ഹോട്‌സ്റ്റാര്‍ പുറത്തിറക്കിയ മലയാളം വെബ് സീരീസാണ് 1000 ബേബീസ്. നീന ഗുപ്ത, റഹ്‌മാന്‍, സഞ്ജു ശിവറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീരീസില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ദേവന്‍ കുപ്ലേരി. മനേഷ് മനുവാണ് ദേവനായി വേഷമിട്ടത്. ലാല്‍ സംവിധാനം ചെയ്ത് 2012ല്‍ റിലീസായ ടൂര്‍ണമെന്റ് എന്ന ചിത്രത്തിലൂടെയാണ് മനു സിനിമാലോകത്തേക്കെത്തിയത്.
പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ മനേഷിന് സാധിച്ചു. ഫ്രൈഡേ, ഒരു മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനുവിന് കിട്ടിയ മികച്ചൊരു കഥാപാത്രമാണ് ദേവന്‍ കുപ്ലേരി. പാലക്കാട്ടെ രാഷ്ട്രീയനേതാവായി മികച്ച പ്രകടനമാണ് മനു കാഴ്ചവെച്ചത്.
സീരിസിലെ ആ എപ്പിസോഡ് കണ്ട് ഒരു പാർട്ടി പ്രവർത്തകൻ തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് മനു. പാറശാലയിൽ നിന്നാണ് അദ്ദേഹം വിളിച്ചതെന്നും തന്റെ കഥാപാത്രം നന്നായി ഇഷ്ടപ്പെട്ടതായി അയാൾ പറഞ്ഞെന്നും മനു പറയുന്നു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു മനു ലാൽ.
‘എനിക്ക് കഴിഞ്ഞ ദിവസം പാറശാലയിൽ നിന്നൊരു കോൾ വന്നിരുന്നു. സത്യം പറഞ്ഞാൽ ഞാൻ പേടിച്ചുപോയി. ഈ അഭിമുഖത്തിലാണ് ഞാൻ ഇത് ആദ്യമായി പറയുന്നത്. മനു അല്ലേയെന്ന് എന്നോട് ചോദിച്ചു. പാറശാല എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസിലായി.
കാരണം എനിക്കവിടെ അങ്ങനെ സുഹൃത്തുക്കളൊന്നുമില്ല പിന്നെ എന്റെ ഫാമിലിയും അവിടെയില്ല. ആരുമില്ല. ഞങ്ങൾ ഇന്ന പാർട്ടിയുടെ ആളുകളാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ പടം കണ്ടു. എന്നോട് എവിടെയാണ് ഉള്ളതെന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു, എറണാകുളത്താണ് ഉള്ളതെന്ന്. നിങ്ങളുടെ ഫിസിക്കും ബോഡി ലാഗ്വേജുമൊക്കെ ഞങ്ങളെ പോലെ തന്നെയുണ്ടായിരുന്നു, ഗംഭീരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ എപ്പിസോഡ് ഞങ്ങൾ ശരിക്കും കണ്ടുവെന്നും അയാൾ പറഞ്ഞു. ഇതിന്റെ സംവിധായാകൻ ഇപ്പോൾ കൂടെയുണ്ടോയെന്ന് എന്നോട് ചോദിച്ചു.
സംവിധായകൻ വേറേ സ്ഥലത്താണ് ഞാൻ എറണാകുളത്ത് മറ്റൊരു സ്ഥലത്താണ് എന്ന് പറഞ്ഞു. സത്യത്തിൽ എന്റെ ശബ്ദമൊന്ന് ഇടറി. മോൻ പേടിക്കുകയൊന്നും വേണ്ട, ഞങ്ങൾക്കാണെങ്കിലും അത് നന്നായി ഇഷ്ടപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. ആള് നല്ല ഹാപ്പിയൊക്കെയാണ്,’മനു പറയുന്നു.
Content Highlight: Manu Lal About His Character In 1000 Babies