തന്നെ പറ്റി മോശമായ രീതിയില്‍ സംസാരിച്ച നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ കഴിഞ്ഞ ദിവസം തൃഷ രംഗത്ത് വന്നിരുന്നു. മന്‍സൂര്‍ അലി ഖാന്റെ വാക്കുകളെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള ആളുകള്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും താരം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പറഞ്ഞിരുന്നു.
അദ്ദേഹത്തെപ്പോലെയുള്ള ഒരാളുമായി സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാത്തതില്‍ സന്തോഷമുണ്ടെന്നും ഇനിയുള്ള എന്റെ കരിയറില്‍ അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കുമെന്നും തൃഷ പറഞ്ഞിരുന്നു. ഇയാളെ പോലെയുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനകരമാണെന്നും തൃഷ പറഞ്ഞിരുന്നു.
വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മന്‍സൂര്‍ അലി ഖാന്‍. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ തനിക്കെതിരെ നില്‍ക്കുന്നവരാണ് ഇതിന് പിന്നിലെന്നും വിവാദമുണ്ടാക്കാനായി ട്രിം ചെയ്ത വീഡിയോ ആണ് പുറത്ത് വന്നതെന്നും മന്‍സൂര്‍ പറഞ്ഞു. മുമ്പത്തെ പോലെ നായികമാര്‍ക്കൊപ്പം അഭിനയിച്ചതുപോലെ ഇപ്പോള്‍ സാധിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പ്രകടമാക്കിയതെന്നും അത് വളരെ ലൈറ്റായാണ് പറഞ്ഞതെന്നും മന്‍സൂര്‍ പറഞ്ഞു.
‘ഞാന്‍ തൃഷക്കെതിരെ പറഞ്ഞു എന്ന രീതിയില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ മകളും മകനും എനിക്ക് അയച്ചിരുന്നു. എന്റെ പുതിയ സിനിമ ഇറങ്ങുന്ന പശ്ചാത്തലത്തിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് ചേര്‍ന്ന് ഞാന്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലുമാണ് ഇത്തരമൊരു സംഭവം പുറത്ത് വരുന്നത്. ഒന്ന് ശ്രദ്ധിച്ചാല്‍ ഞാന്‍ തൃഷയെ പറ്റി വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് എന്ന് മനസിലാക്കാം.
പഴയതുപോലെ ഇപ്പോള്‍ നടിമാരോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നില്ല. ആ അസ്വസ്ഥത ഞാന്‍ പ്രകടിപ്പിച്ചതാണ്. വളരെ ലൈറ്റായാണ് ആ കമന്റുകള്‍ നടത്തിയത്. വിവാദങ്ങളുണ്ടാക്കാനായി ആ വീഡിയോ ട്രിം ചെയ്തിട്ടുണ്ട്. ഇത് കണ്ട് പേടിക്കുന്നവനല്ല ഞാന്‍. ട്രിം ചെയ്ത വീഡിയോ ആണ് തൃഷ കണ്ടത്.
ലിയോയുടെ പൂജയില്‍ വെച്ച് എന്റെ മകള്‍ ദില്‍രുപ നിങ്ങളുടെ ആരാധികയാണെന്ന് തൃഷയോട് പറഞ്ഞിരുന്നു. എന്റെ രണ്ട് മക്കളുടെ വിവാഹം നടത്താന്‍ 360 പടങ്ങളിലാണ് ഞാന്‍ അഭിനയിച്ചത്. സഹപ്രവര്‍ത്തകരെ ബഹുമാനിക്കുന്നവനാണ് ഞാന്‍. എനിക്കെതിരെ നില്‍ക്കുന്ന ചില ആളുകളാണ് ഇത് ചെയ്തത്. അവര്‍ തൃഷയെ ദേഷ്യം പിടിപ്പിക്കാനായി ട്രിം ചെയ്ത വീഡിയോ കാണിച്ചു. ഈ ലോകത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അവനവന്റെ ജോലി നോക്കി പോകാം,’ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.
അടുത്തിടെ നല്‍കിയ വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ തൃഷയെക്കുറിച്ച് അപമാനകരമായ പരാമര്‍ശം നടത്തിയത്. മറ്റൊരു സിനിമയില്‍ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്ന പോലെ ചിത്രത്തില്‍ തൃഷയെ ഇടാന്‍ പറ്റിയില്ലായെന്നും, 150 പടത്തില്‍ താന്‍ ചെയ്ത റേപ് സീനുകള്‍ ലിയോയില്‍ ഇല്ലായെന്നും മസൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു.
വില്ലന്‍ കഥാപാത്രം ലോകേഷ് നല്‍കിയില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. ലിയോ സിനിമയുടെ വിജയത്തില്‍ താനിത് പറയുമായിരുന്നെന്നും എന്നാല്‍ കലാപം നടത്താന്‍ ആഗ്രഹിക്കുന്ന ചിലരുണ്ടായിരുന്നുവെന്നതിനാല്‍ താന്‍ വെറുതെയിരിക്കുകയാണെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു.
മന്‍സൂറിനെ വിമര്‍ശിച്ചും തൃഷക്ക് പിന്തുണയുമായും ലോകേഷ് കനകരാജ്, ഖുശ്ബു സുന്ദര്‍, മാളവിക മോഹനന്‍, ചിന്മയി എന്നിവര്‍ രംഗത്ത് വന്നിരുന്നു.
Content Highlight: Mansoor ali khan responded to the controversy related to trisha