|

ആ ചടങ്ങില്‍ കെ. കവിത പങ്കെടുത്തിട്ടില്ല; എം.ബി. രാജേഷിനെതിരായ തെറ്റായ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് മനോരമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിനെതിരെയ തെറ്റായ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പ് മലയാള മനോരമ ദിനപത്രം. ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായിരുന്ന തെലങ്കാനയിയിലെ ബി.ആര്‍.എസ്. നേതാവ് കെ. കവിത എം.ബി. രാജേഷ് സ്പീക്കറായിരിക്കെ കേരള നിയമസഭയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നായിരുന്നു ഇന്നലെ മനോരമയില്‍ വന്ന വാര്‍ത്ത.

എന്നാല്‍ കെ. കവിത ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും അവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ലെന്ന് തെളിവുകള്‍ സഹിതം എം.ബി. രാജേഷ് വെളിപ്പെടുത്തിയതോടെയാണ് ഇന്ന് മനോരമ തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ചത്.

എലപ്പുള്ളി ബ്രൂവറി വിഷയവുമായി ബന്ധപ്പെട്ട് കെ. കവിതക്ക് ബന്ധമുണ്ടെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങള്‍ക്ക് ആധികാരികത നല്‍കുന്ന തരത്തിലായിരുന്നു മനോരമയിലെ വാര്‍ത്ത. എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി നേടിയ ഓയാസീസ് കമ്പനിയുമായി കെ. കവിതക്ക് ബന്ധമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

കെ. കവിതയും മന്ത്രി എം.ബി. രാജേഷും എലപ്പുള്ളി ബ്രൂവറി സംബന്ധിച്ച് ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതിന് ബലം നല്‍കുന്ന രീതിയിലായിരുന്നു മനോരമ എം.ബി. രാജേഷ് സ്പീക്കറായിരിക്കെ കെ. കവിത കേരള നിയമസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്ന വാര്‍ത്ത നല്‍കിയത്.

വാര്‍ത്തയെ ഇന്നലെ തന്നെ എം.ബി. രാജേഷ് തള്ളിയിരുന്നു. കെ. കവിത ആ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ലെന്നും ഇനി അങ്ങനെ പങ്കെടുത്തിരുന്നെങ്കില്‍ തന്നെ എന്താണ് തെറ്റ് എന്നുമായിരുന്നു മന്ത്രിയുടെ ചോദ്യം. പരിപാടിയുടെ വീഡിയോയും മറ്റു തെളിവുകളും സഹിതമാണ് കെ. കവിത പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല എന്ന് മന്ത്രി സമര്‍ത്ഥിച്ചത്.

കേരളത്തില്‍ എഥനോള്‍ പ്ലാന്റ് കൊണ്ടുവരാന്‍ കേരള നിയമസഭയുടെ സ്പീക്കറും തെലങ്കാനയിലെ ഒരു എം.എല്‍.സിയും തമ്മില്‍ ചര്‍ച്ച നടത്തി എന്നാണോ മനോരമ സങ്കല്‍പിക്കുന്നത് എന്നും മന്ത്രി എം.ബി. രാജേഷ് ചോദിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങള്‍ക്ക് ബലം നല്‍കാനാണ് മനോരമ ഇത്തരത്തില്‍ ഇല്ലാക്കഥകള്‍ സൃഷ്ടിക്കുന്നത് എന്നും മന്ത്രി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.

ദുരുദ്ദേശമൊന്നുമില്ലെങ്കില്‍ തുല്യ പ്രാധാന്യത്തോടെ മനോരമ തെറ്റായ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് മനോരമ പ്രസ്തുത വാര്‍ത്ത തെറ്റായിരുന്നു എന്ന് സമ്മദിച്ചുകൊണ്ട് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

content highlights: Manorama regrets the false news against MB Rajesh

Latest Stories