്‍ ഇയാളെത്തുന്നത്.

താന്‍ പടികള്‍ കയറി ചെല്ലുന്നതിനിടയിലാണ് വെടിവെപ്പുണ്ടായതെന്നും ഉദ്യോഗസ്ഥന്റെ മൊഴിയില്‍ പറയുന്നു. പൊലീസ് എത്തിയതിന് പിന്നാലെ സ്ഥലത്തെത്തിയ, കൈയ്യില്‍ ആയുധങ്ങളൊന്നുമില്ലാതിരുന്ന, ഓപ്പറേഷന്റെ ഭാഗമല്ലാതിരുന്ന ഒരു സാധാരണ ഉദ്യോഗസ്ഥനെ സി.ഐയും തണ്ടര്‍ ബോള്‍ട്ടുമടങ്ങിയ സംഘം വെടിവെപ്പ് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചു എന്നത് ഒട്ടും വിശ്വസനീയമല്ല.

ഈ ഉദ്യോഗസ്ഥന്റെ മൊഴിയും എഫ്.ഐ.ആറും തമ്മിലും വലിയ വൈരുദ്ധ്യങ്ങള്‍ കാണാന്‍ സാധിക്കും. എഫ്.ഐ.ആര്‍ പ്രകാരം പൊലീസെത്തിയതും മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുകൊണ്ട് തങ്ങള്‍ക്ക് നേരെ വന്നു എന്നാണ് പറയുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥന്‍ റിസപ്ഷനിലേക്ക് കയറുന്ന വീഡിയോയില്‍ മാവോയിസ്റ്റുകള്‍ പിന്തിരിഞ്ഞോടുകയാണ്.

യൂണിഫോം ധരിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥനാണ് ആദ്യമെത്തിയതെന്ന റിസോര്‍ട്ട് ജീവനക്കാരുടെ മൊഴിയും അതിനെ ശരിവെയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും പരിശോധിക്കുമ്പോള്‍ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴിയും പൊലീസ് എഫ്.ഐ.ആറും പരസ്പര വിരുദ്ധമാണ്.

ഔദ്യോഗിക ഓപ്പറേഷന്റെ ഭാഗമല്ലാതിരുന്ന, കോണ്‍സ്റ്റബിള്‍ തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ക്രൈം സീനില്‍ അടുത്ത ദിവസം വൈകീട്ട് വരെ തുടര്‍ന്നു എന്നതിലും അസ്വാഭാവികതയുണ്ട്. മാത്രമല്ല കോണ്‍സ്റ്റബിളാണെന്ന് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയ ഒരാള്‍ ക്യു ബ്രാഞ്ച് /തണ്ടര്‍ ബോള്‍ട്ട് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയതും മറ്റ് പൊലീസുകാര്‍ ഇയാള്‍ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞതും കൂടുതല്‍ സംശയങ്ങളുണ്ടാക്കുന്നു.

യഥാര്‍ത്ഥത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന് പകരം മറ്റൊരാളെ പൊലീസ് അന്വേഷണത്തില്‍ സാക്ഷിയായി ചേര്‍ത്തിരിക്കുകയാണെന്ന സംശയത്തെയാണ് മൊഴികളിലെ ഈ വൈരുദ്ധ്യങ്ങള്‍ ബലപ്പെടുത്തുന്നത്. ഈ ഉദ്യോഗസ്ഥന്‍ ആരാണെന്ന കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ സംശയങ്ങള്‍ നിലനിന്നിട്ടും മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ ഇയാള്‍ ആരാണെന്ന് കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. സാക്ഷികള്‍ക്ക് മുന്‍പില്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനെ കൊണ്ടുവരാനോ ഇയാള്‍ അവര്‍ സംഭവസമയത്ത് കണ്ട ആള്‍ തന്നെയാണെന്ന് ഉറപ്പിക്കാനോ ശ്രമിച്ചതായും കാണുന്നില്ല.

വെടിയേറ്റ സമയത്ത് ജലീലിന്റെ പൊസിഷന്‍ എങ്ങനെയായിരുന്നു എന്നത് സംബന്ധിച്ച് മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളും ഈ ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തുവെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ‘ജലീലിന്റെ ശരീരത്തിന്റെ വലതുഭാഗത്താണ് വെടിയേറ്റിരിക്കുന്നത്. സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വീഡിയോയില്‍ അവ്യക്തമായി കാണുന്ന ആള്‍ വെടിയുതിര്‍ത്താലായിരിക്കും ജലീലിന് ഇത്തരത്തില്‍ വെടിയേല്‍ക്കുക എന്ന സാധ്യത തള്ളിക്കളയാനാകില്ല. ബാലിസ്റ്റിക് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കൂ.’ എന്നാണ് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ നിലവില്‍ പുറത്തുവന്നിരിക്കുന്ന ബാലിസ്റ്റിക് റിപ്പോര്‍ട്ടില്‍ ഈ സാധ്യത കൃത്യമായി പരിശോധിച്ചതായി കാണുന്നില്ല.

വീഡിയോയില്‍ കാണുന്ന യൂണിഫോമിലല്ലാതിരുന്ന പൊലീസുകാരനാണ് സി.പി ജലീലിനെതിരെ വെടിയുതിര്‍ത്തതെന്ന് സഹോദരന്‍ സി.പി റഷീദ് പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് ഇത് തള്ളിക്കളയുകയാണുണ്ടായത്. തന്റെ കൈയ്യില്‍ ആയുധങ്ങളൊന്നുമില്ലായിരുന്നെന്നും വെടിയുതിര്‍ത്തിട്ടില്ലെന്നുമുള്ള ഉദ്യോഗസ്ഥന്റെ മൊഴിയെ മാത്രം പരിഗണിച്ചുകൊണ്ടാണ് മജിസ്‌ട്രേറ്റ് പരാതി തള്ളിയത്.

4- ജലീലിന്റെ തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടില്ലെന്ന സീന്‍ എക്സാമിനേഷന്‍ റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും

വൈത്തിരി പൊലീസ് എന്‍കൗണ്ടര്‍ കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷം 2020 സെപ്തംബര്‍ 28നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തുന്നത്. മാവോയിസ്റ്റുകളാണ് ആദ്യം വെടി വെച്ചതെന്നും നേര്‍ക്കുനേര്‍ വെടിവെപ്പ് നടന്നെന്നുമുള്ള പൊലീസ് വാദത്തെ പൂര്‍ണ്ണമായും തള്ളുന്നതായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.

