ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ നോമിനേഷന്‍ ലിസ്റ്റില്‍ ഇന്ത്യയുടെ ഷൂട്ടര്‍ മനു ഭാക്കറിന്റെ പേര് ഇല്ലായിരുന്നു. നോമിനേഷനില്‍ താരത്തിന്റെ പേരില്ലാത്തതിനെ തുടര്‍ന്ന് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ മനു ഈ കാര്യത്തെക്കുറിച്ച് എക്‌സില്‍ എഴുതിയിരിക്കുകയാണ്.
‘ഏറ്റവും അഭിമാനകരമായ ഖേല്‍ രത്‌ന പുരസ്‌കാരത്തിനുള്ള എന്റെ നോമിനേഷനുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നത്തില്‍, ഒരു കായികതാരമെന്ന നിലയില്‍ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുകയും പ്രകടനം നടത്തുകയുമാണ് എന്റെ പങ്ക്. അവാര്‍ഡുകളും അംഗീകാരവും എന്നെ പ്രചോദിപ്പിക്കുന്നു, പക്ഷേ അത് എന്റെ ലക്ഷ്യമല്ല. നാമനിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ എന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അത് തിരുത്തിക്കൊണ്ടിരിക്കുകയാണ്. അവാര്‍ഡ് പരിഗണിക്കാതെ തന്നെ, എന്റെ രാജ്യത്തിനായി കൂടുതല്‍ മെഡലുകള്‍ നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എല്ലാവരോടുമുള്ള ഒരു അഭ്യര്‍ത്ഥനയാണ്. ദയവായി ഈ വിഷയത്തില്‍ ഊഹാപോഹങ്ങള്‍ നടത്തരുത്,’ മനു ഭാക്കര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
ഒളിമ്പിക്സിന്റെ ഒരു സീസണില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒന്നില്‍ കൂടുതല്‍ മെഡലുകള്‍ നേടുന്ന താരമാണ് മനു ഭാക്കര്‍. 2024ല്‍ നടന്ന പാരീസ് ഒളിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് മെഡലുകള്‍ നേടി മിന്നും പ്രകടനമാണ് മനു ഭാക്കര്‍ നടത്തിയത്. 2024 പാരിസ് ഒളിമ്പിക്സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ വെങ്കല മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാനും മനുവിന് സാധിച്ചിരുന്നു.
പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡലുകള്‍, ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, യൂത്ത് ഒളിമ്പിക് ഗെയിംസ് എന്നിവയിലെ സ്വര്‍ണ മെഡലുകള്‍ എന്നിവ മനു ഭാക്കര്‍ വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കി ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഇന്ത്യന്‍ വനിതാ ഷൂട്ടറായി മാറിയിരുന്നു.
അതേസമയം ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിങ്, പാരീസ് പാരാലിമ്പിക്സില്‍ പുരുഷ വിഭാഗം ഹൈജംമ്പില്‍ ഏഷ്യന്‍ റെക്കോഡോടെ സ്വര്‍ണം നേടിയ പാരാ അത്ലറ്റ് പ്രവീണ്‍ കുമാറും നോമിനേഷനില്‍ ഉള്‍പ്പെട്ടുണ്ട്.
Content Highlight: Manu Bhaker Talking About Khel Ratna Award Nomination 2024