| Thursday, 13th January 2022, 11:27 am

പലരും ചോദിച്ചിരുന്നു, എന്നാല്‍ ആ വി.ഐ.പി അന്‍വര്‍ സാദത്ത് എം.എല്‍.എ അല്ല; ബാലചന്ദ്രകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പി അന്‍വര്‍ സാദത്ത് എം.എല്‍.എ അല്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് വി.ഐ.പി ആണെന്നതുള്‍പ്പെടെ ബാലചന്ദ്രകുമാര്‍ നേരത്തെ പരഞ്ഞിരുന്നു. വി.ഐ.പിയുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതാനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംശയങ്ങളും പലരിലേക്കും ഉയര്‍ന്നിരുന്നു.

അക്കൂട്ടത്തില്‍ ഒരാള്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആയിരുന്നു. ഈ സാഹചര്യത്തിലാണ് വി.ഐ.പി അന്‍വര്‍ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

വി.ഐ.പിയാണ് വീഡിയോ അവിടെ എത്തിച്ചതെന്നും അത് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടുവെന്നതുമാണ് ബാലചന്ദ്രകുമാര്‍ നേരത്തെ നല്‍കിയ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചുവെന്നും ഇതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹമായിരിക്കാമെന്ന് താന്‍ പറഞ്ഞതായും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.

നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വി.ഐ.പിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വി.ഐ.പി. കാവ്യ മാധവന്‍ അദ്ദേഹത്തെ ഇക്ക എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവര്‍ക്കും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോര്‍സ്ഥര്‍ അന്വേഷണം വൈകിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ നിന്ന് അഭിഭാഷകന്റെ വീട്ടില്‍ പരിശോധന നടത്താന്‍ അനുമതി വാങ്ങിച്ചിരുന്നെന്നും എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് വൈകിപ്പിച്ചെന്നും ബാബു കുമാര്‍ പറഞ്ഞു.

അതേസമയം, പള്‍സര്‍ സുനിയുടെ അമ്മയെ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. പള്‍സര്‍ സുനിയുടെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഇതോടെയാണ് അമ്മയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.

വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Many had asked, but that VIP Anwar Sadat was not an MLA; Balachandrakumar

We use cookies to give you the best possible experience. Learn more