സി.പി ജലീലിന്റെ മൃതദേഹത്തിനരികില്‍ നിന്നും കണ്ടെത്തിയ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പൊലീസ് എഫ്.ഐ.ആറില്‍ രണ്ട് മാവോയിസ്റ്റുകളും തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തുകൊണ്ട് ഓടിയടുത്തു എന്നാണ് പറയുന്നത്.

വസ്തുതാവിരുദ്ധമായ എഫ്.ഐ.ആറാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത് എന്ന് മാത്രമല്ല, ജലീലിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്ത് മാത്രമാണ് വെടിയേറ്റതെന്നതു കൂടി ചേര്‍ത്തുവെച്ചു വായിക്കുമ്പോള്‍, വെടിയുതിര്‍ക്കാതെ പിന്തിരിഞ്ഞോടുകയായിരുന്ന ജലീലിനെയാണ് പൊലീസ് വെടിവെച്ച് കൊന്നതെന്ന സംശയം ശക്തമാവുകയാണ്. പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണം നടത്തേണ്ട സാഹചര്യങ്ങളിലേക്ക് കൂടിയാണ് ഫോറന്‍സിക് പരിശോധനയിലെ ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നുണ്ട്.

തിരുവനന്തപുരം സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ബാലിസ്റ്റിക്സ് വിഭാഗം അസി.ഡയറക്ടറായ ഡോ.സിമിയുടെ നേതൃത്വത്തിലാണ് ഫോറന്‍സിക് പരിശോധന നടന്നത്.

ജലീല്‍ വെടിവെച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സംഭവത്തിന്റെ തൊട്ടടുത്ത ദിവസം നടന്ന സീന്‍ എക്സാമിനേഷനില്‍ കണ്ടെത്തിയിരുന്നു. 2020 ഒക്ടോബര്‍ 20ന് പുറത്തുവന്ന മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിലാണ് സീന്‍ എക്സാമിനേഷനിലെ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2019 മാര്‍ച്ച് 7ന് രാവിലെ തന്നെ സീന്‍ എക്സാമിനേഷന്‍ നടന്നിരുന്നു.

കൊച്ചി റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അസി.ഡയറക്ടര്‍ (ഫിസിക്സ് ആന്റ് ബാലിസ്റ്റിക്സ്) ഡോ.സൂസന്‍ ആന്റണിയാണ് സീന്‍ എക്സാമിനേഷന്‍ നടത്തിയത്. സീന്‍ എക്സാമിനേഷനിലെ കണ്ടെത്തലുകള്‍ പൊലീസിനെയും ബന്ധപ്പെട്ട അധികാരികളെയും അന്നുതന്നെ അറിയിച്ചിരുന്നെന്ന് ഡോ.സൂസന്‍ ആന്റണി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ നാടന്‍ തോക്കില്‍ നിന്നും സംഭവ സമയത്ത് വെടിയുതിര്‍ത്തിട്ടില്ല, ഈ തോക്ക് ലോഡഡ് ആയിരുന്നില്ല.’ എന്നാണ് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടിലെ ഡോ.സൂസന്‍ ആന്റണിയുടെ മൊഴി.

കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ വയനാട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സുരേന്ദ്രന്റെ മൊഴിയിലും, ആര്‍മര്‍ സബ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ സംഭവസ്ഥലത്ത് നിന്നും ലഭിച്ച നാടന്‍ തോക്ക് ലോഡഡ് അല്ലായിരുന്നെന്ന് കണ്ടെത്തിയതായി പറയുന്നുണ്ട്.

ജലീലിന്റെതെന്ന് പറയപ്പെടുന്ന തോക്കില്‍ നിന്നും വിരലടയാളം കണ്ടെത്താനായില്ലെന്ന് വയനാട് സിംഗിള്‍ ഡിജിറ്റ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ വിരലടയാള വിദഗ്ധയായ സിന്ധു തോമസ് മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 7ന് നടന്ന സീന്‍ എക്സാമിനേഷനില്‍ തന്നെ ജലീല്‍ വെടിയുതിര്‍ത്തിരുന്നില്ലെന്ന് വ്യക്തമായിട്ടും ആക്രമണം നടത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമോ മറ്റു നടപടികളോ ഉണ്ടാകാതിരുന്നത് ദുരൂഹമാണ്.

ഫോറന്‍സിക് റിപ്പോര്‍ട്ട് ചര്‍ച്ചയായതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. ജലീലല്ല കൂടെയുണ്ടായിരുന്ന മാവോയിസ്റ്റാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറഞ്ഞത്. ജലീല്‍ കൈയ്യിലെ തോക്കില്‍ നിന്നും വെടിവെച്ചുവെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നേരത്തെ എഫ്.ഐ.ആറിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ മൊഴിയിലും പൊലീസ് വിശദീകരണം ഇങ്ങനെയായിരുന്നില്ല. രണ്ട് മാവോയിസ്റ്റുകളും തങ്ങള്‍ക്ക് നേരെ വെടിവെച്ചു എന്നായിരുന്നു. സംഭവം വിവാദമായപ്പോള്‍ മുഖം രക്ഷിക്കാനായി നടത്തുന്ന ന്യായീകരണണമായി മാത്രമേ പൊലീസിന്റെ ഇപ്പോഴത്തെ പ്രസ്താവനയെ കാണാനാകൂ എന്നാണ് ഉയരുന്ന വിമര്‍ശനം.

ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ജലീലിന്റെ ഇടത് കൈയ്യില്‍ ലെഡിന്റെ അംശം കണ്ടെത്തിയതായി പറയുന്നുണ്ട്. ഉള്ളം കൈയ്യില്‍ നിന്നും ശേഖരിച്ച സ്വാബിലാണ് ലെഡിന്റെ അംശം കണ്ടെത്തിയതായി പറയുന്നത്. വെടിയുതിര്‍ക്കുമ്പോള്‍ കൈയ്യില്‍ അവശേഷിക്കുന്ന ലെഡിന്റെ അംശമാണ് ഒരാള്‍ വെടിയുതിര്‍ത്തിരുന്നുവോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള പ്രധാന മാര്‍ഗം.

