വെള്ളമുണ്ട: വയനാട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് പൊലീസ്. യൂണിഫോം ധരിച്ച അഞ്ചിലധികം പേര്‍ സംഘത്തിലുണ്ടായിരുന്നതായും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു.
മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊല നടന്ന വാര്‍ഷികത്തില്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. വനം വകുപ്പ് ഓഫീസ്, പൊലീസ് സ്റ്റേഷന്‍ എന്നിവ ആക്രമിക്കാന്‍ പദ്ധിതിയിട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും പൊലീസ് പറയുന്നു.
ഇന്ന് രാവിലെ 9.15നാണ് വെടിവെയ്പ്പുണ്ടായത്. മാനന്തവാടി എസ്.ഐ ബിജു ആന്റണിയ്ക്കും തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ക്കും നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ ഒരാള്‍ മരിച്ചുവെന്നും എന്നാല്‍ മരിച്ചയാള്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും വയനാട് എസ് പി പൂങ്കുഴലി അറിയിച്ചു. കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട അഞ്ചുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇതില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
35 വയസുള്ള പുരുഷനാണ് കൊല്ലപ്പെട്ടതെന്നും സൂചനകളുണ്ട്. 303 റൈഫിളാണ് ഉപയോഗിച്ചെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം തന്റെ സഹോദരന്റെ കൊലപാതകത്തിന് സമാനമായ ഒരു സംഭവം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും വൈത്തിരിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി ജലീലിന്റെ സഹോദരനുമായ സി.പി റഷീദ് പറഞ്ഞു.
ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നപ്പോള്‍ സി.പി ജലീല്‍ വെടിയുതിര്‍ത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമായത്. എഫ്.ഐ.ആറില്‍ വന്നത് മാവോയിസ്റ്റുകള്‍ നേരിട്ട് വെടിയുതിര്‍ത്തെന്നും സുരക്ഷ മുന്‍നിര്‍ത്തി വെടിവെക്കേണ്ടി വന്നു എന്നുമാണ് പൊലീസ് പറഞ്ഞത്.
എന്നാല്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തില്ലെന്നും അവര്‍ തോക്ക് ഉപയോഗിച്ചില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു. കേരള സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് പൊളിറ്റിക്കലായ ഒരു ക്രൈസിസ് ഉണ്ടാകുമ്പോള്‍ മാവോയിസ്റ്റുകളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രം ആവിഷ്‌ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Maoist attack Police FIR claims that they planned another attack