മഹാരാഷ്ട്രയില്‍ 25 കോണ്‍ഗ്രസ്, എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ബി.ജെ.പി മന്ത്രി
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന അവകാശവാദവുമായി ബി.ജെ.പി മന്ത്രി. ജലവിഭവ മന്ത്രി ഗിരീഷ് മഹാജനാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 25 എം.എല്‍.എമാര്‍ ബി.ജെ.പിയിലേയ്ക്ക് ചേക്കേറുമെന്നാണ് ഗിരീഷ് മഹാജന്റെ വാദം.
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിന് മുമ്പ് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി നല്‍കി ബി.ജെ.പിയിലേക്ക് കൂറുമാറ്റമുണ്ടാകുമെന്ന സൂചനയാണ് മന്ത്രി നല്‍കിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഖേ പാട്ടീല്‍ മണ്‍സൂണ്‍ സെഷന് മുമ്പേ ബി.ജെ.പിയിലെത്തും. ഇത് സംബന്ധിച്ച് ഞായറാഴ്ച അമിതാഷയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചു പ്രതിപക്ഷ പാര്‍ട്ടികളിലെ ചില നേതാക്കള്‍ ഫോണിലൂടെയും മറ്റും തന്നെ ബന്ധപ്പെട്ടതായി മന്ത്രി പറഞ്ഞു. നാസിക്, ജാല്‍ഗാവ് ജില്ലകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് ഗിരീഷ്.
‘തന്റെ ചുറ്റുമുളള ചില നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന് പോലും അറിയില്ല. ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എന്‍സി.പി സഖ്യം 50 സീറ്റുകളിലേക്ക് ചുരുങ്ങും’- ഗിരീഷ് മഹാജന്‍ പറഞ്ഞു.
2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 122 സീറ്റും ശിവസേന 63 സീറ്റും നേടിയിരുന്നു. 41 സീറ്റ് വീതമാണ് കോണ്‍ഗ്രസും എന്‍.സി.പിയും നേടിയത്.