ജറുസലേം: ഇസ്രാഈലില്‍ നെതന്യാഹുവിനെ താഴെയിറക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ രൂപീകരിച്ച സഖ്യത്തില്‍ ഒരു അറബ് ഇസ്‌ലാമിക് പാര്‍ട്ടിയും ഭാഗമാകുന്നു. ഇസ്രാഈലിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്.
മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടിയാണ് പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡിന്റെ ഭരണ മുന്നണിയുടെ ഭാഗമായത്. ഇസ്രാഈലില്‍ 20 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മന്‍സൂര്‍ അബ്ബാസിന്റെ പാര്‍ട്ടിയ്ക്ക് നാലു സീറ്റുകളാണ് പാര്‍ലമെന്റിലുള്ളത്.
അതിനിടെ നെതന്യാഹുവിനെ അധികാരഭൃഷ്ടനാക്കാനാണ് താന്‍ ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്ന അബ്ബാസിന്റെ തീരുമാനത്തിനെതിരെ അറബ് വംശജര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗാസയിലെ ഫലസ്തീന്‍ പൗരന്‍മാരും ഈ തീരുമാനത്തെ രൂക്ഷമായി തന്നെ വിമര്‍ശിച്ചിരുന്നു.
അവസരവാദിയാണ് മന്‍സൂര്‍ അബ്ബാസെന്നും സ്വന്തം താല്‍പ്പര്യം നോക്കി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നുമാണ് അറബ് വംശജരില്‍ നിന്നുയരുന്ന വിമര്‍ശനം.
എന്നാല്‍ അറബ് വംശജരുടെ പുരോഗതിയ്ക്കായാണ് മന്‍സൂര്‍ സഖ്യ സര്‍ക്കാരിനൊപ്പം ചേര്‍ന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. പുതിയ സര്‍ക്കാരില്‍ മന്ത്രിപദവിയൊന്നും അദ്ദേഹം സ്വീകരിക്കില്ലെന്നും പാര്‍ലമെന്റ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനവും അറബ് വിഭാഗത്തിനായുള്ള ബജറ്റ് മേല്‍നോട്ടമായിരിക്കും അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെന്നും നിരീക്ഷകര്‍ പറയുന്നു.
നിയമവിരുദ്ധ നിര്‍മ്മാണത്തിന്റെ പേരില്‍ അറബ് പൗരന്‍മാര്‍ക്ക് നേരെ പിഴ ചുമത്തുന്ന നിയമത്തെ പിന്‍ലിക്കുന്നതിനായും അബ്ബാസ് പ്രവര്‍ത്തിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.
അതേസമയം ഇസ്രാഈലില്‍ തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റിനെയാണ് പുതിയ ഇസ്രാഈല്‍ പ്രധാനമന്ത്രിയായി പ്രതിപക്ഷ സഖ്യം നിര്‍ദ്ദേശിച്ചത്.
എട്ട് പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്. അതിനാല്‍ പ്രധാനമന്ത്രി പദവി പങ്കിടാനാണ് തീരുമാനം. ബെന്നറ്റിന് ശേഷം രണ്ടാം ടേമില്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന യെര്‍ ലാപിഡ് പ്രധാനമന്ത്രിയാകുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ 12 വര്‍ഷം നീണ്ടുനിന്ന ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന് അന്ത്യമാകും. തീവ്ര ജൂതമതവാദിയായ നഫ്താലി ബെന്നറ്റ് നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്.
ഫലസ്തീന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിനായി യെര്‍ ലാപിഡിന് അനുവദിച്ച സമയം ബുധനാഴ്ചയോടെ അവസാനിക്കാനിരിക്കെയാണ് ബെന്നറ്റിനെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചത്.