'ക്രിസ്റ്റ്യാനോ സ്വാര്‍ത്ഥനും പണത്തോട് ആര്‍ത്തിയുള്ള താരമാണ്'; വിമര്‍ശിച്ച് മുന്‍ പരിശീലകന്‍
Football
'ക്രിസ്റ്റ്യാനോ സ്വാര്‍ത്ഥനും പണത്തോട് ആര്‍ത്തിയുള്ള താരമാണ്'; വിമര്‍ശിച്ച് മുന്‍ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th July 2023, 5:27 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വാര്‍ത്ഥനും ഈഗോയും പണത്തോട് ആര്‍ത്തിയുള്ള താരവുമാണെന്ന് മുന്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ പരിശീലകനായ മാനുവല്‍ ജോസ്. റൊണാള്‍ഡോയുടെ കളി മികവില്‍ സംശയമില്ലെന്നും എന്നാല്‍ താരം പ്രശസ്തിയിലേക്കുയര്‍ന്നപ്പോള്‍ സ്വന്തം വേരുകള്‍ മറന്നെന്നും അദ്ദേഹം പറഞ്ഞു. റെക്കോര്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം സംസാരിച്ചത്.

‘അദ്ദേഹത്തിനെ പരിശീലിപ്പിക്കുന്നവര്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിലും പേഴ്‌സണാലിറ്റിയിലും എന്തെങ്കിലും ഗുണ പരമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കണം. തന്റെ പ്രായം, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാജ്യം, അണിയുന്ന ജേഴ്‌സി ഇവയെയെല്ലാം അദ്ദേഹം ബഹുമാനിക്കേണ്ടതുണ്ട്.

റൊണാള്‍ഡോ നല്ല പ്ലെയറാണ്, പക്ഷെ തന്റെ വേരുകള്‍ അദ്ദേഹം മറന്നു. തന്റെ കരിയര്‍ എങ്ങനെയവസാനിപ്പിക്കണം എന്ന് പോലും റൊണാള്‍ഡോക്ക് അറിയില്ല. പണം മാത്രമാണ് റൊണാള്‍ഡോക്ക് വേണ്ടത്. റൊണാള്‍ഡോ വലിയ പ്ലെയറാണ്. പക്ഷെ അത്രത്തോളം തന്നെ അദ്ദേഹത്തിന്റെ ഈഗോയും വളര്‍ന്നിട്ടുണ്ട്. സ്വന്തം കാര്യം മാത്രമാണ് റൊണാള്‍ഡോക്ക് വലുത്,’ മാനുവല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകേണ്ടി വന്ന താരത്തിന് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ഇടം നേടാനായിരുന്നില്ല. തുടര്‍ന്നാണ് താരം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിയത്.

ഇതിനിടെ, ഫുട്ബോളില്‍ തന്റെ 38ാം വയസിലും റെക്കോഡുകള്‍ അടിച്ചെടുത്ത് ചരിത്രം കുറിക്കുകയാണ് റൊണാള്‍ഡോ. അഞ്ച് ബാലണ്‍ ഡി ഓര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ ഇപ്പോള്‍ ഗിന്നസ് റെക്കോഡിനും അര്‍ഹനായിരിക്കുകയാണ്.

അന്താരാഷ്ട്ര ഫുട്ബോളില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിനാണ് താരത്തെ തേടി ഗിന്നസ് റെക്കോഡ് എത്തിയിരിക്കുന്നത്. യൂറോ 2024 ക്വാളിഫയേഴ്‌സില്‍ ഐസ്ലന്‍ഡിനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിനായി ഗോള്‍ നേടിയത്.

Content Highlights: Manuel Jose criticizes Cristiano Ronaldo