| Saturday, 17th December 2016, 1:27 pm

കര്‍ശന പോലീസ് നിയന്ത്രണത്തില്‍ മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്‌ക്കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട്ട് വെസ്റ്റ്ഹില്‍ പൊതു ശ്മശാനത്തിലായിരുന്നു സംസ്‌കാരം.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ അജിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സുഹൃത്തും എത്തിയെങ്കിലും പോലീസ് മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറായില്ല.

മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കരുത്, മോര്‍ച്ചറി പരിസരത്ത് മുദ്രാവാക്യം വിളി പാടില്ല തുടങ്ങിയ നിബന്ധനകളും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൃതദേഹത്തിന് ചൊങ്കടി പുതപ്പിക്കുകയും ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിക്കുയും ചെയ്തു.

എ.വാസുവിന്റെ നേതൃത്വത്തില്‍ റെഡ് സല്യൂട്ട് എന്ന മുദ്രാവാക്യം വിളിക്കുകയും കൂടിയിരുന്ന മനുഷ്യാവകാശപ്രവര്‍ത്തകരും അജിതയുടെ സുഹൃത്തുക്കളും മുദ്രാവാക്യം ഏറ്റുവിളിക്കുയും ചെയ്തു. ഇതിന് ശേഷമായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. സംസ്‌ക്കാരത്തിന് ശേഷം ശ്മശാനത്തിന് അരികില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ എ. വാസു, തുഷാര്‍, ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്‍, സി.പി റഷീദ്, അജിതയുടെ സുഹൃത്ത് ഭഗവത് സിങ് എന്നിവര്‍ സംസാരിച്ചു.

അജിതയുടെ സഹപാഠി ഭഗവത് സിംഗിന്റെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു അജിതയുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി ഇടപെട്ട് നീട്ടിവച്ചത്. അജിതയുടെ മൃതദേഹം തനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭഗവത് സിംഗ് കോടതിയെ സമീപിച്ചത്.

നവംബര്‍ 24ന് കരുളായി വനത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് അജിതയും മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും കൊല്ലപ്പെട്ടത്. കുപ്പു ദേവരാജിന്റെ മൃതദേഹം ഡിസംബര്‍ പത്തിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more