തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ പല പ്രവര്‍ത്തകരും അസന്തുഷ്ടരെന്ന് ശശി തരൂര്‍. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വലിയ നേതാക്കളുടെ പിന്തുണയല്ല താന്‍ പ്രതീക്ഷിക്കുന്നതെന്നും സാധാരണ പ്രവര്‍ത്തകരുടെ ശബ്ദം കേള്‍പ്പിക്കാനാണ് ശ്രമമെന്നും തരൂര്‍ പ്രതികരിച്ചു.
‘ജനാധിപത്യ രാജ്യത്തെ പാര്‍ട്ടിയുടെ അകത്തും ജനാധിപത്യം വേണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിപ്രായം അവതരിപ്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. വിഷയങ്ങള്‍ മനസിലാക്കി, പാര്‍ട്ടിയുടെ ഭാവിയെ കുറിച്ച് ചിന്തിച്ച് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യട്ടെ’, തരൂര്‍ പറഞ്ഞു.
ഇങ്ങനെ ഒരു തെരഞ്ഞെടുപ്പില്‍ വലിയ നേതാക്കളുടെ പിന്തുണയല്ല താന്‍ പ്രതീക്ഷിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി.
സാധാരണ പ്രവര്‍ത്തകരുടെ ശബ്ദം കേള്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ അകത്ത് അസംതൃപ്തരായവര്‍ക്കും, വിഷമം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. ചിലര്‍ ആ പ്രശ്നം കൊണ്ട് പാര്‍ട്ടി വിട്ടുപോകുന്നുണ്ട്. ജനാധിപത്യമാകുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് അവരുടെ ശബ്ദം കേള്‍പ്പിക്കാം. പാര്‍ട്ടിയുടെ അകത്ത് അവരുടെ അഭിപ്രായം കേള്‍ക്കാന്‍ ആരുമില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് തോന്നരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂര്‍ ആവര്‍ത്തിച്ചു. എല്ലാ നേതാക്കളും പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിനെ ശക്തമാക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുന്നതിനെതിരെ കെ.പി.സി.സി നേതൃത്വവും പരസ്യമായി തന്നെ രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമടക്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു.
ഖാര്‍ഗെയുടെ അനുഭവ സമ്പത്തും ജനകീയതയും സംഘാടകശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഉചിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വ്യക്തമാക്കിയിരുന്നു. തരൂര്‍ വരുന്നതിനെ നേതൃത്വത്തിലെ മറ്റ് ഭൂരിപക്ഷം മുതിര്‍ന്ന നേതാക്കളും പിന്തുണയ്ക്കുന്നുമില്ല. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് പ്രവര്‍ത്തനപരിചയം കുറവാണെന്നതടക്കമുള്ള വാദങ്ങളാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.
എം.കെ. രാഘവന്‍ എം.പി, മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, ഐ ഗ്രൂപ്പിലെ മുതിര്‍ന്നനേതാവ് എന്‍.കെ. അബ്ദുറഹ്‌മാന്‍, കെ. ബാലകൃഷ്ണന്‍കിടാവ് തുടങ്ങിയ കേരളത്തിലെ ചുരുക്കം മുതിര്‍ന്ന നേതാക്കള്‍ മാത്രമാണ് തരൂരിന് പിന്തുണയുമായി ഇതുവരെ എത്തിയിട്ടുള്ളത്.
കൂടാതെ തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന നിലപാടുമായി യൂത്ത് കോണ്‍ഗ്രസിലെ കെ. ശബരീനാഥന്‍ അടക്കുമുള്ള ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. തരൂര്‍ പ്രസിഡന്റായാല്‍ പാര്‍ട്ടി സമവാക്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുമെന്ന ഭയമാണ് മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പിന് പിന്നിലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പ്രതികരിച്ചത്.