ജലീലിന്റെ തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടില്ലെന്ന് സീന്‍ എക്സാമിനേഷനിലും ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരിക്കുന്നതിനാല്‍ സ്വാബില്‍ നിന്നും ലെഡിന്റെ അംശം കണ്ടെത്തിയത് സംശയമുണര്‍ത്തുന്നുണ്ട്. മാത്രമല്ല ജന്മനാ ജലീല്‍ വലം കൈയ്യനാണെന്ന് കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഡൂള്‍ന്യൂസ് സ്ഥിരീകരിച്ചു. കൂടാതെ പൊലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളില്‍ ജലീല്‍ ബാഗില്‍ നിന്നും ഒരു വസ്തു പുറത്തെടുക്കുന്നതും കാശ് പിടിച്ചിരിക്കുന്നതും വലതു കൈയ്യിലാണ്. വലംകൈയ്യനായ ഒരാള്‍ അടിയന്തര സാഹചര്യത്തില്‍ ഇടം കൈ ഉപയോഗിക്കുമോ എന്നതും സംശയകരമാകുന്നു.

ഈ കാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ജലീലിന്റെ ഇടംകൈയ്യിലെ ലെഡിന്റെ അംശം പൊലീസിന്റെ കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ എന്ന സംശയം ശക്തിപ്പെടുത്തുകയാണ്.

5- ജലീലിന് നേരെ വെടിയുതിര്‍ത്ത തോക്ക് തിരിച്ചറിയാത്തതും അപ്രത്യക്ഷമായ മെറ്റല്‍ ചീളും

ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ വെത്തിരി സംഭവത്തില്‍ പൊലീസിനെതിരെ മറ്റു ചില സംശയങ്ങളും ഉയരുന്നുണ്ട്. ജലീലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ നിന്നും നാല് മെറ്റല്‍ ചീളുകള്‍ ലഭിച്ചതായി പറയുന്നു. എന്നാല്‍ മൂന്ന് മെറ്റല്‍ ചീളുകള്‍ മാത്രമാണ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്.

ജലീലിന്റെ തലയിലെ മുറിവില്‍ നിന്നും ലഭിച്ച രണ്ട് മെറ്റല്‍ ചീളുകളും പിന്‍കഴുത്തില്‍ നിന്നും ലഭിച്ച ഒരു മെറ്റല്‍ ചീളുമാണിത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ, ഷര്‍ട്ടിന്റെ കോളറില്‍ നിന്നും ലഭിച്ച മെറ്റല്‍ ചീള്‍ പരിശോധനയില്‍ ഉള്‍പ്പെടുത്തിയതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. മാത്രമല്ല, പരിശോധനക്കായി സമര്‍പ്പിച്ചിട്ടുള്ള ആയുധങ്ങളിലേതില്‍ നിന്നാണ് ഈ മെറ്റല്‍ ചീളുകളെന്നതും കണ്ടെത്താനായിട്ടില്ല.

ഈ മെറ്റല്‍ ചീളുകള്‍ വെടിയുണ്ടയുടെ ഒരു ഭാഗം മാത്രമായതിനാല്‍ അവ ഏത് തോക്കില്‍ നിന്നാണെന്നത് കണ്ടെത്തുന്നതിനുള്ള ബുള്ളറ്റ് കംപാരിസണ്‍ സ്റ്റഡിക്ക് വിധേയമാക്കാനായില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അന്ന് പൊലീസ് ഓപ്പറേഷനില്‍ ഉപയോഗിച്ച എല്ലാ ആയുധങ്ങളും ഫോറന്‍സിക് പരിശോധനക്കായി നല്‍കിയിട്ടില്ല എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

6- സാക്ഷികള്‍ക്കുള്ള വിലക്കും മറുപടിയില്ലാത്ത ഉദ്യോഗസ്ഥരും

വൈത്തിരി സംഭവത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഭവത്തിന്റെ ദൃക്സാക്ഷികളെയും വിവിധ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥരെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും എല്ലാവരെയും വിലക്കിയിരിക്കുകയാണെന്നാണ് ഉപവന്‍ റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചത്. ഇത് മാനേജ്മെന്റിന്റെ തീരുമാനമാണെന്നും ഇവര്‍ അറിയിച്ചു. ഫിനാന്‍സ്, എച്ച്.ആര്‍ മാനേജരായ ഡൊമിനിക് സാവിയോ, റിസോര്‍ട്ട് മാനേജര്‍ കെ.ടി രഞ്ജിത്ത് എന്നിവരുടെ നമ്പറുകള്‍ മാത്രമായിരുന്നു ഉപവന്‍ റിസോര്‍ട്ടില്‍ നിന്നും നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. എന്തുകൊണ്ട് സംസാരിക്കില്ലെന്ന ചോദ്യത്തിനും ഉപവന്‍ മാനേജ്മെന്റ് മറുപടി നല്‍കിയില്ല.

സംഭവസമയത്ത് റിസപ്ഷനിലുണ്ടായിരുന്ന ഉപവന്‍ തൊഴിലാളികളും ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. സംഭവത്തിന് ശേഷം ഉപവനില്‍ നിന്നും രാജി വെച്ച ദൃക്സാക്ഷികള്‍ പോലും സമാനമായ രീതിയിലായിരുന്നു പ്രതികരിച്ചത്. ‘നിങ്ങള്‍ ഈ റിപ്പോര്‍ട്ട് ചെയ്യുന്നത് നല്ല കാര്യമാണ്. ഞാനതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷെ എനിക്ക് ഇതില്‍ ഒന്നും പ്രതികരിക്കാന്‍ സാധിക്കില്ല. ഈ സംഭവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നൂലാമാലകളില്‍ ചെന്നുപെടാനും ആഗ്രഹമില്ല.’ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത, ഉപവനില്‍ നിന്നും രാജി വെച്ച ജീവനക്കാരന്‍ പറഞ്ഞു.

പേരോ മറ്റു വിവരങ്ങളോ റിപ്പോര്‍ട്ടിലെവിടെയും വെളിപ്പെടുത്തില്ലെങ്കില്‍ പോലും സംസാരിക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ‘എന്റെ പേരോ വിവരങ്ങളോ വന്നില്ലെങ്കില്‍ പോലും ഞാന്‍ പറയുന്ന കാര്യങ്ങളില്‍ നിന്നും ആരാണ് സംസാരിക്കുന്നതെന്ന് പൊലീസിന് മനസ്സിലാകും. അതേ തുടര്‍ന്ന് പ്രശ്നങ്ങള്‍ ഉണ്ടാകും. എനിക്കതിന് താല്‍പര്യമില്ല.’

