[]റായ്പൂര്‍: ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിലെ കാംഗറിലും, സിതിരം മേഖലയിലും മാവോയിസ്റ്റ് ആക്രമണം.
സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റുകള്‍ പോളിങ് സാമഗ്രികള്‍ നശിപ്പിച്ചു.
കാംഗറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ ആക്രമിച്ചു. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് രാജ്‌നന്ദഗാവ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ഇന്നലെ രാജ്‌നന്ദഗാവിലെ ബല്‍ദോങ്ഗ്രിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വഴിയോര ബോംബ് സ്‌ഫോടനത്തില്‍ ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസിലെ രണ്ടു ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു.
സൈനികരെയും പൊലീസുകാരെയും തടയാനും വാഹനങ്ങളുടെ ടയര്‍ പഞ്ചറാക്കാനും റോഡുകളില്‍ സ്ഥാപിച്ചിരുന്ന നൂറുകണക്കിന് ആണിയടിച്ച ബോര്‍ഡുകള്‍ വിവിധ ഭാഗങ്ങളില്‍നിന്നു നീക്കം ചെയ്തു.
കനത്ത സുരക്ഷയില്‍ തന്നെയാണ് ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തുടങ്ങിയത്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോവാദികള്‍ ഏതറ്റംവരെയും പോകുമെന്ന ഭീഷണി കണക്കിലെടുത്ത് പോളിങ് സമയം രാവിലെ ഏഴ് മണി തൊട്ട് മൂന്നുവരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഒന്നേകാല്‍ ലക്ഷം ഭടന്മാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. മാവോവാദികളുടെ ശക്തികേന്ദ്രമായ ബസ്തറില്‍ മാത്രം 600 കമ്പനി സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്.