Advertisement
Maoist Encounter
മാവോയിസ്റ്റ് വേട്ട വാളയാര്‍ കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാര്‍ നാടകമെന്ന് സംശയം ; സംഭവത്തില്‍ ദുരൂഹതയെന്നും വി.കെ ശ്രീകണ്ഠന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 28, 12:58 pm
Monday, 28th October 2019, 6:28 pm

മലപ്പുറം:അട്ടപ്പാടി അഗളിക്ക് സമീപം ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍.

വാളയാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായി സര്‍ക്കാര്‍ കളിച്ച നാടകമാണോ മാവോവാദി വേട്ടയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇത്തരമൊരു ഏറ്റുമുട്ടലുണ്ടായിട്ട് അത് നാട്ടുകാര്‍ പോലും അറിഞ്ഞില്ല എന്നത് ദുരൂഹത വളര്‍ത്തുന്നെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ഈ അടുത്ത്‌പോലും അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ആരും തന്നെ മാവോവാദി ഭീഷണിയുള്ളതായി പറഞ്ഞിരുന്നില്ല. മാവോയിസ്റ്റ് സാന്നിധ്യം ഇല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാട്ടുകാര്‍ക്ക് പോലും അറിയാത്ത മാവോയിസ്റ്റ് സാന്നിധ്യം തണ്ടര്‍ ബോള്‍ട്ട് അറിയുകയും കാട്ടില്‍ പോയി അവരെ കൊന്നു എന്ന കഥയും സംശയം ജനിപ്പിക്കുന്നകതാണ് എന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ വെച്ച് തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായതായും അതില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും തിങ്കളാഴ്ച്ച് ഉച്ചയ്ക്കാണ് റിപ്പോര്‍ട്ട് വന്നത്. മഞ്ചക്കട്ടി ഊരിലാണു സംഭവമുണ്ടായത്. മാവോയിസ്റ്റുകള്‍ ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അസി. കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം ഇവിടെയെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെപ്പറ്റി ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അതേത്തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് സംഘം ഇവിടെയെത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

DoolNews Video