| Wednesday, 13th December 2023, 6:41 pm

പാറ പോലെ ഉറച്ചുനിന്നു; ചാമ്പ്യന്‍സ് ലീഗില്‍ തകർപ്പൻ നേട്ടവുമായി ജര്‍മന്‍ മതില്‍ മാനുവല്‍ ന്യൂയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മികച്ച നീക്കങ്ങള്‍ തടുത്തുനിര്‍ത്തികൊണ്ട് ബയേര്‍ണിന്റെ ഗോള്‍ വലയത്തിന് മുന്നില്‍ മിന്നും പ്രകടനമാണ് ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍ കാഴ്ചവെച്ചത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ ഗോട്ട് ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് മാനുവല്‍ ന്യൂയര്‍ നടന്നുകയറിയത്. 133 മത്സരങ്ങള്‍ നിന്നും 56 ക്ലീന്‍ ഷീറ്റുകളാണ് ന്യൂയറിന്റെ പേരിലുള്ളത്.

178 മത്സരങ്ങളില്‍ നിന്നും 57 ക്ലീന്‍ ഷീറ്റുമായി സ്പാനിഷ് ഇതിഹാസ ഗോള്‍കീപ്പറായ ഐക്കര്‍ കസിയസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. വരും മത്സരങ്ങളിലും ന്യൂയര്‍ ഈ മിന്നും പ്രകടനം തുടരുകയാണെങ്കില്‍ സ്പാനിഷ് ഗോള്‍ കീപ്പറേയും മറികടക്കാന്‍ ന്യൂയറിന് സാധിക്കും.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റ് നേടിയ താരം, ക്ലീന്‍ ഷീറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ഐക്കര്‍ കസിയസ് -57
മാനുവല്‍ ന്യൂയര്‍-56
ജിയാന്‍ലൂജി ബഫണ്‍-52
എഡ്വിന്‍ വാന്‍ ഡെര്‍ സര്‍ -51
പീറ്റര്‍ ചെക്ക്-49

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ 71ാം മിനിട്ടില്‍ ഫ്രഞ്ച് താരം കിങ്സ്ലി കോമനിലൂടെയാണ് ബയേണ്‍ വിജയ ഗോള്‍ നേടിയത്.

വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എയില്‍ ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു സമനിലയും അടക്കം 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബയേണ്‍.

ബുണ്ടസ്ലീഗയില്‍ ഡിസംബര്‍ 18ന് സ്റ്റുഗാര്‍ട്ടുമായാണ് ബയേണിന്റെ അടുത്ത മത്സരം. ജര്‍മന്‍ വമ്പന്‍മാരുടെ തട്ടകമായ അലിയന്‍സ് അറീനയാണ് വേദി.

Content Highlight: Manuel Neuer create a record in UEFA Champions league.

We use cookies to give you the best possible experience. Learn more