മറ്റൊരു മുന്‍ തൊഴിലാളിയും ഉപവനില്‍ തന്നെ ഇപ്പോഴും ജോലി ചെയ്യുന്ന ഒരാളും സംസാരിക്കാന്‍ തയ്യാറാണെന്ന് ആദ്യം ബന്ധപ്പെട്ടപ്പോള്‍ അറിയിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. സംഭവ സമയത്ത് റിസോര്‍ട്ടിലുണ്ടായിരുന്ന ജീവനക്കാരില്‍ മിക്കവരും രാജി വെച്ചുപോയെന്നും ആരുടെയും നമ്പര്‍ കൈവശമില്ലെന്നുമായിരുന്നു ഉപവന്‍ അധികൃതര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വഴി ഇവരുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു.

ചിലരുടെ ഫോണ്‍ നമ്പര്‍ നല്‍കിയ പേര് വെളിപ്പെടുത്താനാഗ്രിഹക്കാത്ത ഒരാള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘ഞാന്‍ നമ്പര്‍ നല്‍കാം. പക്ഷെ ഞാനാണ് നമ്പര്‍ തന്നതെന്ന് അവരോ മറ്റാരെങ്കിലുമോ ഒരിക്കലും അറിയാന്‍ പാടില്ല. ഇപ്പോഴും വലിയ പൊലീസ് നിരീക്ഷണം ഈ പ്രദേശത്തുണ്ട്. സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പൊലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്. പൊലീസ് അറിഞ്ഞാല്‍ അത് എനിക്ക് പ്രശ്നമാകും. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ പൊലീസിന് ഇങ്ങനെ വിലക്കും മറച്ചുവെക്കലും നടത്തേണ്ട കാര്യമുണ്ടോ.’

മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ചില സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാനായി അന്വേഷണം നടത്തിയ അന്നത്തെ വയനാട് കളക്ടറും നിലവില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷന്‍ ചെയര്‍മാനുമായ ഡോ.എ.ആര്‍ അജയകുമാര്‍ ഐ.എ.എസിനെ ബന്ധപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.’ഞാന്‍ കളക്ടര്‍ എന്ന നിലയിലാണ് ആ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയത്. അതേക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ല.’ വിഷയം അവതരിപ്പിച്ച ഉടനെ, ചോദ്യങ്ങളിലേക്ക് കടക്കും മുന്‍പേ അദ്ദേഹം ഇത് പറഞ്ഞുകൊണ്ട് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കോളുകള്‍ സ്വീകരിച്ചില്ല.

7- എ.കെ 47 ലോ നാടന്‍ തോക്കിലോ ഉപയോഗിക്കാനാകാത്ത 5.39 കാലിബര്‍ വെടിയുണ്ട

വൈത്തിരി സംഭവത്തെ ദുരൂഹമാക്കുന്നതിന്റെ മറ്റൊരു കാരണം സംഭവസ്ഥലത്ത് നിന്നും ലഭിച്ച, ഏത് തോക്കിലേതാണെന്ന് കണ്ടെത്താന്‍ സാധിക്കാത്ത വെടിയുണ്ടയാണ്. സീന്‍ എക്സാമിനേഷനില്‍ സംഭവസ്ഥലത്ത് നിന്നും 15 എംപ്റ്റി കാട്രിഡ്ജുകള്‍ ലഭിച്ചതായി പറയുന്നു. ഇതില്‍ പതിനാലും എ.കെ 47 തോക്കുകളില്‍ ഉപയോഗിക്കുന്ന 7.62 കാലിബറില്‍ ഉള്ളതും ഒരെണ്ണം മാത്രം 5.39 കാലിബറിലുള്ളതുമാണ്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച, ജലീലിന്റെ കൈവശമുണ്ടായിരുന്നതെന്ന് പറയപ്പെടുന്ന നാടന്‍ തോക്കിലോ പൊലീസ് ഉപയോഗിച്ച എ.കെ 47 തോക്കിലോ ഉപയോഗിക്കാന്‍ സാധിക്കാത്ത വെടിയുണ്ടയാണ് 5.39 എന്നും സീന്‍ എക്സാമിനേഷന്‍ നടത്തിയ ഡോ.സൂസന്‍ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ തോക്കുകളില്‍ ഉപയോഗിക്കാനാകുന്നതല്ല 5.39 കാലിബറെന്നും ഇത് എ.കെ 47നില്‍ ഉപയോഗിക്കാനാകാത്ത പഴയ വേര്‍ഷനാണെന്നും ഇവര്‍ പറയുന്നു. ’84’ എന്ന് ഈ കാട്രിഡ്ജില്‍ രേഖപ്പെടുത്തിയതായും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

ജലീലിനൊപ്പമുണ്ടായിരുന്ന മാവോയിസ്റ്റിന്റെ കൈയ്യിലുണ്ടായിരുന്നത് എ.കെ 47 ആണെന്ന് പൊലീസ് സംഘത്തിലുണ്ടായിരുന്ന നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വെടിവെപ്പിനായി പൊലീസ് ഉപയോഗിച്ചത് എ.കെ 47 ആണെന്നും ഇവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഈ തോക്കുകളിലൊന്നും ഉപയോഗിക്കാനാകാത്ത വെടിയുണ്ട സംഭവസ്ഥലത്ത് എങ്ങനെ വന്നു എന്നത് നിഗൂഢമാണ്.

അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ടിലും ഈ വെടിയുണ്ടയെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളില്‍ ക്രമക്കേടുകള്‍ ഉണ്ട്. റിപ്പോര്‍ട്ടില്‍ ഐറ്റം നമ്പര്‍ 9 ലാണ് ‘539 84’ എന്ന ഹെഡ് സ്റ്റാമ്പുള്ള, ഉപയോഗിച്ച വെടിയുണ്ടയെ കുറിച്ച് പറയുന്നത്.

എന്നാല്‍ റിപ്പോര്‍ട്ടിലെ പരിശോധനാ ഫലങ്ങളുടെ ഭാഗത്തെത്തുമ്പോള്‍ ഈ വെടിയുണ്ട 7.62 കാലിബര്‍ കാറ്റഗറിയില്‍ പെട്ടതാണെന്നും എ.കെ 47 തോക്കുകളില്‍ ഉപയോഗിക്കാമെന്നും പറയുന്നു. സീന്‍ എക്സാമിനിഷേനിലും മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ നല്‍കിയ മൊഴിയിലും 5.39 കാലിബറിലുള്ളതെന്ന് പറയുന്ന വെടിയുണ്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ 7.62 കാലിബറിലേക്ക് മാറിയത് സംശയകരമാണ്.

