ആൻഡമാൻ നികോബർ: ബംഗ്ലാദേശിൽ നിന്ന് പുറപ്പെട്ട ബോട്ടിന്റെ എഞ്ചിൻ തകരായതിനെ തുടർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ഒറ്റപ്പെട്ട് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 185 രോഹിങ്ക്യൻ അഭയാർത്ഥികൾ.
ആൻഡമാൻ നികോബറിന് സമീപം സഹായം കാത്ത് കഴിയുന്നവരിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നും പത്തിലധികം ആളുകളുടെ നില ഗുരുതരമാണെന്നും യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ് (യു.എൻ.എച്ച്.സി.ആർ) അറിയിച്ചു.
മ്യാന്മറിൽ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിൽ അഭയം തേടിയ രോഹിങ്ക്യകൾ അഭയാർത്ഥി ക്യാമ്പുകൾ നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് മറ്റൊരു അഭയസ്ഥാനം തേടി ഇറങ്ങിയതായിരുന്നു.
മ്യാൻമറിലെ മുസ്‌ലിം ന്യൂനപക്ഷമായ രോഹിങ്ക്യകളെ 2017ൽ സൈന്യം വംശീയ ഉന്മൂലനത്തിന് വിധേയരാക്കുകയും വീടുകളും സമ്പാദ്യങ്ങളും പിടിച്ചടക്കുകയും ചെയ്തതിനെ തുടർന്ന് ഏഴര ലക്ഷം രോഹിങ്ക്യകളാണ് നിർബന്ധിത പലായനത്തിന് വിധേയരായത്.
നിലവിൽ മ്യാൻമറിനെതിരെ യു.എൻ കോടതിയിൽ വംശഹത്യ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. സമയബന്ധിതമായ രക്ഷാപ്രവർത്തനം നടക്കാതിരിക്കുകയും ഏറ്റവും അടുത്തുള്ള സുരക്ഷിതസ്ഥാനത്ത് അഭയാർത്ഥികളെ എത്തിക്കാതിരിക്കുകയും ചെയ്താൽ തീരദേശ രാജ്യങ്ങളുടെ നിരീക്ഷണത്തിന് കീഴിൽ കൂടുതൽ പേർ മരിക്കുമെന്ന് യു.എൻ.എച്ച്.സി.ആർ മുന്നറിയിപ്പ് നൽകി.
മ്യാൻമറിൽ നിന്നും ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും ഓരോ വർഷവും ആയിരക്കണക്കിന് രോഹിങ്ക്യകളാണ് മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും പോകാൻ അപകടകരമായ കടൽ യാത്ര നടത്തുന്നത്.
2022 മുതൽ 570ലധികം അഭയാർത്ഥികൾ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് യു.എൻ ഏജൻസി പറയുന്നു.
Content Highlight: ‘Many more could die’: Urgent plea for Rohingya refugees trapped at sea