രോഹിത് വെമുലയുടെ രക്തത്തിന് വിദ്യാര്‍ത്ഥികള്‍ മറുപടി പറയും: ഷെഹ്‌ല റഷീദ് ഷോറ
Daily News
രോഹിത് വെമുലയുടെ രക്തത്തിന് വിദ്യാര്‍ത്ഥികള്‍ മറുപടി പറയും: ഷെഹ്‌ല റഷീദ് ഷോറ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th March 2016, 8:31 am

തൃശൂര്‍: രോഹിത് വെമുലയുടെ രക്തത്തിന് വിദ്യാര്‍ത്ഥികള്‍ മറുപടി പറയുമെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ലറഷീദ് ഷോറ. തൃശൂരില്‍ സംഘടിപ്പിച്ച മനുഷ്യ സംഗമത്തില്‍ ” ക്യാമ്പസ്- പ്രതിരോധ വസന്തങ്ങളുടെ നേര്‍ സാക്ഷ്യം” എന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഷെഹ്‌ല.  വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ശക്തി എന്താണെന്ന്  സംഘപരിവാര്‍ തിരിച്ചറിയുമെന്നും  ഷെഹ്‌ല പറഞ്ഞു.

ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടകള്‍ സര്‍വ്വകലാശാലകളിലേക്ക്  വ്യാപിപ്പിക്കാന്‍ ഉള്ള ശ്രമത്തെ വിദ്യാര്‍ത്ഥികള്‍ ചെറുത്തു തോല്‍പ്പിക്കും. ഓരോ വാതിലിലും ചെന്നും പറയും സത്യമെന്താണെന്ന്. അവര്‍ വ്യാജവീഡിയോയും ക്ലിപ്പുകളുമുണ്ടാക്കി വ്യാജ പ്രചരണം നടത്തിക്കൊണ്ടിരിക്കുപമ്പോള്‍ ഞങ്ങള്‍ സത്യം പറയുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ അന്ത്യം വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൂടെയായിരിക്കുമെന്നും ഷെഹ്‌ല പറഞ്ഞു.

ബീഹാറിലെ ദളിതുകളെ ചുട്ടുകൊന്നവര്‍ക്കെതിരെ കേസെടുക്കാത്തവരാണ് ക്യാമ്പസില്‍ മനുസ്മൃതി കത്തിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത്. ദലിതുകള്‍ക്കില്ലാത്ത എന്ത് ഭരണഘടനാപരമായ സംരക്ഷണമാണ് മനുസ്മൃതിക്കുള്ളതെന്ന് ഷഹ്‌ല ചോദിച്ചു.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ മതസ്പര്‍ദ്ദ വളര്‍ത്തുന്നുവെന്ന കുറ്റം ചുമത്തി കേസെടുത്തത് അംഗീകരിക്കാനാവില്ലെന്നും ഫാസിസത്തിനെതി ജനാധിപത്യ ഐക്യമുണ്ടാകണമെന്നും ഷെഹ്‌ല പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളാണ് സെമിനാറില്‍ സംസാരിച്ചത്. എ.ഐ.എസ്.എ ദേശീയ പ്രസിഡന്റ് സുചേത ഡേ, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി അജയന്‍ അടാട്ട്, ജെ.എന്‍.യു വിദ്യാര്‍ത്ഥി അമല്‍ പി.പി, എസ്.എഫ്.ഐ ദേശീയ സെക്രട്ടറി വി.പി സാനു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

അതേസമയം സെമിനാറിന് ശേഷം നടന്ന പ്രതിഷേധ പ്രകടനം പോലീസ് തടയാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. സംഘപരിവാര്‍ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് പോലീസ് പ്രകടനം തടയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് കാര്യമാക്കാതെ പ്രകടനം നടന്നു. ഹൈദരാബാദ് വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രകടനം.