സൂഹൃത്തിന്റെ ബൈക്കിലെത്തിയ മാര്‍ട്ടില്‍ ലാലൂരില്‍ ഇറങ്ങി നടക്കവെയാണ് പോലീസ് വിളിച്ചുനിര്‍ത്തി ചോദ്യം ചെയ്തത്. പിന്നീട് സ്റ്റേഷനിലേക്കു കൊണ്ടുപോയി അവിടെവെച്ച് മര്‍ദ്ദിച്ചെന്നാണ് മാര്‍ട്ടിന്റെ ആരോപണം. പരുക്കേറ്റ മാര്‍ട്ടിനെ അഡ്മിറ്റു ചെയ്യാന്‍ തയ്യാറാവാത്ത മെഡിക്കല്‍ കോളജ് അധികൃതരുടെ നിലപാടിനെ ചോദ്യം ചെയ്ത മാര്‍ട്ടിന്റെ സുഹൃത്തുക്കളായ ലാസര്‍ ഷൈനിനെയും അജിലാലിനെയും പോലീസ് മര്‍ദ്ദിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.
തന്റെ രൂപത്തെയും ഭാവത്തെയും കളിയാക്കിയും കഞ്ചാവ് കടത്തുപോലുള്ള കുറ്റങ്ങള്‍ തനിക്കെതിരെയും ആരോപിക്കുകയും ചെയ്തുകൊണ്ടാണ് പോലീസ് ചോദ്യം ചെയ്തതെന്ന് മാര്‍ട്ടിന്‍ പറയുന്നു. ആര്‍ട്ടിസ്റ്റാണെന്നും മനുഷ്യസംഗമത്തിനു പോകുകയാണെന്നുമൊക്കെ പറഞ്ഞെങ്കിലും അവര്‍ ചെവിക്കൊണ്ടില്ലെന്ന് അദ്ദേഹം പറയുന്നു.
മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കള്‍ തൃശൂര്‍ അയ്യന്തോള്‍ പോലീസ് സ്‌റ്റേഷനിലെത്തി ഇക്കാര്യം ചോദ്യം ചെയ്തതോടെയാണ് മാര്‍ട്ടിനെ വിട്ടയച്ചത്. തുടര്‍ന്ന് അഡ്മിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്‍ ജനറല്‍ ആശുപത്രിയെ സമീപിച്ചെങ്കിലും അവിടെ നിന്നും മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു.
മുളങ്കുന്നുകാവ് മെഡിക്കല്‍ കോളജിലെത്തിയ മാര്‍ട്ടിനെ അഡ്മിറ്റുചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ നിലപാടെടുത്തതോടെ സുഹൃത്തുക്കളായ ലാസര്‍ ഷൈനും അജിലാലും ഇതു ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും പോലീസെത്തി ഇരുവരെയും മര്‍ദ്ദിക്കുകയുമായിരുന്നു.
അജിലാലിന്റെ കൈ പോലീസ് വലിച്ചൊടിച്ചു. രോഗിയുടെ കൂടെവന്നയാളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ അജിലാലിനെ വെറുതെവിടുകയും ലാസന്‍ഷൈനിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാത്രിവൈകിയാണ് ലാസര്‍ ഷൈനിനെ വിട്ടയച്ചത്. പോലീസുകാരെ ആക്രമിച്ചുവെന്നാരോപിച്ച് ലാസര്‍ ഷൈനിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
പോലീസ് ഇടപെടല്‍ കാരണമാണ് മെഡിക്കല്‍ കോളജ് ആധികൃതര്‍ മാര്‍ട്ടിനെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറാവാതിരുന്നതെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. ലാസര്‍ ഷൈനിനെതിരായ പരാതി വ്യാജമാണെന്നും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറച്ചുവെക്കാനാണ് അവര്‍ ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയതെന്നും ഇവര്‍ പറയുന്നു.