| Thursday, 23rd July 2020, 11:01 am

കളമശേരി മെഡിക്കല്‍ കോളേജിനെതിരെയുള്ള വ്യാജവാര്‍ത്തയ്ക്ക് മാപ്പ് പറഞ്ഞതിനു പിന്നാലെ മനോരമ റിപ്പോര്‍ട്ടര്‍ ഭീഷണിപ്പെടുത്തി; ഡോക്ടര്‍മാരുടെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കളമശേരി ഗവ. മെഡിക്കല്‍ കോളേജിനെതിരെയുള്ള വ്യാജവാര്‍ത്തയ്ക്ക് മനോരമ ചാനല്‍ മാപ്പുപറഞ്ഞതിനു പിന്നാലെ, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ഭീഷണിപ്പെടുത്തിയതായി ഡോക്ടറുടെ മൊഴി. ധൈര്യമുണ്ടെങ്കില്‍ തങ്ങള്‍ക്കെതിരെ കേസ് കൊടുത്തു നോക്കെന്ന് റിപ്പോര്‍ട്ടര്‍ വെല്ലുവിളിച്ചതായും ഡോക്ടര്‍ പറഞ്ഞു.

കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട് എന്നിവര്‍ വ്യാജവാര്‍ത്തയ്ക്കെതിരെ കളമശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് ചാര്‍ജ് ചെയ്യുന്നതിന്റെ മുന്നോടിയായി ബുധനാഴ്ച മൊഴിയെടുത്തപ്പോഴാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ അനാസ്ഥ നടക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു മനോരമ ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ദൃശ്യങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജിലേത് അല്ലെന്ന് പറഞ്ഞ് അധികൃതര്‍ രംഗത്തെത്തിയതോടെ ദൃശ്യങ്ങള്‍ മാറിപ്പോയതാണെന്ന് പറഞ്ഞ് മാപ്പ് പറയുകയായിരുന്നു മനോരമ ന്യൂസ്.

വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിനുമുമ്പ് കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍ എന്നിവരോട് മനോരമ റിപ്പോര്‍ട്ടര്‍ ഇക്കാര്യം അന്വേഷിച്ചിരുന്നു. എന്നാല്‍, അങ്ങനെയൊരു സംഭവമോ സാഹചര്യമോ ഇല്ലെന്ന് ഇരുവരും വ്യക്തമാക്കി. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് വ്യാജവാര്‍ത്ത നല്‍കിയതെന്ന് അധികൃതര്‍ പറുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വാര്‍ത്ത നിഷേധിക്കാതെ, ദൃശ്യം മാറിപ്പോയതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മനോരമ മാപ്പുപറഞ്ഞത്.

ഇതിനുപിന്നാലെയായിരുന്നു വാട്സാപ്പിലൂടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത യുവതി ഭീഷണിപ്പെടുത്തിയത്. മറ്റ് ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതി തങ്ങളുടെ കൈവശമുണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കെന്ന് വെല്ലുവിളിക്കുകയായിരുന്നു ഇവരെന്ന് ഡോക്ടര്‍ മൊഴിയില്‍ പറഞ്ഞു.

വ്യാജവാര്‍ത്ത ചമയ്ക്കുക, മെഡിക്കല്‍ കോളേജിലെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുക, ജോലിക്ക് തടസ്സമുണ്ടാക്കുക, കലാപസമാന സാഹചര്യമുണ്ടാക്കുക എന്നീ ആക്ഷേപങ്ങളാണ് മെഡിക്കല്‍ കോളേജ് പരാതിയില്‍ ഉന്നയിച്ചത്.

കളമശ്ശേരി മെഡിക്കല്‍ കോളേജിലേതാണെന്ന് പറഞ്ഞ് മനോരമ ന്യൂസ് കൊടുത്ത വാര്‍ത്തയായിരുന്നു വിവാദമായത്. പുരുഷന്‍മാരെയും സ്ത്രീകളെയും ഒരേ വാര്‍ഡില്‍ കിടത്തിയിരിക്കുന്നു, രോഗികള്‍ തമ്മില്‍ അകലം പാലിക്കുന്നില്ല, പ്രായാധിക്യവും ഗുരുതരാവസ്ഥയുമുള്ള രോഗിയുടെ തൊട്ടടുത്ത് മാനസികവൈകല്യമുള്ള കൈകാലുകള്‍ കെട്ടിയ കുട്ടിയെ കിടത്തിയിരിക്കുന്നു, മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ടായിരുന്നിട്ടും രോഗികളെ ദുരിതത്തിലാക്കുന്നു തുടങ്ങിയ ആരോപണങ്ങളായിരുന്നു വ്യാജ ദൃശ്യങ്ങള്‍ സഹിതം മനോരമ സംപ്രേഷണം ചെയ്തത്.

എന്നാല്‍ ചാനല്‍ റിപ്പോര്‍ട്ടില്‍ കാണിച്ച ദൃശ്യങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജിലേതല്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയതോടെ ദൃശ്യങ്ങള്‍ പരസ്പരം മാറിപ്പോയതാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേതാണ് ദൃശ്യങ്ങളെന്നും ചാനല്‍ തിരുത്തി.
എന്നാല്‍ ദൃശ്യങ്ങള്‍ക്കിടയില്‍ കാണിച്ച ബോര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നതും വിവാദമായി.

തുടര്‍ന്ന് ദൃശ്യങ്ങള്‍ ഏത് മെഡിക്കല്‍ കോളേജിലേതാണെന്ന് മനോരമ ന്യൂസ് പറയണമെന്നും വ്യാജ വാര്‍ത്തകള്‍ നല്‍കി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനാണ് ചാനലിന്റെ ശ്രമമെന്നും വിമര്‍ശനം ഉയര്‍ന്നു.

തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജിനെതിരെ വ്യാജവാര്‍ത്തയും ദൃശ്യങ്ങളും നല്‍കിയ മനോരമ ന്യൂസ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.

മറ്റേതോ ആശുപത്രിയിലെ വാര്‍ഡിന്റെ ദൃശ്യങ്ങള്‍ കാണിച്ച് എറണാകുളം മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ ദുരിതമനുഭവിക്കുകയാണെന്ന സ്‌തോഭജനകമായ വാര്‍ത്ത നല്‍കി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മനോരമ ശ്രമിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more