ആടിയും പാടിയും ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധമായി മനുഷ്യസംഗമം
Daily News
ആടിയും പാടിയും ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധമായി മനുഷ്യസംഗമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th December 2015, 8:19 pm

കൊച്ചി: രാജ്യത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരെ  ശക്തമായ പ്രതിഷേധമായി മാറി എറണാകുളത്ത് മനുഷ്യ സംഗമം. ആട്ടവും പാട്ടും എല്ലാമായി സമരങ്ങളുടെ പുതിയ മുഖം അനാവരണം ചെയ്തുകൊണ്ട് തീര്‍ത്തും സര്‍ഗ്ഗാത്മകമായിക്കൊണ്ടാണ് കൊച്ചിയില്‍ മനുഷ്യസംഗമം എന്ന പ്രതിഷേധ സമരംസംഘടിപ്പിക്കപ്പെട്ടത്.

മതേതര ജനാധിപത്യ, പരിസ്ഥിതി, രാഷ്ട്രീയ, മനുഷ്യാവകാശ, കലാ- സാംസ്‌കാരിക മേഖലകളില്‍ നിന്നും നിരവധി ആളുകളാണ് മനുഷ്യസംഗമത്തിന്റെ ഭാഗമായി എറണാകുളത്ത് ഒത്തു ചേര്‍ന്നത്. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. പി.എം ഭാര്‍ഗവയാണ് മനുഷ്യ സംഗമം ഉദ്ഘാടനം ചെയ്തത്. സച്ചിതാനന്ദന്‍, എം.എ ബേബി, ലീന മണിമേഖല, ആനന്ദ്, സി ആര്‍ നീലകണ്ഠന്‍ ഉള്‍പ്പെടെ സാമൂഹിക-സാംസ്‌കാരിക-കലാ രംഗങ്ങളിലെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

രാജ്യത്ത് ജനാധിപത്യം ഇല്ലാതാവുകയാണെന്നും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ചടങ്ങില്‍ സംസാരിക്കവെ പി.എം ഭാര്‍ഗവ പറഞ്ഞു. മനുഷ്യാവകാശത്തെ കുറിച്ച് പൊതു സമൂഹത്തിന്റെ ഇടയില്‍ വലിയ ഉത്കണ്ഠകള്‍ വളര്‍ന്നുവരുന്ന ഈ ഘട്ടത്തില്‍ സി.പി.ഐ.എം ഉള്‍പ്പടെയുള്ള ഇടതുപക്ഷം ആത്മവിമര്‍ശനം നടത്തേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ എം.എ ബേബി അഭിപ്രായപ്പെട്ടു.

താനൊരു ദളിതനായിരിക്കുന്നത് മനുഷ്യരേക്കാള്‍ കുറഞ്ഞ പദവിയായിട്ട് താന്‍ വിചാരിക്കുന്നില്ലെന്നും മറിച്ചു ഇന്ത്യയിലെ മറ്റു മനുഷ്യരെ മനുഷ്യരാക്കാന്‍ വേണ്ടി യുദ്ധം ചെയ്യുന്ന ഒരാളായിട്ടാണ് ഞാന്‍ തന്നെ മനസ്സിലാക്കുന്നതെന്നും ചടങ്ങില്‍ പങ്കെടുത്ത സണ്ണി എം. കപിക്കാട് പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക സാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേരാണ് മനുഷ്യ സംഗമത്തില്‍ ഒത്തുകൂടിയത്. ഇതോടനുബന്ധിച്ച് ഇന്നലെ കൊച്ചിയില്‍ ഫ്രീഡം വോക്ക് സംഘടിപ്പിച്ചിരുന്നു. മതേതര ജനാധിപത്യ, പരിസ്ഥിതി, രാഷ്ട്രീയ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ഫ്രീഡം വോക്ക്. പ്രവര്‍ത്തകര്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍നിന്ന് ഹൈക്കോടതി, വഞ്ചിസ്‌ക്വയര്‍ വരെ ഫ്രീഡം വോക്ക് നടത്തി.

Manushya-sangamam-9അതേസമയം ഇന്ന് വൈകീട്ട് നടി റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ നടന്ന ഫാസിസത്തിനെതിരെ “എല്ലാരും ആടണ്” നൃത്തപരിപാടിയോടയാണ് മനുഷ്യ സംഗമത്തിന് സമാപനമായത്. നൂറുകണക്കിന് ആളുകളാണ് റിമയുടെ നേതൃത്വത്തില്‍ പതിനഞ്ച് മിനിറ്റോളം തെരുവില്‍ ചുവടുകള്‍ വെച്ചത്. ഇതിനുശേഷം നിരവധി കലാ പരിപാടികളും വേദിയില്‍ അരങ്ങേറി.