ഹോട്‌സ്റ്റാര്‍ പുറത്തിറക്കിയ മലയാളം വെബ് സീരീസാണ് 1000 ബേബീസ്. നീന ഗുപ്ത, റഹ്‌മാന്‍, സഞ്ജു ശിവറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീരീസില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ദേവന്‍ കുപ്ലേരി. മനേഷ് മനുവാണ് ദേവനായി വേഷമിട്ടത്. ലാല്‍ സംവിധാനം ചെയ്ത് 2012ല്‍ റിലീസായ ടൂര്‍ണമെന്റ് എന്ന ചിത്രത്തിലൂടെയാണ് മനു സിനിമാലോകത്തേക്കെത്തിയത്.
പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ മനുവിന് സാധിച്ചു. ഫ്രൈഡേ, ഒരു മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനുവിന് കിട്ടിയ മികച്ചൊരു കഥാപാത്രമാണ് ദേവന്‍ കുപ്ലേരി. പാലക്കാട്ടെ രാഷ്ട്രീയനേതാവായി മികച്ച പ്രകടനമാണ് മനു കാഴ്ചവെച്ചത്.
ചിത്രത്തിലെ കഥാപാത്രത്തിന് താൻ തന്നെയാണ് ഡബ്ബ് ചെയ്തതെന്നും എന്നാൽ സീരീസ് കണ്ട പലരും അത് വിശ്വസിച്ചിട്ടില്ലെന്നും മനു പറയുന്നു. പലരും അതിനെ കുറിച്ച് ചോദിക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്നും പാലക്കാട് സ്ലാങ് പഠിക്കാനായി കുറച്ചുനാൾ അവിടെ താമസിച്ചിരുന്നുവെന്നും മനു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നോട് ഇപ്പോഴും ഒരുപാട് പേര് ചോദിക്കുന്നുണ്ട്, നീ തന്നെയാണോ ഈ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന്. സത്യത്തിൽ അത് കേൾക്കുമ്പോൾ എനിക്ക് സങ്കടമാണ്. തത്തമംഗലം എന്ന സ്ഥലത്ത് പോയി വാടകക്ക് വീടെടുത്താണ് ഞാൻ ആ സ്ലാങ് പഠിച്ചെടുത്തത്.
പാലക്കാട് എന്ന് പറയുമ്പോൾ പല സ്ഥലത്ത് പല ഭാഷകളാണ്. നജിമിക്ക ഇത് തരുമ്പോൾ പറഞ്ഞിട്ടുണ്ട് ഒരിക്കലും ബിജു മേനോൻ പറഞ്ഞ പോലെ കോമഡി സാധനമല്ല, നിന്റെ അപ്പൂപ്പന്റെ പ്രായമുള്ള ആളുകൾ പോലും ബഹുമാനിക്കുന്ന ഒരു കഥാപാത്രമാണ് എന്നായിരുന്നു.
അങ്ങനെ ഒരാളാണ് ദേവൻ കുപ്ലേരി. അതുകൊണ്ട് അങ്ങനെയൊരു സ്ലാങ്ങാണ് വേണ്ടത്. പാലക്കാട് വേണം, എന്നാൽ അതൊരു കോമഡിയാവാനും പാടില്ല. ഞാനത് കേട്ടപാടെ തത്തമംഗലത്തിൽ ഒരു വീടൊക്കെ നോക്കി. പത്ത് മുപ്പത് ദിവസം അവിടെ പോയി താമസിച്ചു.
പാലക്കാട് നടക്കുന്ന സമരമൊക്കെ ശ്രദ്ധിച്ചു. അവിടെ മീൻ വെക്കുന്ന ചേട്ടാന്മാരുടെയടുത്തൊക്കെ ചെന്ന് സംസാരിച്ചു. മെല്ലെ മെല്ലെ ആ ട്രാക്കിലേക്ക് ഞാൻ വീണു. പലരും ഇപ്പോഴും എന്നോട് ചോദിക്കുന്നുണ്ട് നീ തന്നെയാണോ ഡബ്ബ് ചെയ്തതെന്ന്. കഴിഞ്ഞ ദിവസം ബില്ലഹരി എന്ന ഒരു സംവിധായകൻ എന്നെ വിളിച്ചപ്പോഴും ചോദിച്ചത്, നീയാണോ ഇത് ഡബ്ബ് ചെയ്തത് എന്നായിരുന്നു,’മനു പറയുന്നു.
Content Highlight: Manu About His Character In 1000 Babies