‘ഇയാളെ പോലെ ഒരാളുമായി സ്‌ക്രീന്‍ പങ്കിടാത്തതില്‍ സന്തോഷിക്കുന്നു. ഇനിയുള്ള എന്റെ കരിയറില്‍ അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും. ഇയാള്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’, നടന്‍ മന്‍സൂര്‍ അലി ഖാനെ പറ്റി തൃഷ പറഞ്ഞ വാക്കുകയാണ് ഇത്. അത്ര മ്ലേച്ഛമായാണ് ഒരു മന്‍സൂര്‍ തൃഷയെ പറ്റി സംസാരിച്ചത്.
അടുത്തിടെ നടത്തിയ ഒരു പത്ര സമ്മേളനത്തിന്റെ വീഡിയോ ആണ് തൃഷയെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. ‘അവര്‍ എനിക്ക് റേപ്പ് സീന്‍ തന്നില്ല. ലിയോ സക്‌സസ് സെലിബ്രേഷനില്‍ ഇത് പറയണമെന്നുണ്ടായിരുന്നു. എന്നാല്‍ ചിലര്‍ കലാപമുണ്ടാക്കുമെന്ന് അറിയാവുന്നതുകൊണ്ട് വേണ്ടെന്ന് വെച്ചു. തൃഷക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ ബെഡ്‌റൂം സീനുകള്‍ ഉണ്ടാവുമെന്നും മുമ്പ് ഖുശ്ബുവിനേയും റോജയേയും തൂക്കിയെടുത്തിട്ടത് പോലെ അവളെ കട്ടിലിലേക്ക് എടുത്തിടാമെന്നും വിചാരിച്ചു. എത്ര പടത്തില്‍ മുമ്പ് ഞാനങ്ങനെ ചെയ്തിട്ടുണ്ട്. എനിക്കവര്‍ വില്ലന്‍ റോള്‍ പോലും തന്നില്ല’, എന്നാണ് മന്‍സൂര്‍ പറഞ്ഞത്.
ഇതിനെതിരെയാണ് തൃഷ രംഗത്ത് വന്നത്. ‘മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ ഈ അടുത്താണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഞാന്‍ അതിനെ ശക്തമായി അപലപിക്കുന്നു. സെക്‌സിസ്റ്റായ, അനാദരവുള്ള, സ്ത്രീവിരുദ്ധമായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവമുള്ള ഒരാളുടെ പ്രസ്താവനയാണ്.
അദ്ദേഹത്തിന് ആഗ്രഹിക്കാം, എന്നാല്‍ അദ്ദേഹത്തെപ്പോലെയുള്ള ഒരാളുമായി സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാത്തതില്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. ഇനിയുള്ള എന്റെ കരിയറില്‍ അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനകരമാണ്’ എന്നായിരുന്നു തൃഷയുടെ പ്രതികരണം.
തൃഷയുടെ പ്രതികരണത്തിന് പിന്നാലെ മന്‍സൂറിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. തൃഷക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയത് സംവിധായകന്‍ ലോകേഷ് കനകരാജാണ്. മന്‍സൂര്‍ അലി ഖാന്റെ വാക്കുകള്‍ തികച്ചും സ്ത്രീവിരുദ്ധമാണെന്നും തനിക്ക് നിരാശയും രോഷവും തോന്നുന്നുണ്ടെന്നും ലോകേഷ് പറഞ്ഞു.
ഇയാള്‍ സ്ത്രീകളെ ഇങ്ങനെ് കാണുന്നതും ഇതുപോലെ ചിന്തിക്കുന്നതും ലജ്ജാകരമാണെന്നാണ് നടി മാളവിക മോഹനന്‍ പറഞ്ഞത്. ചില പുരുഷന്മാര്‍ സ്ത്രീകളെ അപമാനിക്കുന്നത് ജന്മാവകാശമായാണ് കാണുന്നതെന്നും അതിന് ഉത്തമ ഉദ്ദാഹരണണാണ് മന്‍സൂര്‍ അലി ഖാനെന്നും ഖുശ്ബു പറഞ്ഞു. ഇദ്ദേഹം പരാമര്‍ശിച്ചവരുള്‍പ്പെടെ സ്ത്രീസമൂഹത്തോട് മുഴുവന്‍ മാപ്പ് പറയണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. ചിന്മയിയും മഞ്ജിമ മോഹനും മന്‍സൂറിനെ വിമര്‍ശിച്ചും തൃഷയെ പിന്തുണച്ചും രംഗത്തെത്തി.
