| Saturday, 27th October 2018, 7:35 pm

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; നാല് സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ നാല് സി.ആര്‍.പി.എഫ്. ജവാന്മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍നിന്ന് രണ്ടു ജവാന്മാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ബുള്ളറ്റ് പ്രൂഫ് ബങ്കറിനെ ലക്ഷ്യമാക്കി എറിഞ്ഞ ബോംബ് പൊട്ടിയാണ് സൈനികര്‍ മരണപ്പെട്ടത്.

“ബറ്റാലിയന്‍ 168ലെ രണ്ടു കോണ്‍സ്റ്റബിളുമാര്‍, ഒരു എ.എസ്.ഐ, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരാണ് കൊല്ലപെട്ടത്. ആവാപ്പള്ളി പൊലീസ് സ്റ്റേഷന് സമീപമാണ് ആക്രമണമുണ്ടായത്.” നക്‌സല്‍ വിരുദ്ധ സേന ഡി.ഐ.ജി. മാധ്യമങ്ങളോട് പറഞ്ഞു.

പരിക്കേറ്റ സൈനികരെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഛത്തീസ്ഗഡില്‍ ഈവരുന്ന നവംബര്‍ ഇരുപതിന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബിജാപൂരിലും മറ്റു മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലുമാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക.

ALSO READ: അമിത് ഷായുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചത് കലാപം ലക്ഷ്യമിട്ട്: സ്വാമി അഗ്നിവേശ്

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ബീഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ ജില്ലകളില്‍ നിന്നും മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ 7000 സി.ആര്‍.പി.എഫ് ജവാന്‍മാരെ കേന്ദ്രം പിന്‍വലിച്ചത്. മാവോയിസ്സ്റ്റുകളുടെ പ്രവര്‍ത്തനം രൂക്ഷമായതിനെ തുടര്‍ന്ന് ചത്തീസ്ഗഡിലെ വടക്കന്‍ ബസ്റ്റാറിലേക്ക് പിന്‍വലിച്ച സേനയെ നിയമിക്കുകയായിരുന്നു.

ഓഗസ്റ്റില്‍ മാത്രം മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച ജവാന്‍മാരുടെ എണ്ണം പതിനഞ്ചോളം വരും.

“തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള ആക്രമണം ജനങ്ങളില്‍ ഭീതി പരത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കും.” ഛത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more