തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് എം. സ്വരാജ് എം.എല്‍.എ തുടക്കമിട്ട വാക്‌പോരില്‍ എം.എല്‍.എയ്ക്ക് വീണ്ടും മറുപടിയുമായി മനോരമ ന്യൂസ് ലേഖകന്‍ തനേഷ് തമ്പി രംഗത്ത്. ഫേസ്ബുക്കിലൂടെ തന്നെയാണ് തനേഷ് മറുപടി നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ഇനിയൊരു പ്രതികരണം ഉണ്ടാകില്ലെന്നും അദ്ദേഹം സൂചന നല്‍കി.
തന്റെ മുന്‍പ്രതികരണത്തില്‍ ആരോപണവും പരിഹാസവും ഉപദേശവുമുണ്ടെന്നഎം.എല്‍.എയുടെ പ്രസ്താവന നിഷേധിക്കുന്നില്ലെന്നും ഇത് എം.എല്‍.എയുടെ ആദ്യകുറിപ്പിന്റെ സ്വഭാവത്തുടര്‍ച്ചയായിരിക്കാമെന്നും പറഞ്ഞുകൊണ്ടാണ് “പ്രതികരണത്തോടുള്ള പ്രതികരണത്തോട് ഒരു പ്രതികരണം” എന്ന തലക്കെട്ടിലെഴുതിയ മറുപടി തനേഷ് ആരംഭിക്കുന്നത്. മാധ്യമപ്രവര്‍ത്തര്‍ക്ക് പൊലീസില്‍ നിന്നാണ് കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ ലഭിക്കുക എന്നും പൊലീസ് ചെന്നിത്തലയുടേതായാലും പിണറായിയുടേതായാലും വിശ്വാസത്തിലെടുക്കാറാണ് പതിവെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
Also Read: പിണറായി സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ഇടതു പക്ഷത്തിന് ചിതയൊരുങ്ങുന്നു: രാധാകൃഷ്ണന്‍ എം.ജി
“പൊലീസ് പറയുന്നത് ഇങ്ങനെയാണ്” എന്നുകൂടി ചേര്‍ത്തുപറഞ്ഞായിരിക്കും വാര്‍ത്ത പുറത്തുവിടുക. ഇതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയും ആ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യും. ഇതില്‍ അസ്വാഭാവികതയില്ല. അല്ലാതെ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് മോര്‍ച്ചറിയിലെത്തി കണ്ടു ബോധ്യപ്പെട്ടിട്ടല്ല വാര്‍ത്ത വരുന്നത്. പാര്‍ട്ടി മാധ്യമങ്ങളുള്‍പ്പെടെ ഈ രീതി തന്നെയാണ് പിന്തുടരുന്നതെന്ന് ചോദിച്ചറിയാവുന്നതാണെന്നും തനേഷ് പറയുന്നു.
ലിംഗഛേദന വാര്‍ത്ത എട്ട് മണിക്കൂര്‍ വൈകി അറിഞ്ഞുവെന്നാണ് ആക്ഷേപം. ദിവസങ്ങള്‍ കഴിഞ്ഞ് വാര്‍ത്തയായ സംഭവങ്ങളും നമുക്ക് മുന്നിലുണ്ടെന്നു മറക്കരുത്. കൊലപാതകികള്‍ മാധ്യമസ്ഥാപനങ്ങളെ വിളിച്ചറിയിച്ചിട്ടല്ല ഇരകളെത്തേടി പോകുന്നത്. വിവരം അറിയുന്ന നിമിഷം മുതലാണ് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയുടെ ഭാഗമാകുന്നത്. എം.എല്‍.എ പറഞ്ഞതുപോലെ ഓഫീസില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് എത്താനെടുക്കുന്ന സമയത്തിനു മുമ്പ് കൃത്യം വിവരങ്ങള്‍ ചാനലുകള്‍ പ്രേക്ഷകരിലെത്തിച്ചിരുന്നു.
