ദമ്മാം: പന്ത്രണ്ട് മേഖലകളിലായ് പ്രഖ്യാപിച്ച സൗദിവത്ക്കരണത്തിന് ആറു ദിവസം മാത്രം ബാക്കി നില്‍ക്കെ സൗദിയില്‍ നിരവധി കടകള്‍ അടഞ്ഞു കിടക്കുന്നു. ഇവ കൂടുതലും പ്രവാസികളുടേതാണെന്നാണ് സൗദി പത്രമായ സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓട്ടോ മൊബൈല്‍, റെഡിമെയ്ഡ് വസ്ത്ര കടകള്‍, ഫര്‍ണിച്ചര്‍ സ്ഥാപനങ്ങള്‍, വീട്ടുസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയെല്ലാമാണ് അടഞ്ഞു കിടക്കുന്നത്.
സൗദിവത്കരണം നടപ്പിലാക്കുന്നതിന് മുന്‍പ് പ്രവാസി ഉടമകള്‍ കടകള്‍ ഒഴിഞ്ഞു പോയിരിക്കുകയാണെന്ന് ദമ്മാമിലെ കച്ചവടക്കാരനായ അബ്ദുല്‍ ലത്തീഫ് അല്‍ നാസര്‍ സൗദി ഗസറ്റിനോട് പറഞ്ഞു. തസാത്തൂര്‍ പ്രകാരമാണ് ഇത്രയും കാലം ഈ കടകള്‍ പ്രവര്‍ത്തിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും അബ്ദുല്‍ ലത്തീഫ് അല്‍ നസര്‍ പറയുന്നു.
രണ്ടു മാസത്തിനുള്ളില്‍ കൂടുതല്‍ കടകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കടകളിലേക്ക് സൗദി ജീവനക്കാരെ എടുക്കണമെന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ സാമൂഹിക വികസനവകുപ്പ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
സെപ്തംബര്‍ 11നാണ് സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമാവുക. 12 മേഖലകളില്‍ 70 ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യം. നിലവില്‍ കൂടുതല്‍ മലയാളികളും ജോലി ചെയ്യുന്ന മേഖലകളിലാണ് സൗദിവത്കരണം ശക്തമാവുന്നത്.