ന്യൂദല്‍ഹി: പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നതായി ആരോപിച്ച് ദല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ.
പോളിങ് ബൂത്തിലെത്തിയ ആളുകള്‍ തങ്ങളുടെ പേരുകള്‍ ലിസ്റ്റിലില്ലെന്ന് പരാതിപ്പെട്ടതായി സിസോദിയ പറഞ്ഞു.
‘വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത പല ആളുകളും രോഷാകുലരാണ്. ഈ ഗൂഢാലോചനക്കെതിരെ ഞാന്‍ ഇലക്ഷന്‍ കമ്മീഷനില്‍ പരാതി കൊടുക്കാന്‍ പോവുകയാണ്,’ സിസോദിയ പറഞ്ഞു.
അതേസമയം, വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലെന്ന പരാതിയുമായി ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയും രംഗത്തെത്തിയിരുന്നു. വോട്ടര്‍ പട്ടികയിലോ പേര് നീക്കം ചെയ്തവരുടെ ലിസ്റ്റിലോ തന്റെ പേരില്ലെന്നാണ് അനില്‍ ചൗധരി പറഞ്ഞത്. ഇതിനു പിന്നില്‍ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 250 വാര്‍ഡുകളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. കണക്കുകളനുസരിച്ച് 1.45 കോടി വോട്ടര്‍മാരാണ് ദല്‍ഹി കോര്‍പ്പറേഷന് കീഴിലുള്ളത്.
ആം ആദ്മി, ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ദല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പും ഒരേസമയം വെച്ചത് ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
ദല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പ്പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
നേരത്തെ ദല്‍ഹി ഈസ്റ്റ്, നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ മൂന്ന് കോര്‍പ്പറേഷനുകളായിരുന്നു തെരഞ്ഞെടുപ്പ്. നേരത്തെ 272 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് നിലവില്‍ 250 ആയി കുറഞ്ഞിട്ടുണ്ട്.
2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 181 സീറ്റുകള്‍ നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടി 28 സീറ്റുകളും കോണ്‍ഗ്രസ് 30 സീറ്റുകളുമായിരുന്നു നേടിയത്. പോള്‍ ചെയ്യപ്പെട്ടതിന്റെ 36.1 ശതമാനം വോട്ടുകള്‍ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടി 26.2 ശതമാനവും കോണ്‍ഗ്രസ് 21.1 ശതമാനം വോട്ടും നേടിയിരുന്നു.
കോണ്‍ഗ്രസിന്റെ 147 സ്ഥാനാര്‍ഥികളും ബി.ജെ.പിയുടേയും ആം ആദ്മി പാര്‍ട്ടിയുടേയും 250 സ്ഥാനാര്‍ഥികള്‍ വീതവുമാണ് ജനവിധി തേടുന്നത്. 15 വര്‍ഷമായി ഭരിക്കുന്ന ബി.ജെ.പി തുടര്‍ച്ചയായ നാലാം തവണയും അധികാരം നേടാനാകുമെന്ന പ്രതീക്ഷയിലാണ്.