In Case You Missed: ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം നാലു മുസ്‌ലീങ്ങളെ തല്ലിക്കൊന്നത് രണ്ട് ഉന്ന ഉദ്യോഗസ്ഥരും 30 പൊലീസുകാരും നോക്കിനില്‍ക്കെ: ഗുരുതര ആരോപണങ്ങളുമായി ദൃക്‌സാക്ഷികള്‍
ഒരു ചാനല്‍ മാത്രം പ്രതിയെ യുവാവായി ചിത്രീകരിച്ചു എന്ന മട്ടിലാണ് ആദ്യ പോസ്റ്റുമുതല്‍ എം.എല്‍.എ സ്വീകരിക്കുന്ന നിലപാട്. അല്ലെന്ന് ആദ്യമറുപടിയില്‍ മറ്റു ചാനലുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം താന്‍ വ്യക്തമാക്കിയിരുന്നു. ഇത് പൊലീസ് നല്‍കിയ വിവരത്തിന്റെ പ്രശ്‌നമാകാം, കേട്ടെഴുതിയ റിപ്പോര്‍ട്ടറുടെ പ്രശ്നമാകാം. എല്ലാ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും ഒരേസമയം തെറ്റായി കേള്‍ക്കുമോ എന്നത് വേറെ കാര്യം. എതായാലും രണ്ടാമത്തെ മറുപടിയില്‍ എം.എല്‍.എ ഇക്കാര്യത്തെക്കുറിച്ചു മൗനം പാലിച്ചുവെന്നും അദ്ദേഹം പറയുന്നു.
സമൂഹമാധ്യമപ്രവര്‍ത്തകര്‍ മുഖ്യധാരാ മാധ്യമങ്ങളുടെ പൊളളത്തരങ്ങള്‍ സോദോഹാരണം പൊളിച്ചടുക്കാറുണ്ട്. പരിമിതികള്‍ ഉണ്ടെങ്കിലും മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. യു.ഡി.എഫിന്റെ അഞ്ച് വര്‍ഷവും പ്രതിപക്ഷത്തിന്റെ വേഷമായിരുന്നു മാധ്യമങ്ങള്‍ക്ക്. സോളാര്‍ വിവാദം പുറത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണ്. നിങ്ങള്‍ കുറ്റപ്പെടുത്തുന്ന ചാനലിലാണ് ബിജു രമേഷ് ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരായ പ്രധാന വെളിപ്പെടുത്തല്‍ നടത്തുന്നത്. കോഴ വാങ്ങിയത് കെ.എം.മാണിയല്ലേ എന്നു ചോദിക്കാന്‍ അവതാരകയ്ക്ക് സ്ഥാപനം തടസമായില്ല.
താനും എം.എല്‍.എയും ഇട്ട പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റുകളില്‍ പലതും വിഷയമെന്തെന്നറിയാത്ത ന്യായീകരണ തൊഴിലാളികള്‍ മാത്രമാണ്. ഇവര്‍ ആര്‍.എസ്.എസ്സിനും, എസ്.ഡി.പി.ഐയ്ക്കുമെല്ലാം മുതല്‍ക്കൂട്ടാകും. ഇനി ഈ വിഷയത്തില്‍ ഈ നിലയത്തില്‍ നിന്ന് സംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല എന്ന് ഹാസ്യാത്മകമായി പറഞ്ഞുകൊണ്ടാണ് തനേഷ് തമ്പിയുടെ കുറിപ്പ് അവസാനിക്കുന്നത്.
മനോരമ ന്യൂസിന്റെ തിരുവനന്തപുരം ലേഖകനാണ് തനേഷ് തമ്പി.
തനേഷ് തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:
പ്രതികരണത്തോടുള്ള പ്രതികരണത്തോട് ഒരു പ്രതികരണം
—————————————————–
കഴിഞ്ഞ ദിവസത്തെ എന്റെ കുറിപ്പിനെ വിമര്‍ശിച്ചുകൊണ്ടുള്ള ബഹുമാനപ്പെട്ട എം.എല്‍.എയുടെ പ്രതികരണം കാണുകയുണ്ടായി.
