Advertisement
KERALA BYPOLL
എറണാകുളത്ത് മനു റോയി ഇടത് സ്ഥാനാര്‍ത്ഥിയെന്ന് സൂചന; പരിഗണിക്കാന്‍ കാരണം ഈ ഘടകങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 24, 06:52 am
Tuesday, 24th September 2019, 12:22 pm

കൊച്ചി: എറാണാകുളം നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ: മനു റോയ് മത്സരിച്ചേക്കും. എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന മനു റോയി മൂന്ന് തവണ ബാര്‍ അസോസിയേഷനില്‍ ഭാരവാഹിയായിരുന്നു. നിലവില്‍ ലോയേര്‍സ് യൂണിയന്‍ അംഗവുമാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ.എം റോയിയുടെ മകനാണ് മനു റോയ്.

ലത്തീന്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇതേ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുള്ള ആലോചനകളാണ് മനു റോയി എന്ന പേരിലേക്ക് എത്തിയത്. ലത്തീന്‍ സമുദായത്തില്‍പ്പെട്ട ഒരാളെ തന്നെയാണ് പരിഗണിക്കുകയെന്ന സി.പി.ഐ.എം നേരത്തെ സൂചന നല്‍കിയിരുന്നു.

മുന്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ സെബാസ്റ്റ്യന്‍, ട്രീസ മേരി ഫെര്‍ണാണ്ടസ് എന്നീ പേരുകളും സജീവ പരിഗണനയിലുണ്ട്.റോണ്‍ സെബാസ്റ്റ്യന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും പിതാവായ സെബാസ്റ്റ്യന്‍ പോളിനായിരുന്നു നറുക്ക് വീണത്. അതിനാല്‍ ഇക്കുറി റോണ്‍ സെബാസ്റ്റ്യന് എറണാകുളം മണ്ഡലം നല്‍കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച് കെ.എം അനില്‍കുമാറിന്റെ പേരും സജീവ പരിഗണനയിലുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എറണാകുളത്ത് യു.ഡി.എഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദിനെ മുന്‍നിര്‍ത്തിയാണ് ഹൈബി ഈഡന്‍ കരുക്കള്‍ നീക്കുന്നത്. ഐ ഗ്രൂപ്പിന്റെ സീറ്റായതിനാല്‍ ടി.ജെ വിനോദിനാണ് കൂടുതല്‍ സാധ്യത.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് കെ.വി തോമസിന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നായിരുന്നു കെ.വി.തോമസിന്റെ നിലപാട്. നിലവില്‍ പി.ടി.തോമസ് എം.എല്‍.എയ്‌ക്കൊപ്പം കെ.വി.തോമസിനും അരൂര്‍ മണ്ഡലത്തിന്റെ ചുമതലയുണ്ട്.