ബി.ജെ.പിയിലെ മിക്ക നേതാക്കളും അവിവാഹിതര്‍: നോട്ട് നിരോധനം വിവാഹത്തെ ബാധിക്കുമെന്ന് അറിയാത്തത് അതുകൊണ്ടെന്നും ബാബ രാംദേവ്
Daily News
ബി.ജെ.പിയിലെ മിക്ക നേതാക്കളും അവിവാഹിതര്‍: നോട്ട് നിരോധനം വിവാഹത്തെ ബാധിക്കുമെന്ന് അറിയാത്തത് അതുകൊണ്ടെന്നും ബാബ രാംദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th November 2016, 10:55 am

ഈ സമയത്ത് നോട്ട് നിരോധിച്ചതുകൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. ആരും സ്ത്രീധനം ആവശ്യപ്പെടില്ല


ന്യൂദല്‍ഹി: 500 ന്റേയും 1000 ത്തിന്റേയും നോട്ട് നിരോധനം മൂലം സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ വിഷയത്തില്‍ ബി.ജെ.പി നേതാക്കളെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് വ്യവസായി ബാബാ രാംദേവ്.

വിവാഹ സീസണില്‍ ഇത്തരത്തിലൊരു നോട്ട് നിരോധനം സാധാരണക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു രാംദേവിന്റെ വിചിത്രമായ മറുപടി.

ബി.ജെ.പി യിലെ മിക്ക നേതാക്കളും അവിവാഹിതരാണ്. അതുകൊണ്ട് വിവാഹത്തെ കുറിച്ചോ വിവാഹ ചിലവിനെ കുറിച്ചോ അവര്‍ക്ക് അറിയില്ല. വിവാഹത്തിന് പ്രത്യേക സീസണുകള്‍ ഉണ്ടെന്നും അറിയില്ല. അതാണ് ഇത്തരമൊരു അബദ്ധം പറ്റാന്‍ കാരണമെന്നും രാംദേവ് പറഞ്ഞു.


നോട്ട് അസാധുവാക്കല്‍ തീരുമാനം ഏതാണ്ട് ഒരു മാസം കഴിഞ്ഞ് നടപ്പാക്കിയിരുന്നെങ്കില്‍ വിവാഹമുമായി ബന്ധപ്പെട്ട് ഇത്തരമൊരു പ്രതിസന്ധി പല കുടുംബങ്ങളിലും ഉണ്ടാകുമായിരുന്നില്ലെന്നും രാംദേവ് പറഞ്ഞു.

ഈ സമയത്ത് നോട്ട് നിരോധിച്ചതുകൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. ആരും സ്ത്രീധനം ആവശ്യപ്പെടില്ല എന്നതാണ് അതെന്നും രാംദേവ് പറയുന്നു.

എന്തുതന്നെയായാലും വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ തുക പിന്‍വലിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടല്ലോയെന്നും രാംദേവ് ചോദിക്കുന്നു.

വിവാഹം നടക്കുന്ന കുടുംബങ്ങള്‍ക്ക് ബാങ്കില്‍ നിന്നും രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഇന്നലെ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് വ്യക്തമാക്കിയിരുന്നു. അതേസമയം നോട്ട് അസാധുവാക്കി പത്ത് ദിവസം പിന്നിടുമ്പോഴും ബാങ്കിനും എ.ടി.എമ്മിനും മുന്നിലുള്ള നീണ്ട ക്യൂവിന് കാര്യമായ വ്യത്യാസമൊന്നും വന്നിട്ടില്ല.