| Friday, 9th September 2022, 8:24 pm

രാജ്ഞി പ്രേമികളോട്, ലോകം കണ്ട ഏറ്റവും കൊടും ക്രൂരതകള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ബ്രിട്ടീഷ് രാജ കുടുംബം

മന്‍സൂര്‍ പാറമ്മല്‍

യൂറോപ്പിന് എന്തിനായിരുന്നു ഇത്രയധികം ആഫ്രിക്കന്‍ അടിമകള്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയിലെയൊക്കെ പോലെ അതാത് രാജ്യക്കാരെ കൊണ്ട് പണിയെടുപ്പിച്ചാല്‍ പോരായിരുന്നോ? പറ്റില്ല, കാരണം ഏഷ്യയും ആഫ്രിക്കയും ഒഴികെയുള്ള വന്‍കരകളിലെ ഏതാണ്ട് മുഴുവന്‍ പ്രദേശവാസികളെയും അവര്‍ കൊന്നുകളഞ്ഞിട്ടുണ്ട്.

ആമസോണ്‍ കാടിലൊക്കെ ഒറ്റപ്പെട്ട കൊല്ലാന്‍ കിട്ടാതെ ബാക്കിയായ അബോറിഗന്‍സാണ് ഇപ്പോള്‍ റെഡ് ഇന്ത്യക്കാരെന്നൊക്കെ പറഞ്ഞ് നമ്മള്‍ കാണുന്നവര്‍, ബാക്കി ഏതാണ്ട് മുഴുവന്‍ മനുഷ്യരെയും രോഗം പരത്തിയും വെട്ടിയും കുത്തിയും കൊന്നുകളഞ്ഞു. നോര്‍ത്തും സൗത്തും രണ്ട് അമേരിക്കള്‍, ഓസ്‌ട്രേലിയ. ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട കൊലകള്‍, ഒരു കണക്കും അവശേഷിക്കാത്ത കൊലകള്‍. ഇന്‍ക, അസ്റ്റേക്ക് സിവിലൈസേഷനൊക്കെ മുച്ചൂടും നശിപ്പിച്ചു. കീഴടക്കിയ മൂന് വന്‍കരകളില്‍ പണിയെടുക്കാന്‍ ആളില്ലാത്ത അവസ്ഥ.

അപ്പോള്‍ പിന്നെ രോഗപ്രതിരോധ ശേഷിയും കരുത്തുമുള്ള ആഫ്രിക്കന്‍ സാധുക്കളെ പിടിച്ച് കൊണ്ടുവന്ന് പണിയെടുപ്പിക്കലാണ് വഴി. പതിനഞ്ച് മില്ല്യണ്‍ ആഫ്രിക്കക്കാരരെയെങ്കിലും മിനിമം യൂറോപ്പ്യന്‍മാര്‍ കടല്‍ കടത്തിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയിലെ സ്വര്‍ണ ഖനികളിലും അമേരിക്കയിലെയും കരീബിയയിലെയും പരുത്തി കൃഷിക്കും കരിമ്പ് കൃഷിക്കുമായി കുടുംബത്തില്‍ നിന്ന് പിടിച്ച് കൊണ്ടുപോയി ഇരുപത് മണിക്കൂറൊക്കെ പണിയെടുപ്പിച്ചാണ് ബ്രിട്ടീഷ് സാമ്രാജ്യമുള്‍പ്പെടെ ഇന്നത്തെ ബ്രിട്ടനായത്.

ഭൂമിയും വിത്തും വളവും മാത്രമാണ് കൃഷിക്ക് ചിലവ് ബാക്കി മുഴുവന്‍ ഭീമമായ ലാഭമാണ് എന്നതാണ് അടിമകളെ കൊണ്ടുള്ള ലാഭം. എഡ്വാര്‍ഡോ ഗാലിയാനോയുടെ പ്രശസ്തമായ പുസ്തകം, ഓപ്പണ്‍ വെയിന്‍ ഓഫ് ലാറ്റിന്‍ അമേരിക്ക ബ്രിട്ടീഷ് രാജ്ഞി പ്രേമികളൊക്കെ നിര്‍ബന്ധമായും വായിക്കണം. ലാറ്റിന്‍ അമേരിക്കന്‍ സമ്പത്ത് മൊത്തത്തില്‍ ഊറ്റി യൂറോപ്പിന്റെ വിവിധ പോര്‍ട്ടുകളില്‍ വരിവരിയാരി നിന്ന് ലോഡിറക്കിയ കഥ കേള്‍ക്കാം, വര്‍ഷം മിനിമം ആയിരം കപ്പലുകള്‍ സ്വര്‍ണ-വെള്ളി അയിരുകളുമായി ലാറ്റിനമേരിക്ക വിട്ടിരുന്നു ചുരുങ്ങിയത് രണ്ട് നൂറ്റാണ്ടോളം എന്ന കണക്ക് മാത്രം മതിയാവും ലാറ്റിന്‍ അമേരിക്കയുടെ രക്തവും നീരും വലിച്ചെടുത്ത കഥയറിയാന്‍.

ഇന്ത്യയിലെ രാജാക്കന്‍മാരെ കീഴടക്കി ഭരണവര്‍ഗം ബ്രിട്ടന്‍ ആയത് കൊണ്ടാണോ ഒരു കാലത്ത് ലോക സമ്പത്തിന്റെ നല്ലൊരു ഭാഗം കൈകാര്യം ചെയ്തിരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇപ്പോഴും തീരാത്ത കൊടിയ ദാരിദ്രത്തില്‍ അകപ്പെട്ടുപോയത്? അല്ല മറിച്ച് ബ്രിട്ടീഷ് നികുതി വ്യവസ്ഥയാണ് കാരണം. ഇന്ത്യക്കാരില്‍ നിന്ന് ഭീമമായ നികുതി പിരിച്ച് ആ പണം കൊണ്ട് ഇന്ത്യയില്‍ നിന്ന് പര്‍ച്ചേസ് നടത്തി ലോകത്തെ വിവിധ ഭാഗങ്ങളില്‍ വില്‍ക്കലായിരുന്നു ബ്രിട്ടീഷ് രീതി.

