Advertisement
Film News
തൃഷയ്ക്ക് മുമ്പ് മഡോണക്കെതിരെയും മൻസൂറിന്റെ സ്ത്രീവിരുദ്ധ പരാമർശം; ലിയോ സക്‌സസ് സെലിബ്രേഷനിലെ പ്രസംഗവും വിവാദത്തിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 19, 02:09 pm
Sunday, 19th November 2023, 7:39 pm

നടി തൃഷയെ കുറിച്ച് മൻസൂർ അലി ഖാൻ നടത്തിയ വിവാദ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ചയാവുകയാണ്.  ഇപ്പോൾ നടി മഡോണ സെബാസ്റ്റ്യനെ കുറിച്ച് ലിയോ സിനിമയുടെ സക്സസ് മീറ്റിൽ മൻസൂർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുന്നത്.

സിനിമയിൽ അഭിനയിച്ച തൃഷ, അർജുൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരെക്കുറിച്ച് വേദിയിൽ സംസാരിക്കുകയായിരുന്നു മൻസൂർ അലിഖാൻ.

ആക്ഷൻ രംഗങ്ങളിലെ നടൻ അർജുന്റെ കഴിവിനെക്കുറിച്ച് പുകഴ്ത്തി പറഞ്ഞ മൻസൂർ അലി ഖാൻ തൃഷയേയും മഡോണയേയും കുറിച്ച് പറഞ്ഞ വാക്കുകളിൽ സ്ത്രീവിരുദ്ധത ഉണ്ടെന്ന ആരോപണമാണ് ഉയർന്നു വരുന്നത്.

‘ ആക്ഷൻ കിങ് അർജുനോടൊപ്പം ഫൈറ്റ് സീൻ ഉണ്ടാകുമെന്ന് കരുതിയെങ്കിലും അത് കിട്ടിയില്ല. അങ്ങനെയുള്ള സീനുകൾ ലിയോയിൽ ഇല്ല. കുറേ സിനിമകൾ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം  ആക്ഷൻ ചെയ്താൽ എട്ടു പത്ത് ദിവസം പിന്നെ ശരീരം വേദനയായിരിക്കും.

പിന്നെ തൃഷാ മേഡത്തിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചില്ല. ലോകേഷ് കനകരാജ് പടം ആയതുകൊണ്ട് മുഴുവൻ അടിയും പിടിയും ഒക്കെയാണ്. തൃഷയെ ഫ്ലൈറ്റിൽ കൊണ്ട് വന്ന് അങ്ങനെ തന്നെ തിരിച്ച് കൊണ്ട് പോയി. അതും കിട്ടിയില്ല.

പിന്നെ മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. സെറ്റിലേക്ക് മഡോണ വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി. പക്ഷെ അത് പെങ്ങൾ കഥാപാത്രം ആയിരുന്നു,’മൻസൂർ അലി പറയുന്നു. മൻസൂർ അലി സംസാരിക്കുമ്പോൾ മുഖഭാവത്തിൽ വ്യത്യാസം വരുന്ന മഡോണയെ വീഡിയോയിൽ കാണാം. മൻസൂറിന്റെ വാക്കുകളിൽ മഡോണ ഒട്ടും കംഫർട്ടബിൾ അല്ല എന്നാണ് പലരും എക്സിലുടെ കമന്റ് ചെയ്യുന്നത്.

തൃഷയുടെ പ്രതികരണത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ചിന്മയ തുടങ്ങിയവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിൽ സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് സംഘടനയായ നടികർ സംഘവും മൻസൂർ അലി ഖാനെതിരെ രംഗത്തെത്തിയിരുന്നു.

Content Highlight: Mansoor Ali’s Words About Madona Sebastian In Leo Success Meet