| Monday, 24th June 2024, 11:56 am

ബഫണിന് ഇനിമുതൽ ന്യൂയറിന്റെ പിറകിൽ നിൽക്കാം; ജർമൻ ഇതിഹാസത്തിന് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോകപ്പിലെ ഗ്രൂപ്പ് എ യില്‍ നടന്ന ജര്‍മനി-സ്വിറ്റ്‌സര്‍ലാന്‍ഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിക്കൊണ്ട് പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

മത്സരത്തിനു മുന്നോടിയായി തന്നെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ട് ജര്‍മനി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരുന്നു. മറുഭാഗത്ത് സമനിലയോടെ ഒരു ജയവും രണ്ട് തോല്‍വിയുമായി അഞ്ച് പോയിന്റോടെ സ്വിറ്റ്‌സര്‍ലാന്‍ഡും അടുത്ത റൗണ്ടിലേക്ക് മുന്നേറി.

ഈ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ജര്‍മനിയുടെ ഇതിഹാസ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ സ്വന്തമാക്കിയത്. യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന ഗോള്‍കീപ്പര്‍ എന്ന നേട്ടമാണ് ന്യൂയര്‍ സ്വന്തം പേരിലാക്കി മാറ്റിയത്.

യൂറോകപ്പില്‍ ജര്‍മനിക്കായി 18 മത്സരങ്ങളിലാണ് ന്യൂയര്‍ വല കാത്തത്. 17 മത്സരങ്ങള്‍ കളിച്ച ഇറ്റലിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണിനെ മറികടന്നു കൊണ്ടാണ് ന്യൂയര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം മത്സരത്തിന്റെ 28ാം മിനിട്ടില്‍ ഡാന്‍ എന്‍ഡോയയിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡാണ് ആദ്യ ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ആതിഥേയര്‍ മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് താരം നിക്കോ ഫുള്‍ബര്‍ഗിലൂടെയാണ് ജര്‍മനി സമനില ഗോള്‍ നേടിയത്.

മത്സരത്തിന്റെ 67 ശതമാനം ബോള്‍ പൊസഷനും ജര്‍മനിയുടെ അടുത്തായിരുന്നു. മത്സരത്തില്‍ 18 ഷോട്ടുകള്‍ ആണ് എതിരാളികളുടെ പോസ്റ്റിലേക്ക് ജര്‍മന്‍ പട ഉതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് നാല് ഷോട്ടുകളില്‍ നിന്ന് മൂന്ന് എണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് സാധിച്ചു.

Also Read: രംഗയെ പോലൊരു ഫീമെയിൽ ഓറിയന്റഡ് ചിത്രമൊന്നും പലർക്കും ചിന്തിക്കാൻ കഴിയില്ല: ചിന്നു ചാന്ദിനി

Also Read: ടി-20 ലോകകപ്പിന്റെ ചരിത്രം തിരുത്തിക്കുറിച്ച് വിൻഡീസ്; തകർത്തത് 10 വർഷത്തെ ഓസ്‌ട്രേലിയയുടെ ആധിപത്യം

Content Highlight: Manuel Neuer create a Historical Record in Euro Cup

We use cookies to give you the best possible experience. Learn more