അതായത് ഇന്ത്യന്‍ ജനതക്ക് ഒരു ലാഭവും ഇല്ലാതെ മുതലും നികുതിയും പോവുകയും ബ്രിട്ടന് ഒരു രൂപ ചിലവില്ലാതെ ഇന്ത്യക്കാരുടെ പണം ഉപയോഗിച്ച് ചരക്ക് വാങ്ങി വിറ്റ് ലാഭം മുഴുവനും കീശയിലാവുന്ന ലോകത്തെ ഏറ്റവും ലാഭമുള്ള കച്ചവടം.

ഏതാണ്ട് രണ്ട് നൂറ്റാണ്ട് തുടര്‍ന്ന ഈ നികുതി വ്യവസ്ഥ നമ്മളെ മുച്ചൂടും മുടിച്ചു. മലബാര്‍ കലാപത്തിന്റെ കാരണങ്ങളില്‍ പ്രധാനമായി കെ.എന്‍. പണിക്കര്‍ എണ്ണുന്ന ബ്രിട്ടന്റെ കഴുത്തറപ്പന്‍ നികുതികളില്‍ ചില ഉദാഹരണങ്ങളുണ്ട്, ഉപ്പിന് നികുതി, പുകയിലക്ക്, എന്തിന് വീട്ടിലെ പാത്രങ്ങള്‍ക്കടക്കം നികുതി ആയിരുന്നു ബ്രിട്ടീഷ് രീതി. അതായത് ഒരു ഇന്ത്യക്കാരന്‍ ദിവസ വരുമാനത്തില്‍ പാതിയെങ്കിലും നികുതി ആയി കൊടുക്കേണ്ടതായിരുന്നു ബ്രിട്ടീഷ് നികുതി വ്യവസ്ഥയെന്.

അതാണ് നമ്മളെ സത്യത്തില്‍ സ്‌പോഞ്ച് വെള്ളം ഊറ്റിയ പോലെ ഊറ്റിയെടുത്തത്, അല്ലാതെ രാജാക്കന്‍മാരെ കീഴടക്കി ഭരണവര്‍ഗം മാറിയതല്ല. ഇന്ത്യയില്‍ നിന്ന് ഊറ്റി കൊണ്ടുപോയ അതി ഭീമമായ സമ്പത്ത്, ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് കുഴിച്ചെടുത്ത് കൊണ്ടുപോയ ഭീമമായ സ്വര്‍ണവും വെള്ളിയും ആഫ്രിക്കയിലെ അടിമകള്‍.
ഇത് മൂന്നും ആയിരുന്നു യൂറോപ്പിനെ അതി സമ്പന്നമാക്കിയത്.

എസ്‌പെഷ്യലി ബ്രിട്ടനെ സൂര്യന്‍ അസ്ഥമിക്കാത്ത സാമ്പ്രാജ്യമാക്കിയതീ മൂന്ന് വര്‍കരക്കാരുടെ രക്തവും മാംസവും ജീവനും സമ്പത്തുമാണ്.

ഇന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ കുടുംബത്തിലൊന്നായ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കയ്യിലുള്ള ഓരോ പെന്നിയിലും കലര്‍ന്നിട്ടുണ്ടാവും ബംഗാളിലെ പാടങ്ങളില്‍ പട്ടിണി കിടന്ന് മരിച്ചുപോയ ഇന്ത്യക്കാരന്റെ കണ്ണീര്‍, പുകയിലക്ക് പോലും നികുതി കൊടുക്കേണ്ടിവന്ന് പോരാടി മരിക്കേണ്ടിവന്ന മലബാറിലെ മാപ്പിളയുടെ ചോര.

ബ്രിട്ടീഷ് രാജകുടുംബം ഉടുത്തണിഞ്ഞ പളപളപ്പുള്ള രാജകീയ വസ്ത്രങ്ങള്‍ പരുത്തി തോട്ടങ്ങളില്‍ മരിച്ചുവീണ ആഫ്രിക്കന്‍ അടിമയുടെ ശവത്തില്‍ നിന്ന് വെള്ളമൂറ്റി വളര്‍ന്നതാവും അവരണിയുന്ന രാജകീയ ആഭരണങ്ങള്‍ക്ക് പറയാനുള്ള കഥ ലാറ്റിനമേരിക്കയുടെതാവും,ഇന്ത്യയുടെ കോഹിന്നൂര്‍ രക്തതത്തിന്റെയാവും.

ലോക ചരിത്രം കണ്ട ഏറ്റവും വലിയ കൊടും ക്രൂരതകള്‍ക്ക് നേതൃത്വം കൊടുത്തവരുടെ പേരാണ് ബ്രിട്ടീഷ് രാജ കുടുംബം എന്നത്, എലിസബത്ത് രാജ്ഞിയുടെ മരണം ഒരു യുഗത്തിന്റെ അവസാനമാണ്, മനുഷ്യ ചരിത്രത്തില്‍ അതിന് തുടര്‍ച്ചകള്‍ ഉണ്ടാവാതിരിക്കട്ടെ.

CONTENT HIGHLIGHTS:  Mansoor Paremmal’s write up about Queen Elizabeth II in Brittan

മന്‍സൂര്‍ പാറമ്മല്‍

Latest Stories

We use cookies to give you the best possible experience. Learn more