എന്റെ കുറിപ്പില്‍ ആരോപണവും പരിഹാസവും ഉപദേശവുമുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന നിഷേധിക്കുന്നില്ല. ഇത് ബോധപൂര്‍വമല്ല. പ്രതികരണത്തിന് ആധാരമായ എം.എല്‍.എയുടെ ആദ്യകുറിപ്പിന്റെ സ്വഭാവത്തുടര്‍ച്ച ഉണ്ടായതാണ് കാരണമെന്നു കരുതുന്നു.
നാട്ടില്‍ ഒരു കൊലപാതകം നടക്കുന്നു എന്നുകരുതുക.
ആ വിവരം മാധ്യമപ്രവര്‍ത്തകര്‍ അറിയുന്നു. സ്വാഭാവികമായും പരിധിയിലുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടും. അവിടെ നിന്നു കിട്ടുന്നതുതന്നെയാണ് ആദ്യവിവരങ്ങള്‍. (പൊലീസ് പിണറായിയുടേതായാലും ചെന്നിത്തലയുടേതായാലും ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാറുണ്ട്) പൊലീസ് പറയുന്നത് ഇങ്ങനെയാണ് എന്നുകൂടി ചേര്‍ത്തുപറഞ്ഞായിരിക്കും വാര്‍ത്ത പുറത്തുവിടുക. അതിനുശേഷമുളള സമയത്ത് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നു.
ആ വിവരങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ഇതില്‍ അസ്വാഭാവികതയില്ല. അല്ലാതെ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് മോര്‍ച്ചറിയിലെത്തി കണ്ടു ബോധ്യപ്പെട്ടിട്ടല്ല വാര്‍ത്ത വരുന്നത്. പാര്‍ട്ടി മാധ്യമങ്ങളുള്‍പ്പെടെ ഈ രീതി തന്നെയാണ് പിന്തുടരുന്നതെന്ന് ചോദിച്ചറിയാവുന്നതാണ്.
ഇവിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലിംഗം യുവതി ഛേദിച്ചിരിക്കുന്നു. വിവിധ സോഴ്സുകളിലൂടെ വാര്‍ത്ത ഉറപ്പാക്കുന്നു, പൊലീസ് സ്ഥിരീകരിക്കുന്നു.
എട്ടുമണിക്കൂര്‍ വൈകി അറിഞ്ഞു എന്നുള്ളതാണ് ഒരു ആക്ഷേപം. ദിവസങ്ങള്‍ കഴിഞ്ഞ് വാര്‍ത്തയായ സംഭവങ്ങളും നമുക്ക് മുന്നിലുണ്ടെന്നു മറക്കരുത്. കൊലപാതകികള്‍ മാധ്യമസ്ഥാപനങ്ങളെ വിളിച്ചറിയിച്ചിട്ടല്ല ഇരകളെത്തേടി പോകുന്നത്. വിവരം അറിയുന്ന നിമിഷം മുതലാണ് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയുടെ ഭാഗമാകുന്നത്. എം.എല്‍.എ പറഞ്ഞതുപോലെ ഓഫീസില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് എത്താനെടുക്കുന്ന സമയത്തിനു മുമ്പ് കൃത്യം വിവരങ്ങള്‍ ചാനലുകള്‍ പ്രേക്ഷകരിലെത്തിച്ചിരുന്നു.
ഒരു ചാനല്‍ മാത്രം പ്രതിയെ യുവാവായി ചിത്രീകരിച്ചു എന്ന മട്ടിലാണ് ആദ്യ പോസ്റ്റുമുതല്‍ എം.എല്‍.എ സ്വീകരിക്കുന്ന നിലപാട്. അല്ലെന്ന് ആദ്യമറുപടിയില്‍ മറ്റു ചാനലുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം വ്യക്തമാക്കിയിരുന്നു. അങ്ങിനെ സംഭവിച്ചതിനുകാരണം പൊലീസ് നല്‍കിയ വിവരത്തിന്റെ പ്രശ്നമാകാം, അല്ലെങ്കില്‍ കേട്ടെഴുതിയ റിപ്പോര്‍ട്ടറുടെ പ്രശ്നമാകാം. എല്ലാ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും ഒരേസമയം തെറ്റായി കേള്‍ക്കുമോ എന്നത് വേറെ കാര്യം.