8- ജനറല്‍ ഡയറിയിലെ ക്രമക്കേടുകള്‍

മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പൊലീസ് ജനറല്‍ ഡയറിയില്‍ (ജി.ഡി) വൈത്തിരിയില്‍ നടന്ന പൊലീസ് ആക്ഷനുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ വിവരങ്ങളിലും ക്രമക്കേടുകള്‍ വ്യക്തമാണ്. 6/3/2019, 9.02 ുാ സമയത്തെ ജി.ഡി എന്‍ട്രിയില്‍ ആക്ഷന് നേതൃത്വം നല്‍കിയ സി.ഐ ‘ഈ സമയത്ത് ഞാന്‍ അഞ്ച് റൗണ്ട് വെടിയുണ്ടയുള്ള ഒരു ഗ്ലോക്ക് പിസ്റ്റളുമായും എസ്.ഐ അഞ്ച് റൗണ്ട് വെടിയുണ്ടയുള്ള ഒരു പിസ്റ്റളുമായും തണ്ടര്‍ ബോള്‍ട്ട്, എ.എന്‍.എഫ്(ആന്റി നക്സല്‍ ഫോഴ്സ്), ലോക്കല്‍ ടീം എന്നിവരോടൊപ്പം പോയി’ എന്നു പറയുന്നു.

പൊലീസ് സ്റ്റേഷനില്‍ നിന്നും ഏതൊരു ആക്ഷന് പുറപ്പെടുന്നതിന് മുന്‍പും അതിന്റെ വിവരങ്ങള്‍ ജി.ഡിയില്‍ രേഖപ്പെടുത്തിയിരിക്കണം എന്നതാണ് ഈ നിയമം. എഫ്.ഐ.ആര്‍ പ്രകാരം രാത്രി 8.40 ഓടെ ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് ഇന്‍സ്പെക്ടറും അഞ്ച് തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളും 8.55ന് ഉപവന്‍ റിസോര്‍ട്ടിലെത്തുന്നുണ്ട്. എന്നാല്‍ ജി.ഡിയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങുന്ന സമയമായി രേഖപ്പെടുത്തിയിരിക്കുന്നത് 9.02 എന്നാണ്.

ഇന്‍സ്പെക്ടറുടെ നിര്‍ദേശ പ്രകാരം ആ സമയത്ത് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സി.സി.ടി.എന്‍.എസ് എന്ന ഓണ്‍ലൈന്‍ ജി.ഡി സംവിധാനത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയതെന്നാണ് മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 8.39 8.40ുാ നാണ് ഇന്‍സ്പെക്ടര്‍ ജി.ഡി എന്‍ട്രി നടത്താന്‍ നിര്‍ദേശം നല്‍കിയതെന്നും എന്നാല്‍ നെറ്റ്വര്‍ക്ക് കണക്ഷനിലെ പ്രശ്നങ്ങള്‍ കാരണമാണ് എന്‍ട്രി സമയം 9.02 ആയതെന്നുമാണ് സമയത്തിലെ വ്യത്യാസത്തിന് ഈ പൊലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം.

സമയത്തിലെ ഈ വ്യത്യാസത്തേക്കാള്‍ സംശയമുണര്‍ത്തുന്നത് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള സേനാംഗങ്ങളുടെ വിവരങ്ങളാണ്. എഫ്.ഐ.ആര്‍ പ്രകാരം ഇന്‍സ്പെക്ടറും അഞ്ച് തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളുമാണ് ആദ്യം ഉപവന്‍ റിസോര്‍ട്ടിലെത്തുന്നതും വെടിവെപ്പ് നടത്തുന്നതും. പിന്നീട് 9.05-9.10 സമയത്തോടെയാണ് രണ്ടാമത്തെ പൊലീസ്-തണ്ടര്‍ ബോള്‍ട്ട് സംഘം റിസോര്‍ട്ടിലെത്തുന്നത്.

എന്നാല്‍ 8.40 ന് രേഖപ്പെടുത്താന്‍ ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എന്‍ട്രി ചെയ്ത ഡാറ്റയില്‍ ഇരു സംഘത്തിലെയും പൊലീസുകാരുടെ വിവരങ്ങള്‍ ഒരൊറ്റ എന്‍ട്രിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്പെക്ടറും തണ്ടര്‍ ബോള്‍ട്ടും കൂടാതെ എസ്.ഐയും എ.എന്‍.എഫും ലോക്കല്‍ ടീമുമെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് സംഘമായി സംഭവസ്ഥലത്തെത്തി ആക്ഷനില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വ്യക്തമായും സമയബന്ധിതമായും രേഖപ്പെടുത്താത്തത് ഓപ്പറേഷനില്‍ ആരെല്ലാം ഉള്‍പ്പെട്ടിരുന്നു എന്നതിനെയും ഏത് സേനാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്ഷന്‍ നടത്തിയതെന്നതിനെയും നിഗൂഢമാക്കുകയാണ്.

9 നേരത്തെ വിവരമറിഞ്ഞിരുന്നു എന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി

റിസോര്‍ട്ടിലേക്കെത്തിയ രണ്ടാം സംഘത്തിന്റെ ഭാഗമായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ മൊഴിയില്‍ രാത്രി 8 മണിക്ക് തന്നെ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി അറിഞ്ഞിരുന്നു എന്ന് പറയുന്നുണ്ട്. മറ്റൊരു ഉദ്യോഗസ്ഥന്‍ 8.30ന് വൈത്തിരി സ്റ്റേഷനില്‍ വെച്ച് വിവരമറിഞ്ഞെന്നും പറയുന്നു. എഫ്.ഐ.ആറില്‍ 8.40ന് സി.ഐക്ക് ഫോണ്‍ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടിലേക്ക് പോകുകയായിരുന്നു എന്ന പൊലീസ് ഭാഷ്യത്തെ ഈ മൊഴികള്‍ സംശയത്തിലാക്കുകയാണ്.

8 മണിക്ക് തന്നെ അന്ന് സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍, എഫ്.ഐ.ആറില്‍ പറയുന്നതിന് വിപരീതമായി, കൃത്യമായ ആസൂത്രണത്തോടെയും തയ്യാറെടുപ്പുകളോടെയുമാണ് പൊലീസ് റിസോര്‍ട്ടിലെത്തിയതെന്ന് സംശയിക്കേണ്ടി വരും. എഫ്.ഐ.ആറില്‍ ഇക്കാര്യം സൂചിപ്പിച്ചില്ലായെന്നത് സംഭവവുമായി ബന്ധപ്പെട്ട പൊലീസ് ഓപ്പറേഷനെ സംബന്ധിക്കുന്ന വിവരങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന സംശയമുണ്ടാക്കുന്നുണ്ട്.

