| Saturday, 13th July 2019, 11:32 am

കേരളത്തിലെ പ്രധാന മാധ്യമങ്ങളുടെ പട്ടികയില്‍ നിന്ന് മാധ്യമത്തേയും ചന്ദ്രികയേയും മീഡിയവണ്ണിനേയും ഒഴിവാക്കി മനോരമ ഇയര്‍ബുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ പത്രങ്ങളെയും ചാനലുകളേയും പരിചയപ്പെടുത്തുന്ന ഭാഗത്തില്‍ പ്രധാനപത്രങ്ങളെ ഒഴിവാക്കി 2019 ലെ മനോരമ ഇയര്‍ബുക്ക്. പത്രങ്ങള്‍ എന്ന തലക്കെട്ടിന് താഴെയായി മലയാള മനോരമയെക്കുറിച്ചുള്ള വലിയ കുറിപ്പ് ഉണ്ട്. മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്‍മഭൂമി, മംഗളം, വീക്ഷണം, ജനയുഗം തുടങ്ങിയ പത്രങ്ങളെ കുറിച്ചുള്ള ചെറുവിവരണവും ഒപ്പമുണ്ട്. എന്നാല്‍ 1987 മുതല്‍ പ്രചാരത്തിലുള്ള പ്രധാന പത്രമായ മാധ്യമമോ 1938 മുതല്‍ പ്രസിദ്ധീകരിക്കുന്ന ചന്ദ്രികയോ 1984 മുതല്‍ പ്രസിദ്ധീകരിക്കുന്ന സിറാജോ സുപ്രഭാതമോ പ്രധാന പത്രങ്ങളുടെ പട്ടികയില്‍ ഇല്ല.

ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നിവയും പട്ടികയിലുണ്ട്. മുസ്‌ലീം മാനേജ്‌മെന്റിന്റെ കീഴിലുള്ള പ്രധാന പത്രങ്ങളെ ഒഴിവാക്കിയതില്‍ മനോരമക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.

മലയാളത്തിലെ സ്വകാര്യ ടി.വി ചാനലുകള്‍ എന്ന ഭാഗത്തും മനോരമ ഈ വിവേചനം കാണിച്ചിട്ടുണ്ട്. ജനം ടി.വിയും ശാലോം ടി.വിയും പോലും പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ മുഖ്യധാരാ ന്യൂസ് ചാനലായ മീഡിയവണ്ണിനെക്കുറിച്ചുള്ള പരാമര്‍ശം പോലുമില്ല. ദര്‍ശന ടി.വിയേയും ഒഴിവാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ്, സൂര്യ, കൈരളി, അമൃത, ജയ്ഹിന്ദ്, മാതൃഭൂമി ന്യൂസ്, ജീവന്‍, എന്നിവയാണ് പട്ടികയിലുള്ള മറ്റു ചാനലുകള്‍.

We use cookies to give you the best possible experience. Learn more