ശശി തരൂരിന്റെ ബയോപിക് ചെയ്യണമെന്ന് പലരും പറഞ്ഞിട്ടുണ്ട്: നിഷാന്ത് സാഗര്‍
Film News
ശശി തരൂരിന്റെ ബയോപിക് ചെയ്യണമെന്ന് പലരും പറഞ്ഞിട്ടുണ്ട്: നിഷാന്ത് സാഗര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th July 2023, 11:24 am

ചെറുപ്പത്തില്‍ പുറത്തിറങ്ങുന്ന സിനിമയിലെ നായകന്മാരുമായി കൂട്ടുകാര്‍ താരതമ്യപ്പെടുത്തുമായിരുന്നുവെന്ന് നടന്‍ നിഷാന്ത് സാഗര്‍. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത് എന്നിവരൊക്കെയായിട്ടായിരുന്നു താരതമ്യങ്ങളെന്നും അതാണ് സിനിമയിലെത്താന്‍ പ്രചോദനമായതെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിഷാന്ത് പറഞ്ഞു.

‘ശശി തരൂരിന്റെ ബയോപിക് ചെയ്യാന്‍ കുറെ ആളുകള്‍ പറഞ്ഞിട്ടുണ്ട്. ഷെയ്പ്പുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. പഠിക്കുന്ന കാലത്ത് സിനിമകള്‍ ഇറങ്ങുമ്പോള്‍ അതിലെ നായകന്മാരുമായി ഫ്രണ്ട്‌സ് എന്നെ കംപയര്‍ ചെയ്യുമായിരുന്നു. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് അങ്ങനെ കുറെ പേരുടെ കട്ട് ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്. അതൊക്കെയാണ് സിനിമയിലേക്ക് വരാന്‍ പ്രചോദനമായത്. ശ്രമിച്ചാല്‍ നടക്കും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു.

സിനിമയില്‍ എന്നെ ആരും ഉപയോഗിച്ചില്ല എന്ന് പറയില്ല. അങ്ങനെ ആരും ഉപയോഗിക്കാത്തതുകൊണ്ടല്ല. പ്രിപ്പയര്‍ ആയിട്ട് നില്‍ക്കുക എന്നുള്ളതാണ്. സിനിമയില്‍ എത്തുക എന്നുള്ള ആഗ്രഹം ചെറുപ്പം മുതല്‍ തന്നെ ഉണ്ടായിരുന്നു. അവിടെ എത്തിക്കഴിഞ്ഞപ്പോഴത്തേക്കും ഓക്കെ ആയി, ഞാന്‍ ഭയങ്കര റിലാക്‌സ്ഡായി. എന്നാല്‍ അവിടെ നിന്നായിരുന്നു എഫേര്‍ട്ട് എടുത്ത് തുടങ്ങേണ്ടിയിരുന്നത്. എന്റെ കുഴപ്പം കൊണ്ട് തന്നെയാണ്. എന്റെ ഉഴപ്പും മടിയും അറിവില്ലായ്മയും ഒക്കെ തന്നെയാണ്,’ നിഷാന്ത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധിക്കണമെന്നും സിനിമയിലെത്തണമെന്നുമുള്ള ആഗ്രഹമുണ്ടായത് സല്‍മാന്‍ ഖാന്റെ ചിത്രം കണ്ടിട്ടാണെന്നും നിഷാന്ത് പറഞ്ഞു.

‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സല്‍മാന്‍ ഖാന്റെ ‘ഏക് ലഡ്ക ഏക് ലഡ്കി’ എന്ന സിനിമ കണ്ടതോടെ ബോഡിബില്‍ഡിങ്ങില്‍ താല്‍പര്യം തോന്നുന്നത്. ടി.വിയില്‍ ആ സിനിമ കാണുമ്പോള്‍ തന്നെ ഞാന്‍ സൈഡില്‍ കണ്ട ഭാരമെടുത്ത് ഉയര്‍ത്തുകയെല്ലാം ചെയ്തിരുന്നു.

തൊട്ടടുത്ത ദിവസം രാവിലെ മുതല്‍ തന്നെ നടക്കാന്‍ പോകാന്‍ തുടങ്ങി. സിനിമയിലേക്ക് എത്തണമെന്ന ഒരു ഇഷ്ടം കൊണ്ടാണ് അതൊക്കെ ചെയ്തത്. അന്ന് മുതല്‍ തന്നെയാണ് സിനിമയിലെത്തണമെന്നും ആഗ്രഹിച്ച് തുടങ്ങിയത്.

ബിജു വര്‍ക്കി സംവിധാനം ചെയ്ത ദേവദാസി എന്ന സിനിമയിലേക്കാണ് ആദ്യമായി അപ്രോച്ച് ചെയ്യുന്നത്. പത്രത്തില്‍ ഒരു പരസ്യം കണ്ടാണ് അതിന് പോകുന്നത്. നായകനെ ആവശ്യമുണ്ട് എന്ന് പറഞ്ഞായിരുന്നു ആ പരസ്യം.

ആ പരസ്യത്തിലുള്ള നമ്പറില്‍ വിളിച്ച് എങ്ങനെയുള്ള ആളെയാണ് നോക്കുന്നത് എന്ന് അന്വേഷിച്ചിരുന്നു. കാരണം, എനിക്ക് അന്ന് തീരെ മലയാളി ലുക്ക് ഇല്ലായിരുന്നു. ഞാന്‍ എന്റെ ലുക്ക് ഇങ്ങനെയൊക്കെയാണ് എന്ന് പറയുകയും ചെയ്തു. നോര്‍ത്ത് ഇന്ത്യന്‍ ലൂക്ക് ഉള്ള ഒരാളെയാണ് നോക്കുന്നത് എന്ന് അവരും പറഞ്ഞു. അപ്പോ എനിക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് വന്നു. അന്ന് 18 വയസ്സായിരുന്നു പ്രായം. പിന്നീട് ഓഡീഷനൊക്കെ കഴിഞ്ഞാണ് എന്നെ സെലക്ട് ചെയ്തത്,’ നിഷാന്ത് സാഗര്‍ പറഞ്ഞു.

Content Highlight: Many have said that i should do shashi tharoor biopic, says Nishant Sagar