10 ഓപ്പറേഷന്‍ അനക്കോണ്ട

ഓപ്പറേഷന്‍ അനക്കോണ്ട എന്ന പേരില്‍ കോഴിക്കോട് വയനാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളെ പിടികൂടാനായി പ്രത്യേക പദ്ധതി നടക്കുന്നുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായിരുന്നു വൈത്തിരി ഏറ്റുമുട്ടലെന്നുമാണ് കണ്ണൂര്‍ ഐ.ജിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായ മാര്‍ച്ച് 7ന് മാധ്യമങ്ങളെ അറിയിച്ചത്. 2018 ഡിസംബര്‍ മുതല്‍ തുടങ്ങിയ ഓപ്പറേഷന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് എഫ്.ഐ.ആറിലോ പിന്നീട് വന്ന അന്വേഷണ റിപ്പോര്‍ട്ടുകളിലോ ഓപ്പറേഷന്‍ അനക്കോണ്ടയെ കുറിച്ച് പ്രതിപാദിക്കുന്നില്ല.

ഓപ്പറേഷന്‍ അനക്കോണ്ടയില്‍ ഏതെല്ലാം സേനാവിഭാഗങ്ങളാണ് പങ്കെടുത്തിരുന്നത് എന്നതിനെക്കുറിച്ചോ ആ ഓപ്പറേഷന്റെ ലക്ഷ്യത്തെയോ രീതികളെയോ കുറിച്ചോ ഒരു വിവരവും ഇപ്പോഴും പുറത്തുവന്നിട്ടില്ല. നാളുകളായി നടന്നുവന്നിരുന്ന ഒരു ഓപ്പറേഷന്റെ ഭാഗമായിരുന്നെങ്കില്‍ മാവോയിസ്റ്റുകളുടെ നീക്കങ്ങളെക്കുറിച്ച് അറിവുള്ള പൊലീസ് എന്തുകൊണ്ട് ഇവരെ ജീവനോടെ പിടികൂടാനുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്തില്ല എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം.

11- മുട്ടിന് താഴേക്ക് വെടിവെക്കാന്‍ സാധിക്കുമായിരുന്നില്ലേ

സി.പി ജലീലിനേറ്റ മൂന്ന് വെടിയുണ്ടകളും അരക്ക് മുകളിലെ ഭാഗത്തായതിനാല്‍ കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെയല്ലേ പൊലീസ് വെടിയുതിര്‍ത്തിരിക്കുക എന്നതാണ് മറ്റൊരു പ്രധാന സംശയം. ശരീരത്തിന്റെ പിന്‍ഭാഗത്ത് മാത്രമാണ് വെടിയേറ്റിരിക്കുന്നത് എന്നതും നേര്‍ക്കുനേര്‍ നടന്ന വെടിവെപ്പെന്ന പൊലീസ് വാദത്തെ ദുര്‍ബലമാക്കുകയാണ്.

ആദ്യ വെടിവെപ്പിനും അതിനുശേഷം കവര്‍ എടുത്ത് ഇരുന്ന (സ്വയം രക്ഷക്കായി ഒരു പ്രത്യേക വസ്തുവിന്റെ പിറകില്‍ മറഞ്ഞു നില്‍ക്കുക) ഒരു മണിക്കൂറിന് ശേഷം ഏകദേശം പത്ത് മണിയോടെയാണ് റിസോര്‍ട്ടിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്തതെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. അപ്പോള്‍ കൃത്യമായി കാണാന്‍ സാധിക്കാത്തത് കൊണ്ടാണ് ശരീരത്തിന്റെ മുകള്‍ ഭാഗത്തേക്ക് വെടിയുതിര്‍ത്തതെന്നും പൊലീസിന് അവകാശപ്പെടാന്‍ സാധിക്കില്ല.

12- മാവോയിസ്റ്റുകള്‍ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്താനായിട്ടില്ല

വൈത്തിരി ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ ഇന്‍സ്പെക്ടര്‍ മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന മൊഴിയില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്താനായില്ലെന്ന് പറയുന്നു. അതേസമയം ഏകദേശം മൂന്ന് റൗണ്ടോളം മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്ന് റിപ്പോര്‍ട്ടിലും ഏറ്റുമുട്ടലില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ മൊഴിയിലും പറയുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ട് സംഭവ സ്ഥലത്തുനിന്നും ഉപയോഗിച്ച വെടിയുണ്ടയോ കാട്രിഡ്ജോ കണ്ടെത്താനായില്ലെന്നത് സംശയകരമാണ്. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും വെടിവെപ്പ് നടന്നിട്ടില്ലെന്ന സംശയമാണ് ഇതുയര്‍ത്തുന്നത്.

ഏത് തോക്കില്‍ നിന്നാണെന്ന് മനസ്സിലാകാത്ത നാലോളം വെടിയുണ്ടകള്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയതായാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐറ്റം നമ്പര്‍ 15,16,32ല എന്നിവയില്‍ പറഞ്ഞിരിക്കുന്ന എംപ്റ്റി കാട്രിഡ്ജുകളില്‍ സെക്കന്ററി മാര്‍ക്കിംഗ്സ് ഉണ്ടെന്നും ഇവ എ.കെ 47ല്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന 7.62ാാ തിരകളാകാമെന്നുമാണ് പറയുന്നത്.

മാവോയിസ്റ്റുകള്‍ നിറയൊഴിച്ച വെടിയുണ്ടകള്‍ കണ്ടെത്തനായില്ലെന്ന് പറഞ്ഞ പൊലീസ് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ തോക്ക് ഏതാണെന്ന് കണ്ടെത്താനാകാത്ത വെടിയുണ്ടകള്‍ മാവോയിസ്റ്റുകളുടേതാകാമെന്ന വാദമാണ് ഉന്നയിച്ചത്. ‘ഇവിടെ നിന്നും കണ്ടെത്തിയ തിരകളെല്ലാം ഫോറന്‍സിക് പരിശോധനക്കായി സമര്‍പ്പിച്ചിരുന്നു. 34ലധികം തിരകളാണ് പൊലീസിന്റെ തോക്കില്‍ നിന്നും ഉപയോഗിച്ചത്. മറ്റുള്ള തിരകള്‍ എ.കെ 47നില്‍ ഉപയോഗിക്കാവുന്നതാണ്. ജലീലിനൊപ്പമുണ്ടായിരുന്ന മാവോയിസ്റ്റിന്റെ പക്കലുണ്ടായിരുന്നത് എ.കെ 47നാണ്.’ വെടിയുതിര്‍ക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തില്‍ നിന്നും എ.കെ 47നാണ് മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതെന്ന് മനസ്സിലായെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി.

