| Saturday, 20th April 2024, 1:25 pm

ചൈനയുടെ പ്രധാന നഗരങ്ങളില്‍ പകുതിയും വെള്ളത്തിനടിയിലാകുന്നു; സയന്‍സ് ജേണല്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ചൈനയിലെ പ്രധാന നഗരങ്ങളില്‍ പലതും മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. നഗരങ്ങളില്‍ വര്‍ധിച്ചുവരുന്ന കെട്ടിടങ്ങളുടെ ഭാരവും ജല ചൂഷണവുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. സയന്‍സ് ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നത്.

ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ്ങും ടിയന്‍ജിനും ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ മുങ്ങല്‍ ഭീഷണി നേരിടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 45 ശതമാനം ഭൂപ്രദേശങ്ങള്‍ പ്രതിവര്‍ഷം മൂന്ന് മില്ലി മീറ്ററില്‍ കൂടുതലും 16 ശതമാനം പ്രദേശം പ്രതിവര്‍ഷത്തില്‍ 10 മില്ലി മീറ്റര്‍ കണക്കിനും വെള്ളത്തിനടിയില്‍ ആകുന്നതായാണ് റിപ്പോര്‍ട്ട്.

2015 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് പഠനം നടത്തിയിരിക്കുന്നത്. രണ്ട് ദശലക്ഷം ആളുകള്‍ താമസിക്കുന്ന ചൈനീസ് നഗരങ്ങളാണ് പഠന വിധേയമാക്കിയിട്ടുള്ളത്. ആറില്‍ ഒരു നഗരമെങ്കിലും പ്രതിവര്‍ഷത്തില്‍ 10 മില്ലി മീറ്ററോളം വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്. പരിശോധിച്ച 82 നഗരങ്ങളില്‍ ഏതാനും പ്രദേശങ്ങള്‍ അതിവേഗത്തില്‍ വെള്ളത്തിനടിയില്‍ ആവുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഭീഷണി നേരിടുന്ന ചൈനീസ് നഗരങ്ങളെ സംരക്ഷിക്കാനുള്ള ഏക മാര്‍ഗം ഭൂഗര്‍ഭജലം വേര്‍തിരിച്ചെടുക്കുന്ന പ്രവൃത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനുപുറമെ ചൈനയിലെ ഗതാഗത സംവിധാനങ്ങളും ഹൈഡ്രോകാര്‍ബണ്‍ വേര്‍തിരിച്ചെടുക്കലും ഖനനവും നഗരങ്ങള്‍ വെള്ളത്തിനടിയിലാകുന്നതിന് കാരണമാകുന്നുണ്ട്.

Content Highlight: Many of China’s major cities are reportedly sinking

Latest Stories

We use cookies to give you the best possible experience. Learn more