| Friday, 10th May 2019, 4:05 pm

'ഒരുപാട് പേരുടെ ചോറാണ്. നിങ്ങള്‍ക്കു വെറുതെ ഒരു സുഖം, പ്ലീസ് അതിനു മറ്റേതെങ്കിലും വഴി തെരഞ്ഞെടുക്കൂ'; ഉയരെയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവരോട് സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ഒരുപാട് പേരുടെ ചോറാണ് സിനിമയെന്നും വെറുതെ ഒരു സുഖത്തിനുവേണ്ടി ഇങ്ങനെയൊന്നും ചെയ്യരുതെന്നും വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവരോട് ഉയരെയുടെ സംവിധായകന്‍ മനു അശോകന്‍. പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട് വന്നതിനു തൊട്ടുപിറകെയാണ് മനു അശോകന്‍ ഡൂള്‍ന്യൂസിനോടു പ്രതികരിച്ചത്.

‘ഒരുപാടുപേരുടെ അധ്വാനമാണ് ഈ സിനിമ. അവര്‍ കുറേക്കാലം ഉറക്കമൊഴിച്ചതിന്റെ ഫലമാണിത്. നിങ്ങള്‍ക്കു വെറുതെ ഒരു സുഖം. അത്രയല്ലേയുള്ളൂ. പ്ലീസ്, അതിനു മറ്റേതെങ്കിലും വഴി തെരഞ്ഞെടുക്കൂ’- അദ്ദേഹം പറഞ്ഞു.

മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 26-നാണ് റിലീസ് ചെയ്തത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണു തിരക്കഥ. പാര്‍വതിക്കു പുറമേ ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരിക്കാര്‍, പ്രേംപ്രകാശ്, ഭഗത് മാനുവല്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫറിന്റെ വ്യാജപതിപ്പും പുറത്തിറങ്ങിയിരുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന അസ്‌കര്‍ പൊന്നാനി എന്നയാളായിരുന്നു അന്നു വ്യാജപതിപ്പ് പുറത്തുവിട്ടത്.

മാത്രമല്ല, രണ്ടുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനുശേഷം അടുത്തിടെ പുറത്തിറങ്ങിയ ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ സ്ട്രീമിങ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ലോകമാകെ വ്യാജപതിപ്പ് ഇറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു അതും പ്രചരിച്ചത്.

ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പേ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതും ഏറെ വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more