13 വസ്തുതാന്വേഷണത്തിന് എത്തിയ സംഘത്തെ തടഞ്ഞ വ്യാജ ആദിവാസി ജനകീയ കൂട്ടായ്മ

വൈത്തിരിയില്‍ നടന്നത് ഏറ്റുമുട്ടലാണോ എന്നത് പരിശോധിക്കാനായി ജനകീയ തെളിവെടുപ്പ് ലക്ഷ്യം വെച്ച് സംഭവസ്ഥലത്തെത്തിയിരുന്ന പത്തംഗ മനുഷ്യാവകാശ പ്രവര്‍ത്തക സംഘത്തെ പോലീസ് ഉപവന്‍ റിസോര്‍ട്ടില്‍ പ്രവേശിപ്പിച്ചിരുന്നില്ല. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം മാര്‍ച്ച് 15നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. തെളിവ് നശിക്കാന്‍ സാധ്യതയുള്ളതിനാല്‍ റിസോര്‍ട്ടില്‍ ആരെയും പ്രവേശിപ്പിക്കാനാവില്ലെന്നായിരുന്നു അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.

അതേസമയം തന്നെ വസ്തുതാന്വേഷണ സംഘത്തെ റിസോര്‍ട്ടില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘സുഗന്ധഗിരി ജനകീയ സമിതി’യുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. മാവോയിസ്റ്റുകളെ പിന്തുണക്കുന്നവരാണ് വസ്തുതാന്വേഷണത്തിന് എത്തിയിരിക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം. സുഗന്ധഗിരി ഭാഗങ്ങളില്‍ മാവോയിസ്റ്റുകള്‍ ആദിവാസികളടക്കമുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും, ആദ്യം അവിടം സന്ദര്‍ശിച്ചു നടപടിയെടുത്ത ശേഷം മതി ജലീലിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം എന്നുമായിരുന്നു സമിതി പ്രവര്‍ത്തകരുടെ ആവശ്യം.

സുഗന്ധഗിരി ജനകീയ കൂട്ടായ്മ എന്ന പേരില്‍ ഒരു സംഘടന 2019ലോ ഇപ്പോഴോ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സാമൂഹ്യപ്രവര്‍ത്തകനും പ്രദേശവാസിയുമായ സുനില്‍ ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തിയത്. ആദിവാസികള്‍ മനുഷ്യവകാശ പ്രവര്‍ത്തകരെ തടഞ്ഞതിന് പിന്നില്‍ പൊലീസാണെന്ന റിപ്പോര്‍ട്ടുകളും അന്ന് പുറത്തുവന്നിരുന്നു. സ്ഥലത്തെ ‘മാധ്യമം’ പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ ‘സുഗന്ധഗിരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബി’ലെ ഭാരവാഹികളെ ബന്ധപ്പെട്ടപ്പോള്‍ അങ്ങിനെ ഒരു സംഘടനയെ കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞതെന്ന് അന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണങ്ങളാല്‍ വസ്തുതാന്വേഷണ സംഘത്തെ തടയുന്നതിനായി നടത്തിയ പ്രതിഷേധം പൊലീസ് ആസൂത്രണത്തിന്റെ ഭാഗമായിരുന്നോ എന്ന സംശയങ്ങളുമുയരുന്നുണ്ട്.

14- ജീവനക്കാരന്‍ കേട്ട വെടിയൊച്ചയും അടുത്ത ദിവസം ലഭിച്ച ബുള്ളറ്റും

ഉപവന്‍ റിസോര്‍ട്ട് ജീവനക്കാരനായ വിപിന്‍ മാര്‍ച്ച് 6ന് രാത്രി എട്ട് മണിക്ക് മുകള്‍ നിലയിലെ 270ാം നമ്പര്‍ മുറിയില്‍ നിന്നും വെടിയൊച്ച കേട്ടുവെന്ന് മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം തന്നെ റിസോര്‍ട്ടിലെ മുകള്‍നിലയിലെ മുറിയില്‍ നിന്നും ഒരു ബുള്ളറ്റ് ലഭിച്ചതായും ഇത് തൊട്ടടുത്ത ദിവസം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചതായും കോഴിക്കോട് ക്രൈം ബ്രാഞ്ച് സൈന്റിഫിക് ഓഫീസര്‍ ഡോ.മുഹമ്മദ് നിഫ്സുദ്ദീന്റെ മൊഴിയില്‍ പറയുന്നു.

മൊഴികളില്‍ പരാമര്‍ശിക്കുന്ന ഇക്കാര്യങ്ങള്‍ക്ക് സംഭവവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് അറിയുന്നതിനുള്ള അന്വേഷണം നടന്നതായി മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. മാത്രമല്ല മുറിയില്‍ നിന്നും ലഭിച്ച വെടിയുണ്ട പരിശോധനക്ക് വിധേയമാക്കിയതായി ഫോറന്‍സിക് റിപ്പോര്‍ട്ടിലും പറയുന്നില്ല.

കേസന്വേഷണം ഇതുവരെ

2019 മാര്‍ച്ച് 6ന് വെത്തിരിയില്‍ നടന്ന സി.പി ജലീല്‍ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുകയാണ്. മാര്‍ച്ച് 7ന് രണ്ട് കേസുകളായിരുന്നു സംഭവത്തില്‍ വയനാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഉപവന്‍ റിസോര്‍ട്ട് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റായ സ്റ്റെജിന്‍ ടോമി നല്‍കിയ പരാതിയിലും പൊലീസിന് നേരെ വെടിവെച്ചുവെന്ന വൈത്തിരി സി.ഐ എന്‍. സുനില്‍ കുമാറിന്റെ പരാതിയിലുമായിരുന്നു ഈ രണ്ട് കേസുകള്‍. വയനാട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.പി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഇവയില്‍ പ്രാഥമിക അന്വേഷണം നടത്തിയത്.

