എൽ.എൽ.ബി സിലബസിൽ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ നീക്കവുമായി ദല്‍ഹി സർവകലാശാല; പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍
national news
എൽ.എൽ.ബി സിലബസിൽ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ നീക്കവുമായി ദല്‍ഹി സർവകലാശാല; പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2024, 6:31 pm

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ നിയമ ബിരുദ പ്രോഗ്രാമില്‍ മനുസ്മൃതി ഉള്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നീക്കത്തിനെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച നടക്കുന്ന ദല്‍ഹി യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ മനുസ്മൃതി അടങ്ങുന്ന പുതുക്കിയ സിലബസ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ സിലബസിന് യോഗത്തില്‍ അംഗീകാരം ലഭിച്ചാല്‍ വരാനിരിക്കുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍.എല്‍.ബി സെമസ്റ്റര്‍ ഒന്നിലെ ബാച്ചിലര്‍ ഓഫ് ലോസില്‍ മനുസ്മൃതി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ പഠനത്തില്‍ അവതരിപ്പിക്കുന്നതിനായി എന്‍.ഇ.പി 2020ന് അനുസൃതമായാണ് മനുസ്മൃതി അവതരിപ്പിച്ചിരിക്കുന്നതെന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ലോ ഫാക്കല്‍റ്റി ഡീന്‍ പ്രൊഫസര്‍ അഞ്ജു വാലി ടിക്കൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് രംഗത്തെത്തി. തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് ഡിയു വൈസ് ചാന്‍സലര്‍ യോഗേഷ് സിങ്ങിന് കത്തയക്കുകയും ചെയ്തു.

മനുസ്മൃതി പുരോഗതിക്ക് പ്രതികൂലമായതിനാല്‍ ഈ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വൈസ് ചാന്‍സലര്‍ക്കയച്ച കത്തില്‍ ഇവര്‍ ആരോപിച്ചു. മനുസ്മൃതിയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും തുല്യാവകാശങ്ങളെയും എതിര്‍ക്കുന്നുണ്ടെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി.

‘രാജ്യത്ത് ജനസംഖ്യയുടെ 85 ശതമാനവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്. ജനസംഖ്യയുടെ 50 ശതമാനവും സ്ത്രീകളാണ്. മനുസ്മൃതിയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും തുല്ല്യാവകാശങ്ങളെയും എതിര്‍ക്കുന്നുണ്ട്. മനുസ്മൃതിയുടെ ഏതെങ്കിലും ഭാഗം അവതരിപ്പിക്കുന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കും ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്കും എതിരാണ്,’ സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് പറഞ്ഞു.

Content Highlight: Manusmriti to be Introduced in DU Undergraduate Programme, Teachers’ Body Protests Move