ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തിനുപിന്നാലെ ഗുസ്തി താരങ്ങളെ പിന്തുണച്ചുള്ള മനു ഭാക്കറുടെ പോസ്റ്റ് ചര്‍ച്ചയില്‍
national news
ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തിനുപിന്നാലെ ഗുസ്തി താരങ്ങളെ പിന്തുണച്ചുള്ള മനു ഭാക്കറുടെ പോസ്റ്റ് ചര്‍ച്ചയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th July 2024, 10:09 pm

ന്യൂദല്‍ഹി: രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള മനു ഭാക്കറുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയില്‍. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയതിന് പിന്നാലെയാണ് മനു ഭാക്കറുടെ പോസ്റ്റ് ചര്‍ച്ചയാകുന്നത്. ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കികൊണ്ട് എക്സില്‍ പങ്കുവെച്ച മനുവിന്റെ പഴയ ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

‘നീതിക്കായി എന്റെ സുഹൃത്തുക്കള്‍ തെരുവുകളിലിരുന്ന് സമരം ചെയ്യുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. രാജ്യത്തിനായി നിരവധി തവണ മെഡലുകള്‍ നേടിയ അത്‌ലീറ്റുകളാണ ഇപ്പോള്‍ സമരം ചെയുന്നത്. അത്‌ലീറ്റുകളുടെ സമരത്തിന് ഞാന്‍ പിന്തുണ പ്രഖ്യാപിക്കുകയാണ്. അവര്‍ ഉന്നയിക്കുന്ന പരാതികളില്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു,’ എന്നായിരുന്നു മനു ഭാക്കറിന്റെ പോസ്റ്റ്.

‘സെലിബ്രിറ്റികളും ക്രിക്കറ്റ് താരങ്ങളും നിശബ്ദത പാലിക്കാന്‍ തീരുമാനിച്ചപ്പോള്‍, മനു ഭാക്കര്‍ തങ്ങളുടെ വനിതാ ഗുസ്തിക്കാര്‍ക്കൊപ്പം നിലയുറച്ചു. മനു വെറുമൊരു ചാമ്പ്യന്‍ മാത്രമല്ല, യഥാര്‍ത്ഥ രാജ്ഞിയാണ്, ഒരുപാട് ബഹുമാനം,’ എന്ന കുറിപ്പോടുകൂടിയാണ് അങ്കിത് മായങ്ക് എന്നയാള്‍ മനുവിന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

മനുവിന്റെ പിന്തുണയില്‍ നന്ദി അറിയിച്ചും പാരീസ് ഒളിമ്പിക്‌സിലെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ടും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.

ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് വിജയിച്ചതിനെ തുടര്‍ന്നാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം കനക്കുന്നത്. മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് അനിത ഷിയോറനെ ഏഴിനെതിരെ 40 വോട്ടുകള്‍ക്കാണ് സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്.

തുടര്‍ന്ന് ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിരമിക്കലും മെഡലുകളും പുരസ്‌കാരങ്ങളും തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണിനെതിരെ 40 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന സമരമാണ് താരങ്ങള്‍ നടത്തിയത്. പിന്നീട് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും സഞ്ജയ് സിങ്ങിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം 10 മീറ്റര്‍ വനിതാ എയര്‍ പിസ്റ്റളിലാണ് മനു ഭാക്കര്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഒളിമ്പിക്സില്‍ ഷൂട്ടിങ് ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടവും ഭാക്കര്‍ സ്വന്തമാക്കി. ഷൂട്ടിങ്ങിലെ 12 വര്‍ഷത്തെ മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് കൂടിയാണ് ഭാക്കര്‍ വിരാമമിട്ടത്. ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും. 243.2 പോയിന്റോടെ ഓ ഇ ജിന്‍ സ്വര്‍ണവും 241.3 പോയിന്റോടെ കിം ഇ ജി വെള്ളിയും നേടി.

Content Highlight: Manu Bhaker’s post in support of wrestling stars in discussion