| Thursday, 2nd January 2025, 3:16 pm

മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു; മനു ഭാക്കറും ഗുകേഷും ഉള്‍പ്പെടെ നാല് പേര്‍ക്ക് പുരസ്‌കാരം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ദേശീയ കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം പ്രഖ്യാപിച്ചു. ലോക ചെസ് ചാമ്പ്യന്‍ ഗുകേഷ് ഡി, പുരുഷ ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ വനിത ഷൂട്ടിങ് താരം മനു ഭാക്കര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ നോമിനേഷന്‍ ലിസ്റ്റില്‍ ഇന്ത്യയുടെ ഷൂട്ടര്‍ മനു ഭാക്കറിന്റെ പേര് ഇല്ലായിരുന്നു. നോമിനേഷനില്‍ താരത്തിന്റെ പേരില്ലാത്തതിനെ തുടര്‍ന്ന് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച റെക്കോഡുകള്‍ സ്വന്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മനുവിനെ പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തത്.

ഒളിമ്പിക്‌സിന്റെ ഒരു സീസണില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒന്നില്‍ കൂടുതല്‍ മെഡലുകള്‍ നേടുന്ന താരമാണ് മനു ഭാക്കര്‍. 2024ല്‍ നടന്ന പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് മെഡലുകള്‍ നേടി മിന്നും പ്രകടനമാണ് മനു ഭാക്കര്‍ നടത്തിയത്. 2024 പാരിസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ വെങ്കല മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാനും മനുവിന് സാധിച്ചിരുന്നു.

അതേസമയം ഈ വര്‍ഷം നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കീരീടം നേടിയ ഗുകേഷിനെയാണ് ലിസ്റ്റില്‍ ആദ്യം ഉള്‍പ്പെടുത്തിയത്. തന്റെ പതിനെട്ടാം വയസില്‍ ലോക ചെസ് കിരീടം സ്വന്തമാക്കി കായിക രംഗത്തെ അമ്പരപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് മറ്റൊരാള്‍. കഴിഞ്ഞ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വെങ്കലമെഡല്‍ നേടിക്കൊടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

പാരീസ് പാരാലിമ്പിക്‌സില്‍ പുരുഷ വിഭാഗം ഹൈജംമ്പില്‍ ഏഷ്യന്‍ റെക്കോഡോടെ സ്വര്‍ണം നേടിയ പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാറും പുരസ്‌കാരം സ്വന്തമാക്കി.

Content Highlight: Manu Bhaker, Gukesh And four athletes to receive Major Dhyan Chand Khel Ratna award

We use cookies to give you the best possible experience. Learn more