മാര്‍ച്ച് 8ന് കണ്ണൂര്‍-കാസര്‍ഗോഡ് ക്രൈം ബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ് ഐ.പി.എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഈ സംഘത്തിന് കീഴിലാക്കി. പിന്നീട് രണ്ട് കേസുകളിലെയും സംഭവസ്ഥലവും തെളിവുകളും മറ്റു രേഖകളും ഒന്നായതിനാല്‍ ഈ രണ്ട് കേസുകളും ഒന്നാക്കി രജിസ്റ്റര്‍ ചെയ്യാന്‍ 2019 ജൂണ്‍ 6ന് കല്‍പറ്റ സെഷന്‍സ് കോടതി നിര്‍ദേശം പുറപ്പെടുവിച്ചു.

2020 ജൂണ്‍ 19ന് മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് കോഴിക്കോട് കകക ഡി.വൈ.എസ്.പി ബെന്നിയെ ഏല്‍പിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് ക്രൈം ബ്രാഞ്ചിന്റെ കീഴിലാണ് അന്വേഷണം നടക്കുന്നത്.

കേസിന്റെ അന്വേഷണം നടന്നുവരികയാണെന്നും സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റടക്കം സംഘത്തിലെ മറ്റു പ്രതികളെ പിടികൂടാനുണ്ടെന്നുമാണ് ഡി.വൈ.എസ്.പി ബെന്നി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

സി.പി ജലീല്‍ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസം മാര്‍ച്ച് 7ന് തന്നെ സംഭവത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ് വയനാട് എസ്.പിക്ക് പരാതി സമര്‍പ്പിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പരാതിയിന്മേല്‍ അന്വേഷണം നടക്കാത്തതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സി.പി ജലീലിന്റെ കുടുംബം 2019 ജൂലൈ മാസത്തില്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. നിലവിലെ അന്വേഷണത്തിനൊപ്പം ഈ പരാതി കൂടി അന്വേഷിക്കണമെന്നതായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ അന്വേഷണം ഒരു വര്‍ഷം പിന്നിട്ടിട്ടും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.

ഇതേസമയത്ത് തന്നെ സി.പി ജലീലിന്റെ മരണത്തില്‍ സി.ആര്‍.പി.സി 172 പ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു.

ഇതിനിടയിലാണ് 2020 ആഗസ്റ്റില്‍ ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധന കഴിഞ്ഞതിനാല്‍ അവ തിരികെ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അപേക്ഷ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാകാത്ത പക്ഷം കേസ്സില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരിലേക്ക് തന്നെ ആയുധങ്ങള്‍ തിരികെയെത്തുന്നത് തെളിവുകള്‍ നശിപ്പിക്കുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ജലീലിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു.

ഈ ഘട്ടത്തിലാണ് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടും പൂര്‍ത്തിയായ വിവരം പുറത്തറിയുന്നത്. 2019 നവംബര്‍ 5ന് മജിസ്റ്റീരിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2020 ഫെബ്രുവരിയിലാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ഇരു റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പുകള്‍ നല്‍കണമെന്ന് ബന്ധുക്കള്‍ കോടതിയോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച കോടതി സെപ്റ്റംബറിലും ഒക്ടോബറിലുമായി റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ബന്ധുക്കള്‍ക്ക് നല്‍കി.

സി.പി ജലീല്‍ വെടിയുതിര്‍ത്തിരുന്നില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് വിവാദമായെങ്കിലും പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. നിലവിലെ തെളിവുകള്‍ പ്രകാരം സി.പി ജലീലിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയോ ബോധപൂര്‍വ്വമായ കൃത്യവിലോപമോ നടന്നിട്ടില്ലെന്നായിരുന്നു മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ അന്തിമ നിഗമനം.

അതേസമയം തന്നെ ഇതേ റിപ്പോര്‍ട്ടില്‍ ‘ഈ അന്വേഷണം നടക്കുന്ന സമയത്ത് ബാലിസ്റ്റിക് റിപ്പോര്‍ട്ടും ഫോറന്‍സിക് എക്സാമിനേഷന്‍ റിപ്പോര്‍ട്ടും പൂര്‍ത്തിയാകാതിരുന്നതിനാല്‍ പരിശോധിക്കാനായിട്ടില്ല. ഫോറന്‍സിക് ലാബില്‍ സി.സി.ടി.വി ഫൂട്ടേജുകളുടെ പരിശോധന നടക്കുന്നതിനാല്‍ അവയും പരിശോധിക്കാനായിട്ടില്ല. ബാലിസ്റ്റിക് റിപ്പോര്‍ട്ട്, ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് എന്നിവ പരിശോധിച്ച ശേഷം മാത്രമേ സംശയാസ്പദമായ എംപ്റ്റി കാട്രിഡ്ജിനെക്കുറിച്ചും സി.സി.ടി.വി ഫൂട്ടേജിനെകുറിച്ചും അന്തിമ നിഗമനത്തിലെത്തി ചേരാന്‍ സാധിക്കു.’ എന്നും വ്യക്തമാക്കുന്നു.

സി.സി.ടി.വി ഫൂട്ടേജുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലെ നിലവിലെ സ്ഥിതിയറിയുന്നതിനായി കോഴിക്കോട് ഡി.വൈ.എസ്.പിയെ ഡൂള്‍ന്യൂസ് സമീപിച്ചപ്പോഴാണ് സി.സി.ടി.വി ഫൂട്ടേജിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച വിവരം അറിയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് നിലവില്‍ ജലീലിന്റെ ബന്ധുക്കള്‍.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ വൈത്തിരി സംഭവത്തില്‍ കേരള പൊലീസ് പാലിക്കുന്നില്ല എന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ സംശയങ്ങള്‍ ഉയരുന്ന സംഭവങ്ങളില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിക്കണമെന്ന് വ്യവസ്ഥയുണ്ടായിരിക്കെ വൈത്തിരി സംഭവത്തില്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകള്‍ക്കെതിരെ മാത്രമായിരുന്നു അന്ന് കേസെടുത്തിരുന്നത്.

2014 ലെ പി.യു.സി.എല്‍ vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസ്സിലെ വിധി പ്രകാരം ഏറ്റുമുട്ടലില്‍ മരണം സംഭവിച്ചെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേകം അന്വേഷിക്കണമെന്നാണ് വ്യവസ്ഥ. ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും അയക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ വൈത്തിരി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മാത്രമല്ല സംഭവം നടന്ന് ഒന്നര വര്‍ഷത്തിലധികമായിട്ടും കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ കൊലപാതകത്തിന്റെ അന്വേഷണം പാതിവഴിയിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  DoolNews Exclusive- Maoist C P Jaleel Encounter, 14 evidences against police reports

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.