‘ഞങ്ങള്‍ എല്ലാവരും ഒരേ ടീമില്‍ പ്രവര്‍ത്തിച്ചതാണ്, മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് നിരാശയും രോഷവും തോന്നി. സ്ത്രീകള്‍, സഹ കലാകാരന്മാര്‍, പ്രൊഫഷണലുകള്‍ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. ഈ പെരുമാറ്റത്തെ ഞാന്‍ തികച്ചും അപലപിക്കുന്നു’ എന്നായിരുന്നു ലോകേഷ് ട്വീറ്റ് ചെയ്തത്.
ഇപ്പോള്‍ മന്‍സൂര്‍ അലി ഖാനും വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ തനിക്കെതിരെ നില്‍ക്കുന്നവരാണ് ഇതിന് പിന്നിലെന്നും വിവാദമുണ്ടാക്കാനായി ട്രിം ചെയ്ത വീഡിയോ ആണ് പുറത്ത് വന്നതെന്നും മന്‍സൂര്‍ പറഞ്ഞു. മുമ്പ് നായികമാര്‍ക്കൊപ്പം അഭിനയിച്ചതുപോലെ ഇപ്പോള്‍ സാധിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പ്രകടമാക്കിയതെന്നും അത് വളരെ ലൈറ്റായാണ് പറഞ്ഞതെന്നും മന്‍സൂര്‍ പറഞ്ഞു.
‘ഞാന്‍ തൃഷക്കെതിരെ പറഞ്ഞു എന്ന രീതിയില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ മകളും മകനും എനിക്ക് അയച്ചിരുന്നു. എന്റെ പുതിയ സിനിമ ഇറങ്ങുന്ന പശ്ചാത്തലത്തിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് ചേര്‍ന്ന് ഞാന്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലുമാണ് ഇത്തരമൊരു സംഭവം പുറത്ത് വരുന്നത്. ഒന്ന് ശ്രദ്ധിച്ചാല്‍ ഞാന്‍ തൃഷയെ പറ്റി വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് എന്ന് മനസിലാക്കാം.
പഴയതുപോലെ ഇപ്പോള്‍ നടിമാരോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നില്ല. ആ അസ്വസ്ഥത ഞാന്‍ പ്രകടിപ്പിച്ചതാണ്. വളരെ ലൈറ്റായാണ് ആ കമന്റുകള്‍ നടത്തിയത്. വിവാദങ്ങളുണ്ടാക്കാനായി ആ വീഡിയോ ട്രിം ചെയ്തിട്ടുണ്ട്. ഇത് കണ്ട് പേടിക്കുന്നവനല്ല ഞാന്‍. ട്രിം ചെയ്ത വീഡിയോ ആണ് തൃഷ കണ്ടത്.
ലിയോയുടെ പൂജയില്‍ വെച്ച് എന്റെ മകള്‍ ദില്‍രുപ നിങ്ങളുടെ ആരാധികയാണെന്ന് തൃഷയോട് പറഞ്ഞിരുന്നു. എന്റെ രണ്ട് മക്കളുടെ വിവാഹം നടത്താന്‍ 360 പടങ്ങളിലാണ് ഞാന്‍ അഭനയിച്ചത്. സഹപ്രവര്‍ത്തകരെ ബഹുമാനിക്കുന്നവനാണ് ഞാന്‍. എനിക്കെതിരെ നില്‍ക്കുന്ന ചില ആളുകളാണ് ഇത് ചെയ്തത്. അവര്‍ തൃഷയെ ദേഷ്യം പിടിപ്പിക്കാനായി ട്രിം ചെയ്ത വീഡിയോ കാണിച്ചു. ഈ ലോകത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അവനവന്റെ ജോലി നോക്കി പോകാം,’ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.
Content Highlight: Mansoor Ali Khan ‘Disgrace to Humanity’