എതായാലും രണ്ടാമത്തെ മറുപടിയില്‍ എം.എല്‍.എ ഇക്കാര്യത്തെക്കുറിച്ചു മൗനം പാലിച്ചു.
ഇനി മാധ്യമങ്ങളെക്കുറിച്ച്. സമൂഹമാധ്യമങ്ങളുടെ കാലത്ത് ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങളും മുന്നോട്ടുപോകുന്നത്. തിരുത്തലിനുളള സ്വരം പുറത്തുനിന്നുള്ളതില്‍ കൂടുതല്‍ ഉയരുന്നത് അകത്തുനിന്നാണെന്നും ഉറപ്പിച്ചു പറയാന്‍ കഴിയും.
പല സി.പി.എം അനുഭാവികളായ സമൂഹമാധ്യമപ്രവര്‍ത്തകരും മുഖ്യധാരാ മാധ്യമങ്ങളുടെ പൊളളത്തരങ്ങള്‍ സോദോഹാരണം പൊളിച്ചടുക്കാറുണ്ട്. അത് സ്വയംവിമര്‍ശനപരമായി ഉള്‍ക്കൊള്ളാറുമുണ്ട്. പരിമിതികള്‍ ഏറെയുണ്ടെങ്കിലും മാധ്യമങ്ങളെ അടച്ച് ആക്ഷേപിക്കുന്ന ശൈലിയെ വിവേകമുള്ളവര്‍ പിന്തുണക്കുമെന്നു കരുതുന്നില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷവും പ്രതിപക്ഷത്തിന്റെ വേഷം തന്നെയായിരുന്നു മാധ്യമങ്ങള്‍ക്ക്. യു.ഡി.എഫിനെതിരെ ഒരു എല്‍.ഡി.എഫ് നേതാവും അഴിമതിയാരോപണങ്ങള്‍ കൊണ്ടുവന്നിട്ടില്ല. എല്ലാം മാധ്യമങ്ങളാണ് കൊണ്ടുവന്നതെന്ന് സമ്മതിക്കുമോ എന്നറിയില്ല. ഒരു ലക്ഷം പേരെ അണിനിരത്തി നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഓര്‍മ്മയുണ്ടാകുമല്ലോ.
സോളാര്‍ വിവാദം സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്നത് മാധ്യമങ്ങളായിരുന്നു. നിങ്ങള്‍ കുറ്റപ്പെടുത്തുന്ന ചാനലിലാണ് ബിജു രമേഷ് ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് കെ.എം.മാണിക്കെതിരായ പ്രധാന വെളിപ്പെടുത്തല്‍ നടത്തുന്നത്. കോഴ വാങ്ങിയത് കെ.എം.മാണിയല്ലേ എന്നു ചോദിക്കാന്‍ അവതാരികക്ക് സ്ഥാപനം തടസമായില്ലല്ലോ.
അവസാനമായി ഒരുകാര്യം കൂടി. നമ്മളിട്ട പോസ്റ്റുകള്‍ക്കടിയില്‍ വെട്ടുക്കിളിക്കൂട്ടം പോലെ കമന്റുന്നവരുണ്ടല്ലോ.
ക്രിയാത്മക വിമര്‍ശനങ്ങളെയല്ല ഉദ്ദേശിക്കുന്നത്. സഹിഷ്ണുതയും മര്യാദയും ജീവിതത്തിന്റെ അരികുകളില്‍പോലും പോയിട്ടില്ലാത്ത കുറച്ചധികം പേര്‍. എന്താണ് സംഭവിക്കുന്നതെന്നോ, എന്തിനെക്കുറിച്ചാണ് ചര്‍ച്ചയെന്നോ അറിയാത്തവര്‍. അവരുടേതൊന്നും കമ്യൂണിസ്റ്റുകാരുടെ ഭാഷയല്ല. ആ ന്യായീകരണത്തൊഴിലാളികള്‍ ഇന്നല്ലെങ്കില്‍ നാളെ ആര്‍.എസ്.എസിനും എസ്.ഡി.പി.ഐക്കുമെല്ലാം മുതല്‍ക്കൂട്ടാകും.
:D ഇനി ഈ വിഷയത്തില്‍ ഈ നിലയത്തില്‍ നിന്ന് സംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല.