| Monday, 27th March 2023, 4:19 pm

ഇന്നസെന്റ് വിമോചന സമരത്തില്‍ പങ്കെടുത്തെന്ന് മനോരമ; വാദത്തെ നിഷേധിച്ച് ആത്മകഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടനും മുന്‍ എം.പിയുമായിരുന്ന ഇന്നസെന്റ് വിമോചന സമരത്തില്‍
പങ്കെടുത്തുവെന്ന് മലയാള മനോരമയുടെ റിപ്പോര്‍ട്ട്. അദ്ദേഹം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ നടത്തിയിട്ടുള്ള വിമോചന സമരത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ അദ്ദേഹത്തിന്റെ ആത്മകഥ തന്നെ ഈ റിപ്പോര്‍ട്ട് ശരിയല്ലെന്ന് തെളിയിക്കുന്നുണ്ട്. ‘ഞാന്‍ ഇന്നസെന്റ്’എന്ന ആത്മകഥയിലാണ് വിമോചന സമരത്തെ കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നത്.

1948ല്‍ ജനിച്ച ഇന്നസെന്റ് 1959ലെ വിമോചന സമരത്തില്‍ പങ്കെടുത്തുവെന്നാണ് മനോരമ നല്‍കിയിരിക്കുന്നത്. അതായത് ആ സമയത്ത് ഇന്നസെന്റിന് 11 വയസാണ് പ്രായം.

‘ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രൂപം കൊണ്ട വിമോചന സമരത്തില്‍ പങ്കെടുത്തിട്ടുണ്ട് ഇന്നസെന്റ്. രാഷ്ട്രീയമായിരുന്നില്ല ചേതോവികാരം.

പഠിക്കാന്‍ മടിയായതിനാല്‍ എങ്ങനെയും സ്‌കൂള്‍ പൂട്ടിക്കണം. അത് മാത്രമായിരുന്നു ലക്ഷ്യം. പിന്നീട് പല സിനിമകളിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന മാഷായി വന്നു ഇന്നസെന്റ്,’ എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ മന്നത്ത് പത്മനാഭനെ നോക്കി കുരിശുവരച്ചു എന്നുള്ളതാണ് വിമോചനസമരത്തിലുള്ള എന്റെ പങ്കാളിത്തമെന്നാണ് അദ്ദേഹം ആത്മകഥയില്‍ എഴുതിയിട്ടുള്ളത്.

‘ഞാന്‍ പഴേ വിമോചന സമരത്തിലൊക്കെ പങ്കു വഹിച്ചയാളാണ്…..

….കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിടാനുള്ള കുതന്ത്രത്തിന്റെ ഭാഗമായി അച്ചന്‍മാര്‍ രഥത്തില്‍ കൊണ്ട് വന്നത് കര്‍ദിനാളെ അല്ല മന്നത്ത് പത്മനാഭനെയായിരുന്നു. മന്നത്ത് പത്മനാഭനെ നോക്കി കുരിശുവരച്ചു എന്നുള്ളതാണ് വിമോചനസമരത്തിലുള്ള എന്റെ പങ്കാളിത്തം’, എന്നാണ് അദ്ദേഹം തന്റെ ആത്മകഥയില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം വിമോചന സമര കാലത്ത് ചെറിയ കുട്ടിയായിരുന്ന ഇന്നസെന്റിനെയാണ് ഇത്തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വന്നിരിക്കുന്ന വിമര്‍ശനം.

വാര്‍ത്തയ്ക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വാര്‍ത്ത തിരുത്തുകയായിരുന്നു.

തിങ്കളാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ മരണം സ്ഥിരീകരിച്ചത്. ന്യുമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അറിയിച്ചു.

ബുധനാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ വെച്ചാണ് സംസ്‌കാരം.

content highlight: Manorama said he participated in the Innocent Liberation Movement; Autobiography in denial of the argument

We use cookies to give you the best possible experience. Learn more